ചരിത്രത്തിലാദ്യം; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്ട്രത്തിൽ ലോക്ഡൗൺ

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്ട്രങ്ങളിലൊന്നിൽ ലോക്ഡൗൺ. കിരിബത്തി എന്ന ദ്വീപിലാണ് ചരിത്രത്തിലെ ആദ്യത്തെ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ ഫിജിയിൽ നിന്ന് ദ്വീപിലെത്തിയ ആദ്യ അന്താരാഷ്ട്ര വിമാനത്തിലെ 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടർന്നാണ് കിരിബാത്തി സർക്കാർ ഈ തീരുമാനമെടുത്തത്.
ചൊവ്വാഴ്ചയാണ് കിരിബത്തിയിലെത്തിയ വിമാനത്തിലെ 54 യാത്രക്കാരിൽ 36 പേർക്ക് വൈറസ് പോസിറ്റീവ് ആണെന്ന് കിരിബാതി സർക്കാർ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച വരെ, കിരിബത്തിയിൽ രണ്ട് വൈറസ് കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ലോകത്തിലെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നായതിനാൽ ഇതുവരെ കൊവിഡ് രഹിതമായിരുന്നു ദ്വീപ്. പകർച്ചവ്യാധി ആരംഭിച്ചതുമുതൽ ഒരിക്കലും ലോക്ഡൗൺ പോലുള്ള ഒരവസ്ഥയിലേക്കും രാജ്യം കടന്നിരുന്നില്ല.
എല്ലാ യാത്രക്കാരും നിലവിൽ നിരീക്ഷണത്തിലാണെന്ന് സർക്കാർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. എല്ലാവരും പൂർണമായും വാക്സിൻ സ്വീകരിച്ചതാണെന്നും പോസ്റ്റിൽ പറയുന്നു.
അവശ്യ സേവനങ്ങൾക്കല്ലാതെ താമസക്കാരെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല എന്നാണ് ലോക്ഡൗൺ കൊണ്ട് അർത്ഥമാക്കുന്നത്. ആളുകൾക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ രാവിലെ ആറിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിൽ മാത്രമേ കഴിയൂ.
"സമ്പൂർണ വാക്സിനേഷനിലൂടെയാണ് ഈ വൈറസിനെതിരെ പോരാടാനുള്ള ഒരേയൊരു മാർഗ്ഗം. തങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി പൊതുജനങ്ങൾ അവരുടെ വാക്സിനേഷൻ ഡോസുകൾ പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു." പ്രസിഡന്റ് ടനേറ്റി മാമൗ ഫെയ്സ്ബുക്കിൽ കുറിച്ചു.
സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യ പസഫിക് സമുദ്രത്തിലെ മനോഹരമായ ഒരു ദ്വീപ് രാഷ്ട്രമാണ് കിരിബത്തി. കിരിബത്തിയിലെ 33 ദ്വീപുകളിൽ, 21 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗിൽബെർട്ട് ദ്വീപുകൾ, ഫീനിക്സ് ദ്വീപുകൾ, ലൈൻ ദ്വീപുകൾ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു. ഏകദേശം 120,000 ആളുകൾ താമസിക്കുന്ന ഈ രാജ്യം തെങ്ങിൻ തോപ്പുകൾക്കും മത്സ്യ ഫാമുകൾക്കും പേരുകേട്ടതാണ്.
Content Highlights: first ever COVID lockdown in Remote island nation of Kiribati, travel news malayalam
Content Highlights: