ധര്‍മപുത്രര്‍ ഉടലോടെ സ്വര്‍ഗം പൂകിയ സ്വര്‍ഗാരോഹിണി

By: എഴുത്ത് - അശോകന്‍ തമ്പാന്‍ കെ. / ചിത്രങ്ങള്‍ - ബിജിലാല്‍
ധര്‍മപുത്രര്‍ മഹാപ്രസ്ഥാനത്തിനു തീരുമാനിച്ചു. യുയുത്സുവിനെ വരുത്തി രാജ്യഭാരം ഏല്പിക്കുകയും പരീക്ഷിത്തിനെ ഹസ്തിനപുരത്തും വജ്രനെ ഇന്ദ്രപ്രസ്ഥത്തിലും അഭിഷേകം ചെയ്യുകയും ചെയ്തു. പിന്നെ മരിച്ചുപോയവര്‍ക്കെല്ലാം യഥാവിധി ശ്രാദ്ധകര്‍മങ്ങള്‍ അനുഷ്ഠിച്ച്, പ്രജകളെ വരുത്തി തന്റെ ഇംഗിതം അറിയിച്ചു. എതിര്‍പ്പുകളും പരിദേവനങ്ങളും അവഗണിച്ച്, ദേഹാലങ്കാരങ്ങള്‍ ഉപേക്ഷിച്ച്, വല്കലം ധരിച്ച് സഹോദരന്മാരുടെയും പ്രേയസിയായ കൃഷ്ണയുടെയും കൂടെ യാത്ര ആരംഭിച്ചു. യാത്രാവേളയില്‍ കൂടെവന്ന ഒരു ശ്വാനനെയും കൂട്ടി അവര്‍ ഏഴുപേര്‍ പടിഞ്ഞാറേ ദിക്കിലൂടെ പ്രയാണം ആരംഭിച്ച് കടലില്‍ മുങ്ങിയ ദ്വാരക ദര്‍ശിച്ചു. പിന്നെ നേരേ വടക്കോട്ട് യാത്രതിരിച്ച് ഹിമാലയ പര്‍വതത്തെയും കണ്ടുവണങ്ങി. പിന്നീട് മണലാരണ്യത്തിലൂടെ യാത്ര തുടര്‍ന്ന്, മഹാമേരുവിനെയും ദര്‍ശിച്ച് മുന്നോട്ടുനീങ്ങി. പിന്നീടുള്ള യാത്രയില്‍ ദ്രൗപദി തളര്‍ന്നുവീണു.
ഒന്നിനുപിറകെ ഒന്നായി നാലു പാണ്ഡവര്‍ക്കും കൃഷ്ണയുടെ ഗതിതന്നെ നേരിട്ടു. ആര്‍ക്ക്, എന്താണ് വിധിച്ചത്, അതിനുള്ള ഫലം അവന്‍തന്നെ ഏല്‍ക്കണം എന്നും കല്പിച്ച് കൂസലില്ലാതെ നായയോടൊപ്പം ധര്‍മപുത്രര്‍ യാത്ര തുടര്‍ന്നു. ഈ സന്ദര്‍ഭത്തില്‍ പെരുമ്പറകളോടും കൊടിതോരണങ്ങളോടുംകൂടി മാതലി തെളിച്ച രത്‌നഖചിതമായ തേരില്‍ ദേവേന്ദ്രന്‍ വന്നെത്തി സ്വീകരിക്കുകയും ഭ്രാതാക്കളും പ്രേയസിയും ഇല്ലാത്ത സ്വര്‍ഗം വേണ്ടെന്ന് നിരൂപിക്കുകയും ചെയ്ത യുധിഷ്ഠിരനെ, അവരെല്ലാം മര്‍ത്യശരീരം വെടിഞ്ഞ് സ്വര്‍ലോകത്തില്‍ എത്തിക്കഴിഞ്ഞെന്നും അങ്ങേക്ക് ഉടലോടെ സ്വര്‍ഗത്തില്‍ എത്താമെന്നും ദേവേന്ദ്രന്‍ അറിയിച്ചു. തുടര്‍ന്നുള്ള സംവാദത്തിലും പരീക്ഷണങ്ങളിലും വീണ്ടും വിജയിച്ച്, അജാതശത്രുവായ പ്രഥമ പാണ്ഡവന്‍ സ്വര്‍ഗാരോഹിണിവഴി ഉടലോടെ സ്വര്‍ലോകം പൂകി. (മഹാഭാരതം: മഹാപ്രസ്ഥാനികപര്‍വം)
പുണ്യപ്രസിദ്ധമായ സ്വര്‍ഗാരോഹിണി എന്ന ഭൂപ്രദേശം ഏതാണ്ട് ബദര്യാശ്രമത്തില്‍നിന്നും തെക്കുപടിഞ്ഞാറ് ദിശയില്‍ 30 കിലോമീറ്റര്‍ ദൂരെയാണ്. എം.കെ. രാമചന്ദ്രന്റെ ഹിമാലയ യാത്രാവിവരണങ്ങളും തപോവനസ്വാമികളുടെ ഹിമഗിരിവിഹാരവും പിന്നെ പലപ്പോഴായി വായിച്ചും കേട്ടും അറിഞ്ഞ മഹാഭാരത, പുരാണഗ്രന്ഥങ്ങളും കാളിദാസ കൃതികളും നല്‍കിയ ഊര്‍ജവും പ്രചോദനവും ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ ഏഴുപേരടങ്ങുന്ന സംഘം ഓണക്കാലത്ത് മഹാപ്രസ്ഥാനത്തിന്റെ വഴിയിലൂടെ സതോപന്ത് തടാകത്തിലേക്കും സ്വര്‍ഗാരോഹിണി പര്‍വതദര്‍ശനത്തിനും യാത്രതിരിച്ചത്. രമേശ്, രാമദാസ്, ശ്രീകാന്ത് പിന്നെ എന്റെ രണ്ടു കൈലാസയാത്രകളിലും സഹയാത്രികനും ഫോട്ടോഗ്രാഫറുംകൂടിയായ ബിജിലാലും പിന്നെ ഹരീന്ദ്രന്‍, രമേഷ് എന്നിവരും അടങ്ങുന്ന സംഘം. യാത്രാസംഘാടകനായ രാഹുല്‍ മേത്ത ഒരുവഴികാട്ടിയെയും അഞ്ച് ചുമട്ടുകാരെയും ഏര്‍പ്പാടാക്കിയിരുന്നു.
ഏകദേശം പതിനൊന്നു മണിയോടെ യാത്രതിരിച്ചു. ബദരീക്ഷേത്രത്തിന്റെ സമീപത്തുകൂടി അളകനന്ദയ്ക്കു സമാന്തരമായി, തെക്കുഭാഗത്തുകൂടി യാത്രതിരിച്ചു. വടക്കുവശത്ത് മനാഗ്രാമവും ഐ.ടി.ബി.പി. ക്യാമ്പും സ്ഥിതിചെയ്യുന്നു. ഗ്രാമവാസികളുടെ തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളിലൂടെയായിരുന്നു ആദ്യയാത്ര. ഉരുളക്കിഴങ്ങ്, മുള്ളങ്കി, ഗോതമ്പ്, കടുക് എന്നിവയായിരുന്നു പ്രധാന കൃഷി. സകുടുംബം കൃഷിയിടത്തില്‍ പണിയെടുക്കുന്നവരെയും ഓരത്തിരുന്ന് ഭക്ഷണം കഴിക്കുന്നവരെയും പലയിടത്തും കാണാമായിരുന്നു. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ യാത്രചെയ്ത് പന്ത്രണ്ട് മണിയോടെ മാതാമൂര്‍ത്തിക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഉത്സവമായിരുന്നു. അതില്‍ പങ്കുകൊണ്ട് പ്രസാദം കഴിച്ച്, നരനാരായണ, നീലകണ്ഠ പര്‍വതങ്ങളെയും മാതാമൂര്‍ത്തിയെയും വ്യാസ, ഗണേശ ഭഗവാനെയും, ബദരീശനെയും വണങ്ങി, ഒരുമണിയോടെ യാത്ര പുനരാരംഭിച്ചു.
കൃഷിയിടങ്ങള്‍ താണ്ടി, അംബരചുംബികളായ ഹിമവല്‍ശൃംഗങ്ങള്‍ക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ പടിഞ്ഞാറു ദിശയിലേക്ക് ഞങ്ങള്‍ പ്രയാണം ആരംഭിച്ചു. അളകനന്ദയുടെ ആരവം കര്‍ണപുടങ്ങളില്‍ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. കാറ്റ് വീശുന്നുണ്ടെങ്കിലും തണുപ്പ് അസഹനീയമായിരുന്നില്ല. ഇത് എപ്പോള്‍ വേണമെങ്കിലും മാറാം എന്നും ഹിമാലയത്തിലെ കാലാവസ്ഥ പ്രവചനാതീതമാണെന്നും അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. അടര്‍ന്നുവീണുകിടക്കുന്ന പാറക്കഷണങ്ങള്‍ക്കിടയിലൂടെ മുളച്ചുപൊന്തിയ പുല്‍ക്കൂട്ടങ്ങള്‍ വകഞ്ഞുമാറ്റി അതിനിടയിലൂടെയായിരുന്നു യാത്ര. കാറ്റില്‍ ചാഞ്ചാടിനില്‍ക്കുന്ന ഈ പുല്‍ക്കൂട്ടങ്ങള്‍ വര്‍ണവൈവിധ്യമാര്‍ന്ന പൂക്കളെക്കൊണ്ട് സമ്പന്നമായിരുന്നു. അധികം വൈകാതെ തന്നെ ദൂരെ വസുധാര വെള്ളച്ചാട്ടം കാണുമാറായി.
ബദരീ സന്നിധിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തായി കാണുന്ന ഈ വെള്ളച്ചാട്ടം ഒരു വെള്ളിക്കൊലുസുപോലെ കാറ്റില്‍ തത്തിക്കളിച്ച്, താഴത്തു നിപതിക്കുന്നുണ്ടോ എന്ന് സംശയം തോന്നിക്കുംവണ്ണം പ്രവഹിച്ചുകൊണ്ടേയിരുന്നു. ഏകദേശം നൂറുമീറ്ററോളം ഉയരം വരും ഈ വെള്ളച്ചാട്ടത്തിന്. കാലവര്‍ഷത്തിന്റെ കുറവുനിമിത്തം സൗന്ദര്യവും ശക്തിയും താരതമ്യേന കുറവായിരുന്നു. ഇതിനുചുറ്റും ഹിമാനികള്‍ ദൃശ്യമായിരുന്നു. തണുപ്പും കുറേശ്ശെ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. അതിശ്രമകരമായിരുന്നു യാത്ര; കഷ്ടിച്ച് ഒരു അടിമാത്രം വീതിയുള്ള ചെങ്കുത്തായ വഴിയിലൂടെ, കൃത്യമായി അടയാളപ്പെടുത്തിയ മാര്‍ഗരേഖകളില്ലാതെ, മുന്നോട്ടുള്ള പ്രയാണം. ചെറിയൊരു അശ്രദ്ധമതി, അങ്ങുതാഴെ അലറിപ്പാഞ്ഞൊഴുകുന്ന അളകനന്ദയില്‍ നിപതിക്കാനും തണുത്തുറയാനും.
ലക്ഷ്മീവനത്തില്‍ സമതലമായ ഒരു പ്രദേശത്ത് അന്നത്തെ താവളത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരുകാലത്ത് ഭുര്‍ജ് വൃക്ഷങ്ങളാല്‍ നിബിഡമായ, പ്രകൃതിരമണീയമായ ഒരു വനപ്രദേശമായിരുന്നു ഇവിടം. പലപ്പോഴായുണ്ടായ മലയിടിച്ചിലും മറ്റും ലക്ഷ്മീവനത്തിനേല്പിച്ച ക്ഷതം പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങിങ്ങായി വളര്‍ന്നുനില്‍ക്കുന്ന വൃക്ഷലതാദികളുടെ ഒരു പ്രദേശമായി മാറി ഇപ്പോഴിവിടെ. മഹാലക്ഷ്മി അനേകവര്‍ഷം ഇവിടെ തപസ്സുചെയ്തിരുന്നുവത്രെ. ഇവിടെയാണത്രെ തന്റെ പ്രക്ഷുബ്ധമായ യാതനാപൂര്‍ണമായ ജീവിതത്തില്‍ ഒരിക്കലും കാലിടറാതെനിന്ന യാജ്ഞസേനി കാലിടറിവീണ്, വീരശൂരന്മാരായ തന്റെ അഞ്ചുഭര്‍ത്താക്കന്മാരാല്‍ അവഗണിക്കപ്പെട്ട് ഇഹലോകവാസം വെടിഞ്ഞത്. തെക്കുവടക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഗിരികന്ദരങ്ങള്‍ക്കിടയില്‍ ഒരു പുല്‍മേട്ടില്‍ ഇതിനകം അവര്‍ കൂടാരമുറപ്പിച്ചു.
കുറച്ചുസമയം നടുനിവര്‍ത്തിക്കിടന്ന് വിശ്രമിച്ചതിനുശേഷം രാത്രി ഭക്ഷണം പാകംചെയ്യാനുള്ള തയ്യാറെടുപ്പുകളില്‍ വ്യാപൃതരായി. മുന്‍യാത്രകളില്‍നിന്ന് അനുഭവമുള്‍ക്കൊണ്ട് കേരളീയരീതിയില്‍ കഞ്ഞി ഉണ്ടാക്കാനാണ് ഞങ്ങള്‍ തുനിഞ്ഞത്. പോര്‍ട്ടര്‍മാര്‍ ഉണ്ടാക്കുന്ന ഉണക്ക ചപ്പാത്തിയെക്കാളും പൊടിയരിക്കഞ്ഞിയാണ് യാത്രകളില്‍ അഭികാമ്യം. കൂടാരത്തിനു സമീപംതന്നെ ആട്ടിന്‍കൂട്ടങ്ങളും ആട്ടിടയരും ഭോട്ടിയവര്‍ഗത്തില്‍പെട്ട നായ്ക്കൂട്ടവും തമ്പടിച്ചിരുന്നു. നല്ല ഉറക്കം പ്രതീക്ഷിച്ച് കിടക്കസഞ്ചിയില്‍ കയറിക്കൂടിയെങ്കിലും ആരെയും നിദ്രാദേവി അനുഗ്രഹിച്ചില്ല. പൗര്‍ണമിയോടടുത്ത വാര്‍തിങ്കളാല്‍ വെട്ടിത്തിളങ്ങുന്ന ഹിമവല്‍ശൃംഗങ്ങള്‍ക്കു നടുവില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാത്രി തള്ളിനീക്കി. ഇരുപുറവും വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന പര്‍വതശിഖരങ്ങള്‍ ധ്യാനനിമഗ്‌നരായ ഋഷീശ്വരന്മാരെപ്പോലെ, തൃണതുല്യരായ ഞങ്ങളെ അനുഗ്രഹിച്ച് സംരക്ഷിച്ചു. അതിരാവിലെ എഴുന്നേറ്റ് ചോലയില്‍നിന്നും കൊണ്ടുവന്ന തണുത്തുറഞ്ഞ ജലംകൊണ്ട് പ്രഭാതകൃത്യം നിര്‍വഹിച്ച് കഞ്ഞി ഉണ്ടാക്കി കുടിച്ച് എട്ടുമണിയോടെ യാത്രതിരിച്ചു. ഇവിടെനിന്നും സതോപന്തിലേക്ക് 20 കി.മീ. ദൂരമുണ്ടെന്നാണ് ഏകദേശ കണക്ക്. ഇത് മലയിടിച്ചിലും മറ്റുംകൊണ്ട് ശരിയാകാന്‍ സാധ്യതയില്ല എന്ന് യാത്രാപുരോഗതിയില്‍ മനസ്സിലായി. ഇന്ന് ആ ദൂരം യാത്രചെയ്ത് അവിടെയെത്താനാണ് തീരുമാനം. തരണംചെയ്തതിനെക്കാള്‍ എത്രയോ മടങ്ങ് ദുര്‍ഘടമാണ് ഈ യാത്ര. ആയതിനാല്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്ത് സാവധാനം യാത്ര തുടങ്ങി. ചെങ്കുത്തായ പാറയിടുക്കുകളും അരുവികളും താണ്ടിവേണം മുന്നോട്ടുള്ള പ്രയാണം.
ഒരുകൂട്ടം മഹാവിസ്ഫോടനങ്ങള്‍ നടന്നതിനു സമാനമായി വലിയ പാറക്കൂട്ടങ്ങളും കല്ലുകളും മണ്ണും മണലും കലര്‍ന്ന തീര്‍ത്തും ഭീതിജനകമായ, കാല്‍ നിലത്തുറപ്പിക്കാന്‍പോലും അതിദുഷ്‌കരമായ ഒരു യാത്രാപഥമായിരുന്നു മുമ്പില്‍. ഇടയില്‍നിന്ന് നീര്‍ച്ചാലുകളും പ്രവഹിച്ചിരുന്നു. ഇതിനടിയില്‍ വര്‍ഷങ്ങളായി ഉറഞ്ഞുകിടക്കുന്ന ഹിമാനികളും ഉണ്ട് എന്നത് സംഭ്രമജനകമായ ഒരു കാര്യമാണ്. എന്തായാലും സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് യാത്ര തുടര്‍ന്നു. ജലംകുടിച്ച് വീര്‍ത്ത്, വിള്ളലുകള്‍ വന്ന് നിപതിക്കാന്‍ ആരുടെയോ കല്പന കാത്തുകിടക്കുന്ന മലമടക്കുകള്‍ ആരിലും നടുക്കം ഉണര്‍ത്തുന്നതാണ്. സാവധാനം നീങ്ങിയും നിരങ്ങിയും ഈ പ്രദേശം തരണംചെയ്ത് ഉച്ചയോടടുത്ത് സഹസ്രധാരാ വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപമെത്തി. തെക്കുവശത്ത് തലയുയര്‍ത്തിനില്‍ക്കുന്ന ഹിമാലയസാനുക്കളില്‍നിന്നാണ് ഇവയുടെ ഉദ്ഭവം.
അവ പതിക്കുന്നിടം ഒരു തടാകംപോലെയും അതിനു ചുറ്റും എക്കല്‍ സദൃശമായ ഭൂവിഭാഗം പോലെയും കാണപ്പെട്ടു. തടാകത്തില്‍ ഹിമക്കട്ടകള്‍ ഒഴുകിക്കൊണ്ടിരുന്നു. എന്നിരുന്നാലും ഈ തീര്‍ഥം അതീവ ഊര്‍ജപ്രദായകമായിരുന്നു. യാത്രാവേളയില്‍ പൂര്‍ണമായും ഞങ്ങളെ ക്ഷീണത്തില്‍നിന്നും നിര്‍ജലീകരണത്തില്‍നിന്നും രക്ഷിച്ചത് ഇത്തരത്തിലുള്ള ജലസ്രോതസ്സുകളായിരുന്നു. കുറച്ചുദൂരം ഈ സമതലപ്രദേശം കടന്ന് കുത്തനെയുള്ള കയറ്റം കയറിയപ്പോള്‍, പടിഞ്ഞാറ് വെട്ടിത്തിളങ്ങിനില്‍ക്കുന്ന നീലകണ്ഠ പര്‍വതം കാണ്‍മാറായി. യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. അറ്റം കാണാതെ പര്‍വതങ്ങള്‍ക്ക് പിറകില്‍ മറ്റൊന്ന് എന്ന കണക്കില്‍ താണ്ടി ഏകദേശം മൂന്നുമണിയോടടുത്ത് ഞങ്ങള്‍ ചക്രതീര്‍ഥത്തില്‍ എത്തിച്ചേര്‍ന്നു. ഇനിയുള്ള യാത്ര അതീവ ദുര്‍ഘടവും പ്രതിസന്ധിഘട്ടങ്ങള്‍ ഏറെയുള്ളതാണെന്നും പറഞ്ഞതിനാല്‍ അന്നവിടെ കൂടാരം കെട്ടാന്‍ തീരുമാനിച്ചു.
പതിവുപോലെ കഞ്ഞികുടിച്ച് കിടക്കസഞ്ചിയില്‍ കയറിക്കൂടിയെങ്കിലും നിദ്രാദേവി തെല്ലും അനുഗ്രഹിക്കുകയുണ്ടായില്ല എന്നുമാത്രമല്ല; പ്രാണവായുവിന്റെ അപര്യാപ്തതയും കടുത്ത തണുപ്പും മലച്ചൊരുക്കും മൂലം പലര്‍ക്കും കഠിന തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.
ചക്രതീര്‍ഥത്തിനു മുന്നിലായി മാനംമുട്ടിനില്‍ക്കുന്ന മല കടന്നുവേണം ഇനിയുള്ള പ്രയാണം. ദൃശ്യമാത്രയില്‍തന്നെ ഏതൊരാളുടെയും മനോധൈര്യം ചോര്‍ത്തുന്നതായിരുന്നു അത്. ഇതുപോലെ മൂന്നു പര്‍വതങ്ങള്‍ കയറിയിറങ്ങിയാല്‍ മാത്രമേ സതോപന്ത് തടാകദര്‍ശനം സാധ്യമാകുകയുള്ളൂ. പിറ്റേന്ന് രാവിലെ എട്ടുമണിയോടടുത്ത്, ആശങ്കകളോടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. സാവധാനം അടിവെച്ചടിവെച്ച് മുന്നോട്ട് നീങ്ങി. ഇടവേളകളില്‍ ശ്വാസകോശങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കി പ്രയാണം തുടര്‍ന്നു. ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ തരണംചെയ്യാന്‍ പലപ്പോഴും പരകൈ സഹായം വേണ്ടിവന്നു. പര്‍വതനിരകകളില്‍നിന്നുള്ള പാഷാണവൃഷ്ടിയും വെടിപൊട്ടുമാറുച്ചത്തില്‍ ഹിമാനികള്‍ പൊട്ടിപ്പിളര്‍ന്ന് നിപതിക്കുന്നതും നടുക്കത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. പന്ത്രണ്ടുമണിയോടെ മലകയറി. താഴെ മരതകക്കല്ല് പതിപ്പിച്ച മാതിരി, ത്രികോണാകൃതിയില്‍ മനംകുളിര്‍പ്പിക്കുന്ന നിര്‍വൃതിദായകമായ സതോപന്ത് തടാകം വിലസിക്കുന്നു. ഇവിടെയല്ലേ സൃഷ്ടി-സ്ഥിതി-സംഹാര മൂര്‍ത്തികള്‍ ദിനവും തപസ്സുചെയ്യുന്നത്. ഇവിടെയല്ലേ പുരുഷേശ്വരനായ മഹാവിഷ്ണു എല്ലാ ഏകാദശിനാളിലും സ്‌നാനംചെയ്യുന്നത്! ഇവിടുന്നല്ലേ അജാതശത്രുവായ യുധിഷ്ഠിരന്‍ സ്‌നാനംചെയ്ത് ഏഴുപടികളുള്ള സ്വര്‍ഗാരോഹിണി വഴി ഉടലോടെ സ്വര്‍ലോകത്തില്‍ എത്തിച്ചേര്‍ന്നത്!
ഇതില്പരം ഭാഗ്യം ഇനി എന്തുവേണം! ആ ദര്‍ശനംതന്നെ ആരെയും പുളകിതനാക്കാന്‍ പര്യാപ്തമെന്നിരിക്കെ ഞങ്ങള്‍ ആ തീര്‍ഥം മതിവരുവോളം പാനംചെയ്യുകയും പിന്നെ നല്ലവണ്ണം പ്രാര്‍ഥിച്ച് സ്‌നാനാംചെയ്യുകയും ചെയ്തു. കൂടാതെ കൈയില്‍ കരുതിയിരുന്ന കുപ്പികളില്‍ തീര്‍ഥം സംഭരിക്കുകയും ചെയ്തു. ചൗക്കാമ്പ, ബാല്‍കുണ്ഠ്, സതോപന്ത് പര്‍വതനിരകളുടെ നടുവിലായാണ് ഈ ദിവ്യതീര്‍ഥം സ്ഥിതിചെയ്യുന്നത്. അതിനു പടിഞ്ഞാറായി സ്വര്‍ഗാരോഹിണി പര്‍വതനിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സ്ഥിതപ്രജ്ഞനും പരമധീരനുമായ യുധിഷ്ഠിരന്‍ ശരീരചിന്തയെ ഉപേക്ഷിച്ച്, കട്ടിപിടിച്ച് മൂടിക്കിടക്കുന്ന ദുസ്സഹമായ ഹിമപാളികളില്‍കൂടി നിഷ്പ്രയാസം മുന്നോട്ടുപോയെങ്കിലും നമ്മെപ്പോലുള്ള സാധാരണക്കാര്‍ക്ക് തീര്‍ത്തും അപ്രാപ്യംതന്നെയാണ് എന്നതിന് യാതൊരുവിധ സംശയവുമില്ല. ഒരുകൂട്ടം ഐരാവതങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നതുപോലെയും കുടമാറ്റം കണക്കെ വര്‍ണവൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും നില്‍ക്കുന്ന സ്വര്‍ഗാരോഹിണിയെ സാഷ്ടാംഗം നമിച്ച് തടാകത്തിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കല്ലിലിരുന്ന് മനസ്സ് ഏകാഗ്രമാക്കി ധ്യാനിച്ച് ആത്മനിര്‍വൃതി പൂകി. അഭൂതപൂര്‍വമായ ആ നിര്‍വൃതിയില്‍ അങ്ങനെ കുറേനേരം ഇരുന്നു. കണ്ണുകള്‍ ഈറനണിഞ്ഞു. എത്രയെത്ര യാത്രകള്‍... എന്തേ ഹിമാലയം ഇത്രയും ഞങ്ങളെ ഹഠാദാകര്‍ഷിക്കുന്നു! വിതുമ്പലോടെ യാത്രതിരിക്കുമ്പോഴും ഇനിയും ഒരു യാത്രക്കുള്ള ആവേശം തിരപൊക്കുന്നുണ്ടായിരുന്നു.


VIEW ON mathrubhumi.com