സഞ്ചാരികളെ ആകർഷിക്കാൻ സൗജന്യ മെഡിക്കൽ ഇൻഷുറൻസ്, ഒപ്പം ചേർന്ന് ഈ എയർവേയ്‌സുകളും

#Travel Desk
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ദുബായ്: പ്രാദേശിക യുദ്ധസാഹചര്യങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കുശേഷം യു.എ.ഇ.യിലെ വിനോദസഞ്ചാര മേഖല വലിയൊരു തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിമാനക്കമ്പനികൾ പുതിയ ഇൻഷുറൻസ് പദ്ധതികളുമായി രംഗത്തെത്തി.

ഇത്തിഹാദ് എയർവേയ്‌സ്, അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പുമായിച്ചേർന്ന് സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. അടുത്തമാസം മുതൽ ഡിസംബർ വരെ യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇത്തിഹാദ് എയർവേയ്‌സിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഈ ഇൻഷുറൻസ് പരിരക്ഷ തനിയെ ലഭിക്കും. യു.എ.ഇ. സന്ദർശിക്കുന്നവർക്ക് 15 ദിവസത്തെ മെഡിക്കൽ പരിരക്ഷയാണ് ലഭിക്കുക. എമിറേറ്റ്‌സ് എയർലൈൻസും സമാനമായ രീതിയിൽ യാത്രാ പ്രോത്സാഹനങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്.

ടൂറിസം മേഖലയുടെ തിരിച്ചുവരവ്

ഈ വർഷം ആദ്യമുണ്ടായ യുദ്ധം മേഖലയിലെ വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു. എമിറേറ്റ്‌സിന് ഏകദേശം 700 മില്യൺ ഡോളറും ഇത്തിഹാദിന് ഒരു ബില്യൺ ഡോളറും നഷ്ടമായി. എന്നാൽ സമാധാന കരാറുകൾ യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖല വേഗത്തിൽ പഴയ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഞ്ചാരികൾ ഇപ്പോൾ യാത്രയ്ക്ക് രണ്ടാഴ്ച മുൻപ് മാത്രം ബുക്ക് ചെയ്യുന്ന രീതിയാണ് കൂടുതലായും കണ്ടുവരുന്നത്. യാത്രാ തടസ്സങ്ങൾ, അപ്രതീക്ഷിത മാറ്റങ്ങൾ, മെഡിക്കൽ എമർജൻസികൾ എന്നിവയെക്കുറിച്ച് സഞ്ചാരികൾക്ക് ആശങ്കയുള്ളതിനാൽ, അത്തരം ഘടകങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഇൻഷുറൻസ് സേവനങ്ങൾക്കായി വിമാനക്കമ്പനികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സൗജന്യ ഇൻഷുറൻസ് ലഭിക്കുമെങ്കിലും ഇതിന്റെ പരിധി സംബന്ധിച്ച് യാത്രക്കാർക്ക് കൃത്യമായ ധാരണ വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
  • പ്രീ-എക്സിസ്റ്റിങ് കണ്ടീഷനുകൾ: നിലവിലുള്ള അസുഖങ്ങൾക്കോ ദൈനംദിന ചികിത്സകൾക്കോ ഇൻഷുറൻസ് പരിരക്ഷ നൽകില്ലെന്ന് ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ കൂടുതൽ പരിരക്ഷയുള്ള മറ്റ് ഇൻഷുറൻസ് പോളിസികൾ കൂടി എടുക്കുന്നതാണ് ഉചിതമെന്ന് ഇൻഷുറൻസ് ബ്രോക്കർമാർ നിർദേശിക്കുന്നു.
  • യാത്രാ മാർഗ നിർദേശങ്ങൾ: പല ഇൻഷുറൻസ് കമ്പനികളും യുദ്ധസാഹചര്യമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ കവറേജ് നിഷേധിക്കാറുണ്ട്. അതിനാൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് പോളിസി രേഖകൾ കൃത്യമായി പരിശോധിക്കണം.

Content Highlights: Etihad Airways introduces free 15-day medical travel insurance for UAE visitors., The initiative aims to boost tourism recovery following regional conflict impacts., Insurance covers medical emergencies but excludes pre-existing conditions like diabetes or hypertension., Travelers are advised to review policy documents for coverage limitations in conflict-prone regions., Emirates airline is expected to follow with similar travel incentives.