'ഇന്ത്യയെന്ന രാജ്യം എല്ലാ ദിവസവും എന്നെ അദ്ഭുതപ്പെടുത്തുന്നു'-വീഡിയോ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ യുവാവ്

ഇന്ത്യയിലേക്ക് വിനോദസഞ്ചാരത്തിനെത്തുന്ന വിദേശികൾ ഇവിടുത്തെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതില്‍ ഇന്ത്യയെ കുറിച്ചുള്ള നല്ല കാര്യങ്ങളും മോശം വശങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ സാഹസികതയെ കുറിച്ച് സംസാരിക്കുകയാണ് ഓസ്ട്രേലിയയില്‍ നിന്നെത്തിയ വിനോദസഞ്ചാരി ഡങ്കന്‍ മക്‌നോട്ട്. ട്രാക്ടര്‍ ട്രോളി യാത്ര ആസ്വദിക്കുന്ന വീഡിയോയാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഇന്ത്യയെന്ന രാജ്യം എല്ലാ ദിവസവും തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും സാഹസികത ഇഷ്ടമാണെങ്കില്‍ ഇന്ത്യയില്‍ പോകണമെന്നും വീഡിയോയില്‍ പറയുന്നു. ഇന്ത്യയിലാണെങ്കില്‍ നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ആ അനിശ്ചിതത്വമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഡങ്കന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രാക്ടറിന്റെ ട്രോളിയില്‍ ഇരുന്ന് ആവേശത്തോടെ ക്യാമറയെ നോക്കി സംസാരിക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം.
'ഇതെല്ലാംകൊണ്ടാണ് ഇന്ത്യ എന്റെ പ്രിയപ്പെട്ട രാജ്യമായത്. നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. ഒരുപക്ഷേ നിങ്ങള്‍ ഒരു മരുഭൂമിയിലൂടെ ട്രാക്ടറില്‍ യാത്ര ചെയ്യുകയായിരിക്കാം. ഈ രാജ്യം എല്ലാ ദിവസവും എന്നെ അദ്ഭുതപ്പെടുത്തുന്നു. നിങ്ങള്‍ സാഹസികത ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ സന്ദര്‍ശിക്കണം.'-വീഡിയോയില്‍ പറയുന്നു. '
ഇതിന് താഴെ ഒട്ടേറെപ്പേരാണ് സ്നേഹത്തോടേയും അല്‍പം നര്‍മം കലര്‍ത്തിയും കമന്റ് ചെയ്തത്. 'എന്റെ സ്വന്തം രാജ്യത്ത് എന്നെക്കാള്‍ കൂടുതല്‍ ആസ്വദിക്കുന്നത് ഈ ബ്രോയാണ്' എന്നാണ് ഒരാളുടെ പ്രതികരണം. 'ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുക്കുന്നതാണ് നല്ലത്' എന്നായിരുന്നു മറ്റൊരു കമന്റ്. 'നിങ്ങള്‍ ഇന്ത്യയെ ആഴത്തില്‍ മനസിലാക്കുന്നുണ്ട്', 'എന്താണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്ന് ഇപ്പോള്‍ ബ്രോയ്ക്ക് മനസ്സിലായി' തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
Content Highlights: australian traveller calls india his favourite country after hitchhiking on a tractor