മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടുകൊണ്ടിരിക്കെ ഞാനോര്‍ത്തത് ആ യാത്രയെ കുറിച്ചായിരുന്നു...

2023 ഡിസംബര്‍ 17. കൊടികുത്തിമലയിലേക്ക് ഞങ്ങള്‍ 'ചുള്ളാലില്‍ ഗേള്‍സ്, നടത്തിയ ഒരു സാഹസിക യാത്രയും, മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പുനര്‍ജന്മം പോലെയുള്ള ഒരു മടക്കയാത്രയും അന്നായിരുന്നു. ഓര്‍മകളില്‍ പോലും ഇപ്പോഴും പേടിപ്പിക്കുന്ന ഒരു ഉല്ലാസ യാത്ര.. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സര്‍വൈവല്‍ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ അതോടൊപ്പം മനസിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നത് അന്നത്തെ ആ കൊടികുത്തിമല യാത്രയാണ്.
ഗുണ കേവും അതില്‍ വീണുപോയ സുഭാഷിന്റെ അവസ്ഥയും നടുക്കുന്ന ഒരു സംഭവത്തിന്റെ പുനര്‍നിര്‍മിതിയായി ബിഗ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ കാലൊന്ന് തെറ്റിയാല്‍ മറിഞ്ഞു വീഴാവുന്ന കൊക്കയുടെ അരികിലൂടെ, തലയ്ക്കു മുകളില്‍ വളര്‍ന്ന പുല്ലിന്‍ കൂട്ടത്തിന് നടുവിലൂടെ, പന്നികള്‍ ഉണ്ടാക്കിയ പന്നിത്താരയിലൂടെ നടന്നു താണ്ടിയ ആ സാഹസിക യാത്രയും ഭാഗ്യം ഒന്നു കൊണ്ടു മാത്രം രക്ഷപ്പെട്ടു പോന്ന ആ ഓര്‍മകളും മനസില്‍ തിങ്ങി നിറഞ്ഞു. ചുള്ളാലില്‍ എന്നു ഞങ്ങളുടെ വീട്ടുപേരാണ്. ഞങ്ങള്‍ കസിന്‍സില്‍ പെണ്‍കുട്ടികളാണ് അധികവും. അതുകൊണ്ട് പുരുഷ പ്രജകളുടെ കൂട്ടൊന്നുമില്ലാതെ ഞങ്ങള്‍ ഇടയ്ക്കിടെ യാത്ര പോകാറുണ്ട്.
ചുള്ളാലില്‍ ഗേള്‍സ് എന്ന് പേരിട്ട പെണ്‍യാത്രാ സംഘം പതിനേഴാം തീയതി പുലര്‍ച്ചെ ഉണര്‍ന്ന് പൊതിച്ചോറും തയാറാക്കി രാവിലെ 6.30 ന്റെ ട്രെയിനില്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൊടികുത്തിമലയിലേക്ക് പുറപ്പെട്ടു. ഞാനും കസിന്‍സായ ജെസ്ലിനും സുഡു മോള്‍ എന്നു വിളിക്കുന്ന ബെസിലിനും അവളുടെ രണ്ടര വയസുള്ള മകന്‍ ദര്‍ഷും റിയയും ജെസിലിന്റെ മക്കളായ ജോയലും ജെനീലിയയും ചേര്‍ന്നതാണ് യാത്രാ സംഘം. അങ്ങാടിപ്പുറത്ത് ട്രെയിനിറങ്ങി ഞങ്ങള്‍ പെരിന്തല്‍മണ്ണ ബസില്‍ കയറി. അമ്മിനിക്കാട് ഇറങ്ങിയാല്‍ കൊടികുത്തി മലയിലേക്കുള്ള ഓട്ടോറിക്ഷകളും വാഹനങ്ങളും ലഭിക്കും. ഒരു ഓട്ടോയില്‍ കയറി കൊടികുത്തിമലയിലെത്തി.
മനോഹരമായി ഡിസൈന്‍ ചെയ്ത പ്രവേശന കവാടം.. വഴിയരികില്‍ പെട്ടിക്കുകളില്‍ ചായയും പലഹാരവും ഉപ്പിലിട്ടതുമെല്ലാം വില്‍ക്കുന്ന ആളുകള്‍.. ഗുണാ കേവിലേക്കുള്ള വഴി വക്കിലെ അതേ ഛായ... ഞങ്ങള്‍ ടിക്കറ്റ് എടുത്തു. ഇനി ഏകദേശം മൂന്നു കിലോമീറ്ററോളം ദൂരം വനപ്രദേശത്തിലൂടെ സഞ്ചരിച്ചാണ് സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊടികുത്തിമലയിലെ വ്യൂ പോയന്റില്‍ എത്തുക. അതിനിടയില്‍ അതിമനോഹരമായ ഒരു ലൗ പോയന്റും കുട്ടികളുടെ ചെറിയൊരു പാര്‍ക്കും കാണാം. അതെല്ലാം താണ്ടി ടാറിടാത്ത പരുക്കന്‍ റോഡിലെ കയറ്റിറക്കങ്ങള്‍ താണ്ടി ഞങ്ങള്‍ നടന്നുകൊണ്ടിരുന്നു.
പണ്ട് അഞ്ചുമുനിമാര്‍ തപസ് ചെയ്ത കൊടുംകാടായിരുന്നു അത്. പിന്നീട് അത് അമ്മിണിക്കാടായി മാറി എന്നാണ് ഐതിഹ്യം. കഴിഞ്ഞൊരു പ്രളയ മഴക്കാലത്ത് അവിടെ ട്രക്കിംഗിന് വന്ന ഒരു യുവാവ് അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. വെയിലേറ്റ്, ദര്‍ഷിനെ മാറി മാറി എടുത്ത് ഞങ്ങള്‍ ഒരു വിധം മൂന്നു മൂന്നര കിലോമീറ്റര്‍ താണ്ടി ഒടുവില്‍ കൊടികുത്തിമലയില്‍ വിശാലമായി വ്യൂ പോയന്റ് കാണാവുന്ന വലിയ കെട്ടിടത്തിന് മുകളില്‍ കയറിപ്പറ്റി.. കെട്ടിടത്തിലെത്തിയപ്പോഴേക്കും ഞങ്ങള്‍ തളര്‍ന്നിരുന്നു. വീട്ടില്‍ നിന്നു കൊണ്ടു പോയ പൊതിച്ചോറ് അവിടിരുന്ന് കഴിച്ചതോടെ ക്ഷീണം അധികരിച്ചു. സ്ത്രീകളുടെ ടോയ്‌ലറ്റ് എന്ന സങ്കല്‍പ്പം അവിടുത്തെ വിനോദ സഞ്ചാര വകുപ്പ് ചിന്തിച്ചിട്ടു കൂടിയില്ല. വ്യൂ പോയന്റിന് താഴെയുള്ള ഹോട്ടലിലെ ടോയ്‌ലറ്റ് പൂട്ടിയിട്ടിരിക്കുന്നു. എല്ലാവര്‍ക്കും മൂത്രമൊഴിക്കാനുള്ള ഞെളിപിരി വര്‍ധിച്ചു വരുന്നു. വ്യൂ പോയന്റ് കെട്ടിടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന ചെറിയ ഒരു കെട്ടിടം ടോയ്‌ലറ്റാക്കി മാറ്റാനുള്ള സാധ്യത പോലും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല.
മഞ്ഞുമ്മല്‍ ബോയ്‌സിനെ ഗുണകേവിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചത് നേരത്തെ ഇറങ്ങിയ മൂന്നാല് പേര്‍ തിരിച്ചു വരുന്നത് അവര്‍ കാണുന്നതോടെയാണ്. വ്യൂ പോയന്റിലേക്ക് കയറി വരുന്നതിനിടെ ഞങ്ങളും ഒന്നു രണ്ടു പേര്‍ ഒരു കൊക്കയ്ക്ക് അരികിലൂടെ എളുപ്പ വഴി തേടി പോകുന്നത് കണ്ടിരുന്നു. ആ വഴി പുല്ലു മൂടിക്കിടന്നതിനാല്‍ ആരും പെട്ടന്നൊന്നും ശ്രദ്ധിക്കില്ല. എന്നാല്‍ അതിലേ ഇറങ്ങി പ്രാഥമിക കര്‍മം നിര്‍വഹിക്കാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ ആ വഴി ഇറങ്ങി നടന്നു. ഇരുവശവും പുല്ല് വളര്‍ന്ന് കഷ്ടിച്ച് ഒരാള്‍ക്ക് നിവര്‍ന്നു നടക്കാവുന്ന നടപ്പു വഴി.. പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ വീഡിയോയും ഫോട്ടോയും ഒക്കെ എടുത്ത് കളിചിരി ആഘോഷങ്ങളുമായി പോയ വഴിക്ക്, ആളുകളുടെ കണ്ണെത്തില്ലെന്ന് ബോധ്യമായപ്പോള്‍ ഓരോരുത്തരായി ഇരുന്ന് പ്രാഥമിക ബുദ്ധിമുട്ട് തീര്‍ത്തു.. അതോടെ ആവേശം വര്‍ധിച്ചു. തിരിച്ച് സാധാരണ വഴിയിലൂടെ പോകാമെന്ന് പറഞ്ഞപ്പോള്‍ ജെസിമോള്‍ക്ക് ഒരേ വാശി.. ഇത് എളുപ്പവഴിയാണ്... നമ്മള്‍ പെട്ടന്ന് എത്തുമെന്നും പറഞ്ഞ് അവള്‍ ദര്‍ഷിനെയും എടുത്ത്, ഞങ്ങളെയും വിളിച്ച് മുന്നില്‍ നടന്നു.
മുമ്പേ ഗമിക്കുന്ന പയ്യിന്റെ പിമ്പേ ഗമിച്ചു ഞാനും സുഡുവും റിയയും ജെനി മോളും ജോയലും. നടക്കുന്നതിന് അനുസരിച്ച് വഴിയുടെ വീതികുറഞ്ഞു വന്നു. ഭയം തോന്നുന്ന വിധത്തില്‍ രണ്ടു വശവും പുല്ല് മൂടി നില്‍ക്കുന്ന വഴി. ഒരു കാല്‍ ചവിട്ടാനുള്ള വീതിയായി വഴി ചുരുങ്ങി. പുല്ലിന്‍ തലപ്പുകളും മുള്‍ച്ചെടികളും ദേഹത്ത് ഉരഞ്ഞു ശരീരം മുറിയാനും രക്തം പൊടിയാനും തുടങ്ങി. രണ്ടരവയസുകാരനായ ദര്‍ഷ് മോനെ പുല്ലില്‍ നിന്നു രക്ഷിക്കാനായി ജെസി എടുത്ത് ചുമലില്‍ വെച്ചു. മുന്നോട്ടു നടക്കുന്തോറും വഴി അപകടം പിടിച്ചതായി .
ചവിട്ടു വഴിയ്ക്ക് കഷ്ടിച്ച് ഒരു കാല്‍ വെക്കാവുന്നത്ര വീതി മാത്രമായി.. അതു നിറയെ പാറക്കല്ലുകള്‍, ഇടയില്‍ തെന്നി വീഴ്ത്തുന്ന തരം മണലും മണ്ണും, മരത്തിന്റെ വേരുകള്‍, കാലൊന്ന് തെറ്റിയാല്‍ ബാലന്‍സ് നഷ്ടപ്പെട്ടാല്‍ ഉരുണ്ട് വീണ് താഴെ അറ്റം കാണാത്ത കൊക്കയിലേക്ക് വീഴുമെന്ന് ഉറപ്പ്. പുല്ലും പാറമല്‍ പറ്റി വളരുന്ന ഉണക്കപ്പുല്ലുമല്ലാതെ തടഞ്ഞു നിര്‍ത്താന്‍ ഒരു മരം പോലും ഇല്ല.. പണ്ടേ സാഹസികത വളരെ പേടിയുള്ള, സ്വന്തം ജീവന് അമിത പ്രാധാന്യം കൊടുക്കുന്ന ഞാന്‍ കരച്ചില്‍ തുടങ്ങി. എനിക്കുമാത്രമല്ല സുഡു മോള്‍ക്കും റിയ മോള്‍ക്കും പേടിയായി. ചവിട്ടു വഴിയിലേക്ക് ഉണങ്ങിയ സൂചിപ്പുല്ലുകള്‍ മറിഞ്ഞു വീണു കിടക്കുകയാണ്. അതില്‍ ചവിട്ടുമ്പോള്‍ തെന്നിപ്പോകുന്നു. വീഴാതെ പിടിക്കുന്ന വഴിയരികിലെ കുറ്റിച്ചെടികളെല്ലാം നിറയെ മുള്ളുകള്‍ ഉള്ളതാണ്. എങ്കിലും വേറെ മാര്‍ഗമില്ലാതെ ഓരോ ചവിട്ടിലും തെന്നുമ്പോള്‍ ആ മുള്‍ചെടികളെ തന്നെ പ്രാണഭയത്തോടെ ചാടിപ്പിടിച്ചു. എന്നിട്ടും ഞാനും സുഡു മോളും രണ്ടു വട്ടം വഴുതി വീഴാന്‍ പോയി. അപ്പോള്‍ പേടിച്ച പേടിയൊന്നും ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ.
ഓരോ മനുഷ്യര്‍ വിനോദയാത്രയ്ക്ക് പോയി പുഴയിലും കൊക്കയിലും വെള്ളച്ചാട്ടത്തിലും ഒക്കെ ജീവന്‍ നഷ്ടപ്പെട്ട് മൃതശരീരമായി തിരിച്ചു വരുന്നതായിരുന്നു ചിന്തയിലാകെ. ഇതുപോലൊരു പൊട്ട ബുദ്ധിയ്ക്ക് ചെന്നുപെടുന്ന അപകടങ്ങള്‍... മഞ്ഞുമ്മല്‍ ബോയ്‌സിനും അതാണല്ലോ സംഭവിച്ചത്. കുത്തനെ ഉള്ള നിരങ്ങുന്ന ചരല്‍ വഴി ഇരുന്ന് നിരങ്ങിയാണ് ഞാന്‍ പിന്നിട്ടത്. മതി മതി തിരിച്ചു പോകാം എന്ന് ഭയന്ന് വിളിച്ചു പറഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ നടന്നു വന്ന വഴികണ്ട് കിളി പാറി. ആ വഴി തിരിച്ചു കയറാന്‍ തീരെ ധൈര്യമില്ല. അതേ കുറിച്ച് ചിന്തിക്കാനേ വയ്യ. ലോകത്തെ സര്‍വ നിഘണ്ടുവിലും ഇല്ലാത്ത പദങ്ങള്‍ ജെസിയെ ഉറക്കെ വിളിച്ചു.
മലയില്‍ കയറി ഇറങ്ങാന്‍ കഴിയാതിരുന്ന പാലക്കാട്ടെ ബാബുവിനെ വീണ്ടും വീണ്ടും അനുസ്മരിച്ചു. നമ്മളില്‍ ഒരാള്‍ കൊക്കയിലേക്ക് വീണു പോയാല്‍ എന്തൊക്കെ പുലിവാലുകള്‍ ഉണ്ടാകുമെന്ന് ജെസിയെ പറഞ്ഞു കേള്‍പ്പിച്ചു. 'ഒന്നും പേടിക്കണ്ട....വാ...വാ...'എന്നും പറഞ്ഞ് ട്രക്കിങ് ആര്‍ട്ടിസ്റ്റിനെ പോലെ ജെസി ദര്‍ഷ് മോനെയും ചുമലിലേറ്റി മുന്നില്‍ നടന്നു. അവളുടെ മൂത്തമകന്‍ പത്താം ക്ലാസുകാരന്‍ ജോയല്‍ അമ്മയ്ക്ക് ഫുള്‍ സപ്പോര്‍ട്ട് കൊടുത്ത് മുമ്പില്‍ നടക്കുന്നു. കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച് ഞാനും സുഡു മോളും റിയാമോളും അവള്‍ക്കു പിന്നാലെ മുന്നോട്ടു നടക്കാനും പിന്നോട്ട് പോകാനും ധൈര്യമില്ലാതെ വിറച്ചു വിറച്ച് അനുഗമിക്കുന്നു. കാല്‍പാദത്തിനു താഴെയുള്ള കൊക്ക ഞങ്ങളെ പേടിപ്പിച്ചു കൊണ്ടിരുന്നു..
ഒരു പാമ്പു ചീറി വന്നാല്‍, ഒരു കാട്ടുപന്നിയോ, വന്യമൃഗമോ ഞങ്ങള്‍ക്കു നേരെ വന്നാല്‍... ഓടാനോ രക്ഷപെടാനോ കഴിയാതെ കൊക്കയുടെ ആഴം അളക്കുകയേ നിവൃത്തിയുള്ളു. ഒന്നു കാല്‍ വഴുതിയാല്‍ പിന്നെ ഒന്നും നോക്കണ്ട.. നമ്മളില്‍ ഒരാള്‍ അതില്‍ വീണു പോയാല്‍ എന്താവും സ്ഥിതി എന്ന് ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു... അതേ ചോദ്യമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലും കണ്ടത്.. ആവേശത്തിനിടയില്‍ കൂടെയുള്ള ഒരു സുഹൃത്ത് കാലിടറി അപകടത്തിലേക്ക് കൂപ്പുകുത്തിയാല്‍ എന്തു ചെയ്യും എന്ന ചോദ്യം .
ഗംഭീര മേക്കിങ് ആണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റേത്.. മനസിനെ ഛിന്നഭിന്നമാക്കുന്ന രംഗങ്ങള്‍.. ഒരുവേള വല്ലാതെ ഇറിറ്റേറ്റഡ് ആയിപ്പോയി. 'കാണണ്ടായിരുന്നു ' എന്ന് വിലപിച്ചു പോകുന്ന വിധം ചിത്രീകരണം.. അതൊരു സംഭവ കഥയാണല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു നെഞ്ചിടിപ്പ്. ഗുണകേവില്‍ വീണു കിടക്കുന്ന സുഭാഷിനെ കാണുമ്പോള്‍ കൊക്കയില്‍ വീണു കിടക്കുന്ന ഞങ്ങളുടെ അവസ്ഥയെ കുറിച്ചാണ് ഞാനോര്‍ത്തു കൊണ്ടിരുന്നത്. ആ ചിന്തയില്‍ തന്നെ മനസ് വിറച്ചു കൊണ്ടിരുന്നു.
അന്ന് ആ കൊക്കയുടെ അരികില്‍ നിന്ന് യഥാര്‍ത്ഥ വഴി പിടിച്ച് ഉള്ള ജീവനും രക്ഷിച്ച് വീട്ടിലെത്താന്‍ കഴിഞ്ഞത് മഹാഭാഗ്യം... അല്ലെങ്കില്‍ ഒരു ദാരുണ മരണ വാര്‍ത്തയോ, അതിജീവന കഥയോ ഇതുപോലെ പത്രമാധ്യമങ്ങളില്‍ നിറഞ്ഞേനെ.. കൊടികുത്തിമല യാത്രയ്ക്ക് ശേഷം എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. ഞാനും ജെസിമോളും മാത്രമായി. അപ്പോള്‍, കുളി കഴിഞ്ഞു വന്ന് ഉറക്കെ പൊട്ടിചിരിച്ചു കൊണ്ട് അവള്‍ ചോദിക്കുകയാണ് 'അല്ല സിനി ചേച്ചീ... ഞാന്‍ പുറകേ വരാന്‍ പറഞ്ഞപ്പോള്‍ എന്തു ധൈര്യത്തിലാ നിങ്ങള്‍ ഒക്കെ എന്റെ പുറകേ വന്നത് ...' എന്ന്. അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത ആ ദുര്‍ഘട വഴിയുടെ പകുതിയില്‍ കൊണ്ട് നിര്‍ത്തിയിട്ട്, അയ്യോ തിരിച്ചു പോകാം എന്ന് പറയാന്‍ ധൈര്യമില്ലാതെ അവള്‍ ഞങ്ങളില്‍ നിന്നും അവള്‍ക്ക് രക്ഷപെടാനായി എല്ലാവരെയും പുറകേ കൊണ്ടു പോകുകയായിരുന്നു.. എന്തായാലും ടൂറിസം വകുപ്പിനോട്. സ്ത്രീ സൗഹാര്‍ദം പ്രസംഗിച്ചാല്‍ പോര, വിനോദ സഞ്ചാര മേഖലകളില്‍ അത് പ്രാവര്‍ത്തികമാക്കുകയും വേണം.
Content Highlights: kodikuthimala trekking malappuram travelogue