നയാപൈസ ചിലവില്ല, കൊടുങ്ങല്ലൂരിൽ നിന്ന് മൂന്നാറിലേക്ക് ട്രിപ്പടിക്കാം; ഇങ്ങനെയുമുണ്ട് പ്രിയദർശിനി

#Travel Desk
തൻഹ, അശ്വതി, അനാമിക, ജാസ്മിൻ, മീനാക്ഷി എന്നിവർ കെ.എസ്.ആർ.ടി.സി. മൂന്നാർ ഡിപ്പോയ്ക്കു മുന്നിൽ സെൽഫിയെടുക്കുന്നു.
തൻഹ, അശ്വതി, അനാമിക, ജാസ്മിൻ, മീനാക്ഷി എന്നിവർ കെ.എസ്.ആർ.ടി.സി. മൂന്നാർ ഡിപ്പോയ്ക്കു മുന്നിൽ സെൽഫിയെടുക്കുന്നു.

തൃശ്ശൂർ: മഴക്കാലമാണ്, കട്ടൻചായയും േജാൺസന്റെ സംഗീതവുമായി വീട്ടിലൊതുങ്ങിയാൽ മതിയോ. പോരാ, നാടു കാണണം. മഴയിൽ കുളിച്ചുനിൽക്കുന്ന മലനിരയിലേക്ക് പോകണം. യാത്ര മലയാളികളുടെ പ്രിയ നൊസ്റ്റുവായ ആനവണ്ടിയിലായാലോ. ആഹാ ആനന്ദം... യാത്ര സൗജന്യമായാലോ. അതിലേറെ കേമം. അങ്ങനെയൊരു വണ്ടിയുണ്ട് തൃശ്ശൂരിൽ. കൊടുങ്ങല്ലൂർ ഡിപ്പോയിൽനിന്നു മൂന്നാറിലേക്ക്.

കെ.എസ്.ആർ.ടി.സി.യുടെ ഓർഡിനറിയാണ്. അതിനാൽ സ്ത്രീകൾക്ക് യാത്ര ഇപ്പോൾ സൗജന്യം. ഇത്തരമൊരു ബസിനെപ്പറ്റി അറിയുന്നവർ ചുരുക്കം. അറിയാമെങ്കിൽത്തന്നെ ഓർഡിനറിയാണെന്ന് അറിയാൻ സാധ്യതയില്ല. മൂന്ന് ജില്ല താണ്ടിയുള്ള യാത്ര സ്ത്രീകൾക്ക് സൗജന്യമാണെന്ന് അറിയുന്നവർ വിരളം. അറിയുന്നവർ പോകുന്നുമുണ്ട്. ചെറുപ്പക്കാരികളാണ് ഏറെ. ഏകാന്തയാത്രികരാണു കൂടുതൽ. കൂട്ടംചേർന്നും കൂട്ടുകൂടിയും പോകുന്നവരുമുണ്ട്. കുടുംബങ്ങളുണ്ട്. ഒറ്റപ്പെടൽ മറക്കാനിറങ്ങുന്ന മുതിർന്ന ദമ്പതിമാരുണ്ട്. ലക്ഷ്യമില്ലാത്ത യാത്രികരുമുണ്ട്.

കൃത്യം 6.20-ന്

കൊടുങ്ങല്ലൂർ നഗരസഭയുടെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിൽ 20 മിനിറ്റ് നിർത്തിയിടും. കൃത്യം 6.20-നാണ് യാത്ര പുറപ്പെടുക. യാത്രക്കാർ തിക്കിക്കയറി. തേനി വഴി കമ്പത്തേക്ക് പോകേണ്ട തമിഴ്യാത്രക്കാരുമുണ്ട്. തിരക്ക് കഴിഞ്ഞ് കയറിയ ഒരാൾ അഷ്‌റഫാണ്. ലോട്ടറിവിൽപ്പനക്കാരൻ. അഷ്‌റഫിന്റെ ലോട്ടറിവിൽപ്പനവാചകം ഇങ്ങനെയാണ്- ''സ്ത്രീകളേ നിങ്ങൾക്ക് ലോട്ടറി അടിച്ചില്ലേ, യാത്ര സൗജന്യമാക്കിയില്ലേ. അതുകൊണ്ട് പണം മിച്ചംപിടിച്ചില്ലേ. ആ പണംകൊണ്ട് ഒരു ലോട്ടറിയെടുക്കൂ. കൂട്ടമായി ടൂർ പോകുന്നവരേ, നിങ്ങൾ കൂട്ടംചേർന്ന് ഒരു ലോട്ടറി എടുക്കൂ.''

പഴയ വലിയ റൂട്ട്

പറവൂർ, ആലുവ, പെരുമ്പാവൂർ, കോതമംഗലം, അടിമാലി വഴി മൂന്നാറിലെത്തുമ്പോൾ സമയം 11.30 ആകും. അഞ്ചുമണിക്കൂറിലേറെ. 137 കിലോമീറ്റർ. തൃശ്ശൂരിൽനിന്ന്‌ െക.എസ്.ആർ.ടി.സി.യുടെ ഓർഡിനറി ബസിന്റെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടാണിത്. 2002-ൽ ആരംഭിച്ച സർവീസ് ഉദ്ഘാടനംചെയ്തത് ഉമേഷ് ചള്ളിയിൽ എം.എൽ.എ. യാത്രയെപ്പറ്റി പറയുന്നതിനിടെ സർവീസിന്റെ ദൈർഘ്യവും ചരിത്രവും പറയുന്നതെന്തിനെന്ന് തോന്നിയേക്കാം.

ബസിന്റെ ഏറ്റവും മുന്നിലെ ഒറ്റസീറ്റിലിരിക്കുന്ന നേര്യമംഗലത്തുകാരൻ എൽദോസിനെപ്പറ്റി പറയാനാണ്. 2002-ൽ ആരംഭിച്ചതുമുതൽ എൽദോസ് ബസിലെ കണ്ടക്ടറാണ്. ഇപ്പോൾ ട്രിപ്പ് കഴിഞ്ഞ് വിശ്രമിക്കാനായി വീട്ടിലേക്ക് േപാകുകയാണ്. നാളെ വീണ്ടും ഡ്യൂട്ടിയുണ്ട്.

സ്ത്രീകൾ കൂടി

ഡിപ്പോകളിലും സ്റ്റോപ്പുകളിലും നിർത്തി ആളെ കയറ്റുകയും ഇറക്കുകയും െചയ്യുന്നുണ്ട്. സ്ത്രീകളാണു കൂടുതൽ. അവർ ഏറെ നേരം കാത്തിരിക്കുകയായിരുന്നു. നോർത്ത് പറവൂരിലെത്തിയപ്പോഴേക്കും ബസ് നിറഞ്ഞു. നിൽക്കാൻപോലും ഇടമില്ല. കുട്ടമശ്ശേരി സ്റ്റോപ്പിൽ കയറാൻ ഒരു സ്ത്രീ മാത്രം. എങ്കിലും ബസ് നിർത്തി. കുറച്ചകലെ എത്തിയപ്പോൾ കുറേപ്പേർ കൈനീട്ടിയെങ്കിലും ബസ് നിർത്തിയില്ല.

അതിന് കാരണവും ഡ്രൈവർ പറഞ്ഞു- സ്റ്റോപ്പില്ലാത്തയിടത്ത് നിർത്താൻ നിയമമില്ല. മാത്രമല്ല, നിർത്തിയാൽ സ്വകാര്യബസുകാർ പ്രശ്‌നമുണ്ടാക്കും. തലേദിവസത്തെ കളക്ഷനെപ്പറ്റി കണ്ടക്ടർ പറഞ്ഞു. യാത്രക്കാരിൽ 190 പേർ സ്ത്രീകളായിരുന്നു. 90 പുരുഷന്മാരും. പണ്ട്‌ േനരേ തിരിച്ചായിരുന്നു.

ചുമ്മാതെ യാത്ര

കോതമംഗലത്തുനിന്ന് നാല് മക്കളുമായി കയറിയ അമ്മ പറഞ്ഞതിതാണ്-അവധിദിനമാണ്. ഭർത്താവ് വിദേശത്താണ്. മക്കൾക്ക് അവധിയിൽ എവിടെയെങ്കിലും പോകണമെന്ന ആഗ്രഹം. എവിടേക്കെന്ന് തീരുമാനമെടുത്തില്ല. സ്ത്രീകൾക്ക് സൗജന്യയാത്ര ഇതുവരെ നടത്തിയതുമില്ല. അതിനായി ബസ് സ്റ്റാൻഡിൽ നിൽക്കവേയാണു മൂന്നാറിലേക്കുള്ള ഈ ബസ് വന്നത്. കയറി. പരമാവധി അടിമാലിവരെ പോകും. അവിടെനിന്ന് അടുത്ത ബസിന് തിരിക്കും.

സൗജന്യയാത്ര ആസ്വദിച്ചെന്നുമായി വെറുതേയൊരു ട്രിപ്പുമായി. പറഞ്ഞതുപോലെ നാലുപേരും അടിമാലിയിലിറങ്ങി. ചായ കുടിച്ച് അടുത്ത ബസിൽ മടങ്ങി. ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് മറുപടി-അതു വേണ്ടാ. യാത്രക്കാര്യം പുറത്താരും അറിയേണ്ടാ. വിദേശപ്പണമുള്ളവർ സൗജന്യം പറ്റാൻ വന്നിരിക്കുന്നുവെന്ന് പരിഹസിക്കും.

അറ്റകുറ്റം തീർത്തു

അടിമാലിയിൽ 20 മിനിറ്റ് നിർത്തും. യാത്രക്കാർക്ക് ചായ കുടിക്കാനാണ്. എല്ലാവരും ചായ കുടിക്കാനിറങ്ങിയപ്പോൾ ബസിനൊരു പിണക്കം. അത് ഡ്രൈവർ അറിഞ്ഞു. ക്ലച്ച് പിണങ്ങി. ഗിയർ മാറ്റാൻ കൈക്കരുത്ത് പോരാ. തുമ്പിക്കൈ ശേഷി വേണം. സമീപത്തെ വർക്ഷോപ്പിൽനിന്ന് ആളെ വരുത്തി പിണക്കം മാറ്റി. 50 രൂപ സ്വന്തം പോക്കറ്റിൽനിന്ന് നൽകി. 50 രൂപയല്ല വലുത്. 50 യാത്രക്കാരുടെ ജീവനാണ്.

അടിമാലിയിൽ ചായ കുടിക്കാൻ എല്ലാവരുമിറങ്ങി. ഇറങ്ങാത്ത അഞ്ചുപേരുണ്ടായിരുന്നു. സഹൃദയ കോളേജിൽ ബി.ടെക്കിന് പഠിക്കുന്ന തൻഹ, ക്രൈസ്റ്റ് കോളേജിൽ ബി.ടെക്കിന് പഠിക്കുന്ന അശ്വതി, സുവോളജിയിൽ ബിരുദം കഴിഞ്ഞ അനാമിക, െകാടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ ജാസ്മിൻ ബിനു, ബാങ്ക് ജീവനക്കാരി മീനാക്ഷി.

മൂന്നാറിൽ

27 സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും നിർത്തി ആളെ കയറ്റിയും ഇറക്കിയും അടിമാലിയിൽ ചായകുടിക്കായി നിർത്തിയും 137 കിലോമീറ്റർ താണ്ടി കൃത്യം 11.45-ന് ബസ് മൂന്നാറിലെത്തി. മൂന്നുമണിക്കൂർ കഴിഞ്ഞ് 2.45-നാണ് മടക്കം. അക്കാര്യം കണ്ടക്ടർ യാത്രക്കാരെ ഓർമിപ്പിച്ചു. അഞ്ചുമണിക്കൂറിലേറെ യാത്ര ചെയ്തവർ ഇറങ്ങി. തൻഹ, അശ്വതി, അനാമിക, ജാസ്മിൻ, മീനാക്ഷി എന്നിവർ ചേർന്ന് കെ.എസ്.ആർ.ടി.സി. മൂന്നാർ ഡിപ്പോയ്ക്കു മുന്നിൽ സെൽഫിയെടുത്ത്, ബൈ പറഞ്ഞ് പിരിഞ്ഞു.

ബസ് അല്പം അകലെയിട്ട് ഡ്രൈവർ രാജേഷ് പൊതിച്ചോറുമായി ഡിപ്പോയിലേക്ക് പോയി. കണ്ടക്ടർ ഹരിലാൽ േഹാട്ടലിൽനിന്നാണ് കഴിക്കുന്നത്. ഇതേ ബസിൽ മടങ്ങിയാൽ സ്ത്രീകൾക്ക് മൊത്തം ചെലവ് 200-ൽ താഴെ. അടിമാലിയിലൊരു ചായ. മൂന്നാറിൽ ഊണ്. മടക്കത്തിലൊരു കട്ടനും കടിയും. മൂന്നുമണിക്കൂർ മൂന്നാർ ആസ്വദിക്കാം.

ചരിത്രം

കൊടുങ്ങല്ലൂരിൽനിന്ന് അടിമാലിയിലേക്കും േകാതമംഗലത്തേക്കും മൂന്നാറിലേക്കുമെല്ലാം നിരവധി സ്ഥിരംയാത്രക്കാരുണ്ടായിരുന്നു. അവരിൽ ജഡ്ജി മുതൽ ഡി.എഫ്.ഒ. വരെയുള്ളവരും. തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും സഹായിക്കാനാണ് 2002-ൽ സർവീസ് ആരംഭിച്ചത്. യാത്ര ആനന്ദകരമാക്കാൻ യാത്രക്കാരായ ഉദ്യോഗസ്ഥരെല്ലാം പിരിവിട്ട് ബസിൽ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചിരുന്നു.

കാലാന്തരത്തിൽ ഉദ്യോഗസ്ഥർ സ്ഥലംമാറിയും വിരമിച്ചും പോയി. നല്ല മ്യൂസിക് സിസ്റ്റമുള്ള ബസ് വേറെ റൂട്ടിലേക്ക് മാറ്റി. മാറ്റമില്ലാതെ കണ്ടക്ടർ നേര്യമംഗലത്തുകാരൻ എൽദോസ് മാത്രം ഇപ്പോഴും ബസിലുണ്ട്. വൈകാതെ എൽദോസും വിരമിക്കും. എങ്കിലും വണ്ടി െകാടുങ്ങല്ലൂരിൽനിന്ന് മൂന്നാറിലേക്ക് ഓടിക്കൊണ്ടിരിക്കും.

Content Highlights: KSRTC ordinary bus service from Kodungallur to Munnar offers free travel for women., The 137km scenic route covers Paravur, Aluva, Perumbavoor, Kothamangalam, and Adimali., Daily departure from Kodungallur is at 6:20 AM, reaching Munnar by 11:45 AM., A budget-friendly day trip option with return travel available at 2:45 PM., Ideal for solo female travelers, students, and families looking for affordable tourism.