നാഗ്പൂരില്‍നിന്ന് പറന്ന് ലോകം കാണൂ; പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്

ന്യൂഡല്‍ഹി: നാഗ്പൂരില്‍നിന്നുള്ള തങ്ങളുടെ വിമാന സര്‍വീസുകളിലൂടെ ലോകം കാണൂ എന്ന പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഹോം സ്‌ക്രീനിലാണ് കമ്പനി നാഗ്പൂരില്‍നിന്നുള്ള സര്‍വീസുകളുടെ പരസ്യം നല്‍കിയിരിക്കുന്നത്.
ദോഹയിലെ ഹമദ് അന്താരാഷ്ട്രത്താവളം വഴി ലോകത്തിലെ 140-ല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് പരസ്യത്തിലുള്ളത്. ഖത്തര്‍ എയര്‍വേയ്‌സിലെ ആഢംബരയാത്ര എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.
നേരത്തെ ബി.ജെ.പി. നേതാക്കളുടെ പ്രവാചകനെതിരായ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഖത്തറുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി ഖത്തര്‍ എയര്‍വെയ്‌സ് ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് ട്വിറ്ററില്‍ ഉള്‍പ്പടെ ക്യാംപെയിന്‍ നടക്കുന്നതിനിടെയാണ് ഈ പരസ്യവുമായി ഖത്തര്‍ എയര്‍വെയ്‌സ് രംഗത്തെത്തിയത്.
Content Highlights: fly from Nagpur to see the world Qatar airways advertisement