യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

വിമാന യാത്രാ ടിക്കറ്റ് റീഫണ്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കാനോ യാത്രാ തീയതി മാറ്റാനോ ഇനി യാത്രക്കാർക്ക് കഴിയും.
ഇതിന് യാതൊരു അധിക ചാർജും ഈടാക്കില്ല. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളിൽ പേരിൽ തെറ്റ് സംഭവിച്ചാൽ, വിമാന ടിക്കറ്റ് എയർലൈനിന്റെ വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്തതെങ്കിൽ തിരുത്തലുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്നും ഡിജിസിഎ അറിയിച്ചു.
"ട്രാവൽ ഏജന്റ്/പോർട്ടൽ വഴി ടിക്കറ്റ് വാങ്ങിയാൽ, റീഫണ്ടിന്റെ ബാധ്യത എയർലൈൻസിനായിരിക്കും. കാരണം ഏജന്റുമാർ അവരുടെ പ്രതിനിധികളാണ്. റീഫണ്ട് പ്രക്രിയ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എയർലൈൻസ് ഉറപ്പാക്കണം,"ഡിജിസിഎ വ്യക്തമാക്കി. കൂടാതെ, യാത്രക്കാർക്ക് ഉണ്ടാകുന്ന മെഡിക്കൽ എമർജൻസികൾ കാരണം ടിക്കറ്റുകൾ റദ്ദാക്കുന്നതിനുള്ള ചട്ടങ്ങളിലും മാറ്റങ്ങളുണ്ട്.
സമയബന്ധിതമായി റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ച് യാത്രക്കാരിൽനിന്ന് ലഭിക്കുന്ന വർധിച്ചുവരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 2025 ഡിസംബറിലെ ഇൻഡിഗോ വിമാന തടസ്സങ്ങളുടെ സമയത്തും ടിക്കറ്റ് റീഫണ്ട് പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നിശ്ചിത സമയപരിധിക്കുള്ളിൽ റീഫണ്ട് പൂർത്തിയാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനിക്ക് നിർദേശം നൽകിയിരുന്നു.
മാറ്റങ്ങൾ ഇതാ
ഇനിമുതൽ, ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂർ നേരത്തേക്ക് യാത്രക്കാർക്ക് 'ലുക്ക്-ഇൻ ഓപ്ഷൻ' നൽകണമെന്ന് വിമാനക്കമ്പനികളോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ ടിക്കറ്റ് മാറ്റാൻ ആവശ്യമായ പുതിയ ടിക്കറ്റിന്റെ സാധാരണ നിരക്ക് ഒഴികെ, യാതൊരു അധിക ചാർജും നൽകാതെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയും.
ടിക്കറ്റ് നേരിട്ട് എയർലൈൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ, ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുന്ന ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങൾക്കും ഈ സൗകര്യം ലഭ്യമായിരിക്കില്ല," ഡിജിസിഎ കൂട്ടിച്ചേർത്തു.
ആദ്യ ബുക്കിങ് സമയം കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം ഈ ഓപ്ഷൻ ലഭ്യമായിരിക്കില്ല. കൂടാതെ ടിക്കറ്റിൽ മാറ്റം വരുത്തുന്നതിന് നിലവിലുള്ള റദ്ദാക്കൽ ഫീസ് നൽകേണ്ടി വരും. എയർലൈൻ വെബ്സൈറ്റ് വഴി ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യുമ്പോൾ, ബുക്ക് ചെയ്തതിന് ശേഷം 24 മണിക്കൂറിനുള്ളിൽ യാത്രക്കാർ തന്നെ പേരിൽ തെറ്റ് സംഭവിച്ചത് ശ്രദ്ധയിൽപ്പെടുത്തിയാൽ, തിരുത്തലുകൾക്ക് അധിക ചാർജ് ഈടാക്കരുതെന്ന് വിമാനക്കമ്പനികളോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു.
ഡിജിസിഎയുടെ അഭിപ്രായത്തിൽ, മെഡിക്കൽ എമർജൻസി കാരണം ടിക്കറ്റ് റദ്ദാക്കുന്ന സാഹചര്യങ്ങളിൽ യാത്രക്കാരനോ അതേ PNR-ൽ ലിസ്റ്റ് ചെയ്തിട്ടുള്ള കുടുംബാംഗമോ യാത്രയുടെ കാലയളവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയാണെങ്കിൽ, വിമാനക്കമ്പനികൾക്ക് റീഫണ്ടോ ക്രെഡിറ്റ് ഷെല്ലോ നൽകാം. മറ്റെല്ലാ സാഹചര്യങ്ങളിലും, വിമാനക്കമ്പനിയുടെ എയ്‌റോസ്‌പേസ് മെഡിസിൻ സ്പെഷ്യലിസ്റ്റിൽ നിന്നോ ഡിജിസിഎ എംപാനൽ ചെയ്ത എയ്‌റോസ്‌പേസ് മെഡിസിൻ സ്പെഷ്യലിസ്റ്റിൽ നിന്നോ യാത്ര ചെയ്യാൻ യോഗ്യനാണെന്ന സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം റീഫണ്ടുകൾ നൽകും.
ഷെഡ്യൂൾ ചെയ്ത വിമാനക്കമ്പനികൾക്ക് മൊത്തം 29,212 പരാതികളാണ് 2025 ഡിസംബറിൽ ലഭിച്ചത്. അതിൽ 7.5 ശതമാനവും റീഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു. ഡിജിസിഎയുടെ കണക്കനുസരിച്ച്, ആ മാസം രാജ്യത്തെ വിമാനങ്ങൾ 1.43 കോടിയിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു. 2025-ൽ ആകെ രാജ്യത്തെ വിമാനങ്ങൾ 16.69 കോടിയിലധികം യാത്രക്കാരെയാണ് വഹിച്ചത്.
Content Highlights: Cancel or change flights within 48 hours of booking without any additional charges., Correct your name on the ticket for free within 24 hours of booking., Airlines must process refunds within 14 working days, even for tickets bought via agents., New provisions are available for cancellations due to medical emergencies.