ഗള്‍ഫ് മരുഭൂമിയിലെ വേഗങ്ങള്‍ കീഴടക്കി 'റോയല്‍ സ്റ്റാലിയന്‍സ്'; മലയാളികളുടെ സ്വന്തം കുതിരയോട്ട സംഘം

മലയാളികളുടെ മനസ്സിനെ പുളകിതമാക്കിയ രംഗമായിരുന്നു ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ഹൈവേമാന്‍ വരവ്. 'ഇന്ദുലേഖ കണ്‍തുറന്നു...' എന്ന ഗാനരംഗത്തില്‍ ആറ്റുമണമ്മേലേക്കുള്ള ചന്തുവിന്റെ വരവ് അത്രയെളുപ്പത്തില്‍ ഹൃദയത്തില്‍നിന്ന് മാഞ്ഞുപോകില്ല. പ്രണയവും നിലാവും കാത്തിരിക്കുന്ന പ്രണയിനിയും കുതിരപ്പുറത്ത് കുതിക്കുന്ന കാമുകനും. ഒരു വടക്കന്‍ വീരഗാഥയിറങ്ങി വര്‍ഷങ്ങളേറെയായിട്ടും ആ ഹൈവേമാന്‍ വരവിനൊപ്പം കുതിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ കുതിരപ്രേമികള്‍. പ്രത്യേകിച്ച് പ്രവാസികളായ മലയാളി കുതിരപ്രേമികള്‍.
കുതിരപ്പുറത്തുകയറി പറക്കുന്ന മലയാളികളെ കാണണമെങ്കില്‍ ഷാര്‍ജ അല്‍ സുബൈറിലെത്തണം. അല്‍ സുബൈറിലെ മരുഭൂമിയില്‍ അതിരാവിലെ 5.30-ഓടെ കോടമഞ്ഞിലൂടെ കുളമ്പടിശബ്ദത്തിന്റെ താളത്തില്‍ കുതിച്ചുപായുന്ന ഒരുകൂട്ടം മലയാളികളെ കാണാം. പൊതുവേ അവധിദിനങ്ങളിലാണ് ഈ കുതിരയോട്ടക്കാഴ്ചകള്‍ കാണാനാവുക. പ്രത്യേകിച്ചും ഞായറാഴ്ച അതിരാവിലെ സംഘം എഴുന്നേല്‍ക്കും. അഞ്ചുമണിയോടെ ഷാര്‍ജയിലെ കുതിരപ്പന്തിയിലെത്തും. പിന്നെ കുതിരകളെ സജ്ജമാക്കലും പരിചരിക്കലുമൊക്കെയാണ്. അതിനുശേഷം കുതിരപ്പന്തിയിലെ ചെറിയ ട്രാക്കില്‍ അരമണിക്കൂറോളം വാംഅപ്പ്. പിന്നെ ഓരോ സംഘമായുള്ള യാത്രയാണ്. മരുഭൂമിയിലെ അനുവദനീയമായ ട്രാക്കിലാണ് ഏറെസമയവും സംഘം ചെലവിടുക. സവാരിയും പരിശീലനവുമെല്ലാം ഇവിടെയാണ്.
ഒരു വര്‍ഷംമുമ്പ് ഒഴിവുസമയ വിനോദത്തിനായി ആരംഭിച്ചതായിരുന്നു റോയല്‍ സ്റ്റാലിയന്‍സ് എന്ന ഈ കുതിരയോട്ട പരിശീലനക്കൂട്ടായ്മ. ഹാരീസ് കാസര്‍കോട്, കമറുദ്ദീന്‍ കാസര്‍കോട്, നൗഫല്‍ ചുണ്ടംപറ്റ, മുഹ്സിന്‍ ആനക്കയം, ആരിഫ് മഞ്ചേരി, അക്ഷയ് ഉത്തമന്‍, എന്‍.കെ ഹിജാസ് പുത്തനത്താണി, അനുരൂപ് പാലക്കാട്, ചലഞ്ച് കൃഷ്ണ, ബിജു ഇട്ടിര എന്നിവരാണ് റോയല്‍ സ്റ്റാലിയന്‍സ് പടയോട്ട സംഘത്തിനു പിറകില്‍. കുതിരയോട്ടത്തോടുള്ള ഇഷ്ടം തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും.
വിദഗ്ധ പരിശീലനം നേടിയ കുതിരകളെ വാടകയ്‌ക്കെടുത്താണ് താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് ഹാരീസ് പറഞ്ഞു. പന്തിയില്‍നിന്ന് കുതിരകളെ വാടകയ്‌ക്കെടുത്താണ് ട്രാക്കിലിറക്കുന്നതും. സ്ഥിരം ഒരേ കുതിരയെത്തന്നെ വാടകയ്‌ക്കെടുത്ത് റൈഡ് ചെയ്യാനുമാവും. ഒറ്റക്കാഴ്ചയില്‍ വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും മാസങ്ങളുടെ പരിശീലനത്തിലൂടെ മാത്രമേ കുതിരകളെയോടിക്കാനാകൂ എന്ന് ബിജു ഇട്ടിര പറയുന്നു. എന്നാല്‍, താത്പര്യമുള്ളവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ കുതിരകളുടെ ആവേശത്തോടൊപ്പം ചേരാനുമാകും എന്നതാണ് പ്രത്യേകത.
കുതിരകളെ പരിചരിച്ചും സ്‌നേഹിച്ചും പടയോട്ടം നടത്തുന്ന മലയാളികളുടെ സംഘം യു.എ.ഇ.യില്‍ അപൂര്‍വകാഴ്ചയാണ്. ഇമിറാത്തികള്‍ക്കൊപ്പം യൂറോപ്യന്‍ സംഘത്തെയാണ് യു.എ.ഇ.യില്‍ കൂടുതലും കണ്ടുവരുന്നത്. അതുകൊണ്ടുതന്നെയാണ് ഈ മലയാളി പടയോട്ടസംഘം വേറിട്ടുനില്‍ക്കുന്നതും. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങി ഏത് വിശേഷാവസരങ്ങളിലും ആഘോഷങ്ങള്‍ക്കൊപ്പം കുതിരകളും ഇവര്‍ക്കിന്ന് കൂട്ടിനുണ്ട്. മരുഭൂമിയില്‍ കുതിരപന്തയം നടത്തി ഇവര്‍ കഴിഞ്ഞ ഓണം ആഘോഷമാക്കിയിരുന്നു. ബീച്ച് റൈഡും ഈവനിങ് റൈഡുമെല്ലാം സംഘം സ്ഥിരമായി നടത്തിവരുന്നുണ്ട്.
തിരക്കിനിടയിലും സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താനാവുക എന്നത് ചെറിയ കാര്യമല്ല. ഹൈക്കിങ് ഉള്‍പ്പെടെയുള്ള സാഹസികവിനോദപരിപാടികള്‍ക്ക് സമയം കണ്ടെത്തുന്ന ഒട്ടേറെ മലയാളികളുണ്ട് യു.എ.ഇ.യില്‍. കുതിരയോട്ട പരിശീലനവും അത്തരത്തിലൊരു വിനോദോപാധിയായാണ് ഈ കൂട്ടായ്മ തുടങ്ങിയത്. തനിച്ചും കൂട്ടമായും കുതിരസവാരി പരിശീലിക്കുന്നവര്‍ യു.എ.ഇ.യില്‍ ധാരാളമുണ്ടെങ്കിലും അതില്‍നിന്ന് വ്യത്യസ്തമാണ് ഈ മലയാളി കുതിരസവാരി കൂട്ടായ്മ. കൂടുതല്‍ റൈഡര്‍മാരെ ഈ രംഗത്തേക്ക് എത്തിക്കുക കൂടിയാണ് റോയല്‍ സ്റ്റാലിയന്‍സിന്റെ ലക്ഷ്യം.
ഓരോ വാരാന്ത്യവും കണ്ടുമുട്ടലുകളുടെയും സൗഹൃദം പുതുക്കലിന്റെയും ജനപ്രിയകേന്ദ്രം കൂടിയായിരിക്കുകയാണ് അല്‍ സുബൈറിലെ ഈ പരിശീലനകേന്ദ്രം. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇവിടെ വാരാന്ത്യങ്ങളില്‍ പരിശീലനത്തിനെത്തുന്നുണ്ട്. വലിയൊരു മലയാളി കുതിരപ്രേമി കൂട്ടായ്മയായി മാറാനുള്ള ശ്രമത്തിലാണ് റോയല്‍ സ്റ്റാലിയന്‍സ്. യു.എ.ഇ.യില്‍ ഏറ്റവും വിശാലമായ റൈഡിങ് പ്രദേശവും പരിപാലനവും എല്ലാം പരിശോധിച്ചശേഷമാണ് സ്റ്റാലിയന്‍സ് കുതിരയോട്ട പരിശീലനകേന്ദ്രം തിരഞ്ഞെടുക്കുന്നത്. ജമ്പിങ് മത്സരങ്ങളും ട്രയല്‍ റൈഡുകളും പോലെയുള്ള ആവേശകരമായ പരിപാടികളാണ് കൂട്ടായ്മയുടെ അടുത്ത ലക്ഷ്യങ്ങള്‍.
റോയല്‍ സ്റ്റാലിയന്‍സ് പോലെ ഒട്ടേറെ അന്താരാഷ്ട്ര കൂട്ടായ്മകള്‍ യു.എ.ഇ.യിലെമ്പാടുമുണ്ട്. എന്നാല്‍, മലയാളികള്‍ക്ക് മാത്രമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഹോഴ്സ് റൈഡ് ക്ലബ്ബ് ഗള്‍ഫ് രാജ്യങ്ങളില്‍ത്തന്നെ ഇത് ആദ്യത്തേതായിരിക്കും. യു.എ.ഇ.സര്‍ക്കാര്‍ ഇത്തരം കായിക സാഹസിക വിനോദപരിപാടികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കൂടിയാണ് റോയല്‍ സ്റ്റാലിയന്‍സ് പടയോട്ടസംഘത്തിനുള്ള പ്രചോദനം.
യു.എ.ഇ.യിലെ കുതിരപ്പന്തയ ചരിത്രത്തിന് ദശാബ്ദങ്ങളുടെ പഴക്കമേയുള്ളൂ. 1981 ഒക്ടോബര്‍ ഒന്നിനാണ് ആധുനികരീതിയിലുള്ള കുതിരപ്പന്തയം ദുബായില്‍ തുടങ്ങിയത്. 1986-ല്‍ നാദ് അല്‍ ഷിബയിലുള്ള റേസിങ് ക്ലബ്ബിന്റെ നിര്‍മാണത്തോടെ ദുബായ് കുതിരപ്പന്തയങ്ങളുടെ കേന്ദ്രബിന്ദുവായി. 2009-ല്‍ അത് നിര്‍ത്തലാക്കി മെയ്ദാന്‍ എന്ന പേരില്‍ ലോകോത്തര നിലവാരത്തിലുള്ള റേസ് കോഴ്സ് ആരംഭിച്ചു. 1996-ലാണ് ലോകത്തേറ്റവും വലിയ സമ്മാനത്തുകയുള്ള ദുബായ് വേള്‍ഡ് കപ്പ് എന്ന ഹ്രസ്വദൂര മത്സരം ആരംഭിക്കുന്നത്. ഇപ്പോഴും ലോകമറിയുന്ന വിധത്തില്‍ എല്ലാ മാര്‍ച്ചിലെയും അവസാന ശനിയാഴ്ച അത് നടക്കാറുണ്ട്. പ്രശസ്തമായ നാല് പോളോ ക്ലബ്ബുകളുണ്ട് യു.എ.ഇ.യില്‍. ദുബായ് പോളോ ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ്ബ്, ഗന്‍തൂത് പോളോ ക്ലബ്ബ്, ഡെസേര്‍ട്ട് പാം പോളോ ക്ലബ്ബ്, അല്‍ ഹബ്തൂര്‍ പോളോ ക്ലബ്ബ്. കൂടാതെ അബുദാബി ഇക്വസ്ട്രിയന്‍ ക്ലബ്ബ്, ഷാര്‍ജ ഇക്വസ്ട്രിയന്‍ ക്ലബ്ബ്, അജ്മാന്‍ ഇക്വസ്ട്രിയന്‍ ക്ലബ്ബ് എന്നിവിടങ്ങളില്‍ പ്രാദേശികവും അന്താരാഷ്ട്രവുമായ അശ്വാഭ്യാസങ്ങള്‍ അരങ്ങേറാറുണ്ട്.
യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മെയ്ദാന്‍ റേയ്സ് കോഴ്സിലും അദ്ദേഹത്തിന്റെ ഇളയസഹോദരന്‍ ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1990-ല്‍ നിര്‍മിച്ച ജെബല്‍ അലി റേസ് കോഴ്സിലും മത്സരങ്ങള്‍ മുടങ്ങാതെ നടക്കുന്നു. ജ്യേഷ്ഠസഹോദരനും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അല്‍ നാസര്‍, ഹദൈബത്ത് സ്റ്റേബിളുകളും കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫസ്സയും ഏറെ ഗുണനിലവാരമുള്ള കുതിരകളുടെ ലായങ്ങളാണ്.
ഒരു യാഗാശ്വത്തെപോലെയാണ് യു.എ.ഇ.യുടെ കുതിപ്പെന്ന് നിസംശയം പറയാം. ആരോഗ്യമുള്ള യുവതയെ വാര്‍ത്തെടുക്കുക, ആത്മവിശ്വാസമുള്ള തലമുറയെ സൃഷ്ടിക്കുക എന്നതാണ് കായിക വിനോദങ്ങളിലൂടെ ഈ നാട് ലക്ഷ്യമിടുന്നത്. യു.എ.ഇ.യിലെ ഭരണാധികാരികളെല്ലാം അശ്വാഭ്യാസമടക്കമുള്ള എല്ലാ കായികമത്സരങ്ങള്‍ക്കും വലിയ പ്രോത്സാഹനമാണ് നല്‍കിവരുന്നത്. ദീര്‍ഘദൂര മത്സരങ്ങളായ മാരത്തണില്‍ മലയാളികളായ നിദ അന്‍ജൂം ലബീബ് ഷലീല്‍ എന്നീ മലപ്പുറം സ്വദേശികള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങള്‍ നേടിയിട്ട് ഏറെകാലമായിട്ടില്ല. ഇമിറാത്തികള്‍ക്കൊപ്പംതന്നെ മലയാളികളും അശ്വപ്രിയരായി മാറിയിരിക്കുന്നു എന്നതിന് തെളിവാണ് ഈ നേട്ടങ്ങള്‍. കുതിരയുമായി ബന്ധപ്പെട്ട തെരുവുകളും സ്ഥാപനങ്ങളും യു.എ.ഇ.യില്‍ ഒട്ടേറെയുള്ളതുകൊണ്ട് കുതിരപ്രേമികള്‍ക്ക് പരിശീലനവും ഇന്ന് വളരെയെളുപ്പമാണ്. അതായത് യു.എ.ഇ.യുടെ പുതുകാലവും അശ്വവീഥികളെ ആഘോഷമാക്കുകയാണെന്ന് സാരം.
Content Highlights: royal stallions horse Racing club sharjah