ഡോക്ടർമാർ വിധിച്ചത് 6 മാസം ആയുസ്സ്; 16 പാസ്‌പോർട്ടുകളുമായി 257 രാജ്യങ്ങൾ സന്ദർശിച്ച് ബെന്നി പ്രസാദ്!

#Travel desk
ബെന്നി പ്രസാദ്| Photo: Instgram/@bennyprasad
ബെന്നി പ്രസാദ്| Photo: Instgram/@bennyprasad

കൗമാരക്കാരനായിരിക്കെ മാരകമായ രോഗാവസ്ഥകളോടും ആത്മഹത്യാ ചിന്തകളോടും പോരാടിയ ബംഗളൂരു സ്വദേശി ഇന്ന് ലോകത്തെയാകെ അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവും വേഗത്തിൽ ലോകത്തിലെ എല്ലാ പരമാധികാര രാജ്യങ്ങളും സന്ദർശിച്ച വ്യക്തിയെന്ന റെക്കോർഡുമായി വാർത്തകളിൽ നിറയുന്ന സംഗീതജ്ഞൻ ബെന്നി പ്രസാദ് തന്റെ  അവിശ്വസനീയമായ ജീവിതയാത്രയെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ്സുതുറക്കുന്നുണ്ട്.

257 രാജ്യങ്ങളിൽ ഇതിനോടകം യാത്രചെയ്തുകഴിഞ്ഞു. വിസകളും ഇമിഗ്രേഷൻ സ്റ്റാമ്പുകളും നിറഞ്ഞ 16 ഇന്ത്യൻ പാസ്‌പോർട്ടുകളാണ് ഇതുവരെ അദ്ദേഹത്തിനുള്ളത്. ആറ് വർഷവും ആറ് മാസവും 22 ദിവസവും കൊണ്ട് ലോകത്തെ എല്ലാ പരമാധികാര-ആശ്രിത രാജ്യങ്ങളും സന്ദർശിച്ച് അദ്ദേഹം 2010-ൽ നേടിയ ലോകറെക്കോർഡ് മറ്റാരും ഇതുവരെ തിരുത്തിയിട്ടില്ല. 

ബാല്യകാലത്ത് നേരിട്ട കഠിനമായ ആസ്ത്മയും അതിനായി കഴിക്കേണ്ടി വന്ന ഉയർന്ന അളവിലുള്ള സ്റ്റിറോയിഡുകളും ബെന്നിയുടെ ശ്വാസകോശത്തിന്റെ 60 ശതമാനത്തെയും ബാധിച്ചിരുന്നു. ഇത് പിന്നീട് റൂമറ്റോയ്ഡ് ആർത്രൈറ്റിസിനും കാരണമായി. പഠനത്തിൽ പിന്നിലായതോടെ 16-ാം വയസ്സിൽ കടുത്ത വിഷാദരോഗത്തിലാവുകയും ജീവിതം അവസാനിപ്പിക്കാൻ പോലും ചിന്തിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 

‘ഡോക്ടർമാർ എനിക്ക് ആറുമാസത്തെ ആയുസ്സാണ് പ്രവചിച്ചത്. സ്കൂളിൽ നിന്ന് പുറത്തായതോടെ ഭാവിയില്ലെന്ന് തോന്നി. ജീവിതത്തിന് ലക്ഷ്യബോധമില്ലെന്ന് തോന്നി. ഞാൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു’-  ബെന്നി പ്രസാദ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഓർത്തെടുത്തു.

എന്നാൽ, ക്രിസ്ത്യൻ യൂത്ത് ക്യാമ്പിൽ വെച്ചുണ്ടായ അനുഭവമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. 19-ാം വയസ്സിൽ ഗിറ്റാർ കൈയിലെടുത്ത അദ്ദേഹം 1998-ൽ ശ്രീലങ്കയിൽ ഒരു സംഗീത പരിപാടിക്കായി പോയപ്പോഴാണ് ആദ്യമായി വിമാനത്തിൽ കയറുന്നത്. പിന്നീട് ലോകം മുഴുവൻ സഞ്ചരിച്ച് തന്റെ സംഗീതത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ആളുകളിൽ പ്രത്യാശ പകരുക എന്നതായി ലക്ഷ്യം. റെക്കോർഡുകൾ സ്വന്തമാക്കുക എന്നത് ഒരിക്കലും തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

യാത്ര ചെയ്യാൻ വലിയ തുകയല്ല, മറിച്ച് കൃത്യമായ ആസൂത്രണമാണ് വേണ്ടതെന്ന് ബെന്നി സ്വന്തം അനുഭവത്തിലൂടെ പറയുന്നു. പല രാജ്യങ്ങളിലും ഫേസ്ബുക്ക് വഴി അപരിചിതരായ മനുഷ്യരെ ബന്ധപ്പെടുകയും അവർ അദ്ദേഹത്തിന് താമസസൗകര്യമൊരുക്കി തുണയാകുകയും ചെയ്തു.  ‘അൺതിങ്കബിൾ’ എന്ന പുസ്തകത്തിലൂടെ ജീവിതാനുഭവങ്ങൾ അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്.

അമേരിക്ക, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കാൻ അവസരമുണ്ടായിട്ടും ഇന്ത്യയിൽ തന്നെ തുടരാനായിരുന്നു ബെന്നിയുടെ തീരുമാനം. ഓരോ സംസ്ഥാനവും വ്യത്യസ്തമാണെന്നും ഒരു രാജ്യത്തിനുള്ളിൽ തന്നെ ഒരു ഭൂഖണ്ഡത്തിലൂടെ സഞ്ചരിക്കുന്നത് പോലെയാണെന്നുമുള്ള സഞ്ചാരികളുടെ ഇന്ത്യയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടാണ് ബെന്നിക്കുമുളളത്. എങ്കിലും ചില കാര്യങ്ങളിൽ രാജ്യം ഇനിയും മുന്നേറാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Defying a terminal medical prognosis and teen depression, Bengaluru-born musician Benny Prasad went on to set an unbroken world record by traveling to 257 countries in just over six years, using meticulous planning and the hospitality of strangers rather than massive wealth.