ഒന്നാം വാര്ഷിക നിറവില് അബുദാബി 'ബാപ്സ് ' ഹിന്ദു ക്ഷേത്രം; ഒരുവര്ഷം 22 ലക്ഷം സന്ദര്ശകര്

അബുദാബി: മധ്യപൂര്വദേശത്തെ ഏറ്റവുംവലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ 'ബാപ്സ്' ഹിന്ദു ക്ഷേത്രം തുറന്നിട്ട് ഒരു വര്ഷം പൂര്ത്തിയായി. കഴിഞ്ഞവര്ഷം ഫെബ്രുവരി 14-നാണ് മഹന്ത് സ്വാമി മഹാരാജും ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്ന്ന് അല് മുറൈഖയില് 'ബാപ്സ്' ഹിന്ദുക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
ഒന്നാം വാര്ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഈ മാസം മൂന്നിന് നടന്ന പഥോത്സവില് 10,000 ആളുകള് പങ്കെടുത്തിരുന്നു. പ്രത്യേക പ്രാര്ഥനകളിലൂടെയും സാംസ്കാരിക പ്രകടനങ്ങളിലൂടെയും പഥോത്സവ് ചടങ്ങുകള് ശ്രദ്ധേയമായി.
പുരാതന വാസ്തുവിദ്യയും ആധുനിക ശാസ്ത്രസാങ്കേതികവിദ്യയും സമന്വയിക്കുന്ന ക്ഷേത്രം കാണാന് ഒരുവര്ഷത്തിനിടെ 22 ലക്ഷത്തിലേറേ സന്ദര്ശകരെത്തി.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ ആത്മീയ, സാംസ്കാരിക പ്രവര്ത്തനങ്ങളുടെ പ്രധാനകേന്ദ്രമായി ക്ഷേത്രം മാറിക്കഴിഞ്ഞു. വിവാഹങ്ങള് ഉള്പ്പടെയുള്ള മതപരമായ ചടങ്ങുകള്ക്ക് മികച്ച സൗകര്യങ്ങള് ഇവിടെയുണ്ട്.
ആയിരത്തോളം ഹിന്ദുമതച്ചടങ്ങുകള്ക്കും 35-ലേറെ സാമൂഹിക പരിപാടികള്ക്കും 20 വിവാഹങ്ങള്ക്കും ക്ഷേത്രംവേദിയായി. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരിക പൈതൃകത്തിന്റെ നേര്ക്കാഴ്ചയാണ് ക്ഷേത്രം സന്ദര്ശകര്ക്ക് വാഗ്ദാനംചെയ്യുന്നത്.
സാമൂഹിക ഐക്യം വര്ധിപ്പിക്കുന്നതിനും സാംസ്കാരിക ധാരണയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലും ക്ഷേത്രം മികച്ച ഇടപെടലുകള് നടത്തുന്നുണ്ട്.
മെന മേഖലയിലെയും യു.എ.ഇ.യിലെയും കഴിഞ്ഞവര്ഷത്തെ ഏറ്റവും മികച്ച സാംസ്കാരിക പദ്ധതിയായി അബുദാബി ഹിന്ദു ക്ഷേത്രത്തെ തിരഞ്ഞെടുത്തിരുന്നു. എന്ജിനിയറിങ്, നവീകരണം, സുസ്ഥിരത എന്നിവയിലെ മികവിനാണ് പുരസ്കാരം ലഭിച്ചത്. 'ദ ഡേ ഓഫ് ഗ്രാറ്റിറ്റിയൂഡ്' എന്ന പരിപാടിയോടെ ഞായറാഴ്ച ഒന്നാം വാര്ഷിക ആഘോഷങ്ങള്ക്ക് സമാപനമാകും. യു.എ.ഇ.യില്നിന്നും പുറത്തുനിന്നുമുള്ള ഒട്ടേറെ ആളുകള് വാര്ഷിക ആഘോഷങ്ങളില് പങ്കെടുക്കാനായി എത്തുന്നുണ്ട്.
Content Highlights: baps hindu mandir abu dhabi celebrates first anniversary