പഴയ കെട്ടിടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്നു; ഇല്ലാതാവുന്നത് കൊച്ചിയുടെ പൗരാണിക സൗന്ദര്യം

മഴക്കാലം തുടങ്ങിയപ്പോള്‍ തന്നെ കൊച്ചിയില്‍ പുരാതനമായ ഒരു കെട്ടിടം തകര്‍ന്ന് വീണു. ഫോര്‍ട്ടുകൊച്ചി റോസ് സ്ട്രീറ്റിലെ നിര കെട്ടിടങ്ങളില്‍ ഒന്നാണ് വീണത്. 200 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. പഴയ കാല മാതൃകയിലുള്ള ഓട് മേഞ്ഞ ഈ കെട്ടിടം നിര്‍മിക്കുന്നതിന് ഉപയോഗിച്ച സാധനങ്ങളെല്ലാം തകര്‍ന്നു.
മഴ ശക്തമാകുമ്പോള്‍, കൊച്ചിയില്‍ പഴയ കെട്ടിടങ്ങള്‍ വീഴുന്നത് പതിവ് സംഭവമാണ്. കൊച്ചിയിലെ ഫയര്‍ സര്‍വീസ് ഏറ്റവും കൂടുതല്‍ വിയര്‍ക്കുന്നതും മഴക്കാലത്ത് പഴയ കെട്ടിടങ്ങള്‍ വീഴുമ്പോഴാണ്. അവിടേക്ക് കൂടുതല്‍ വിളികള്‍ വരുന്നത് മഴക്കാലത്താണ്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പ്രദേശങ്ങളില്‍ 60 ശതമാനത്തോളം വീടുകളും പഴക്കമുളളതാണ്. അതുകൊണ്ടാണ് ആ പ്രദേശങ്ങളില്‍ പൗരാണികത തുടിച്ച് നില്‍ക്കുന്നതായി അനുഭവപ്പെടുന്നത്. കെട്ടിടങ്ങള്‍ ഓരോന്നായി വീഴുമ്പോള്‍, പൗരാണിക ഭംഗി തുടച്ച് നീക്കപ്പെടുകയാണ്.
മാഞ്ഞു പോകുന്ന പൈതൃകം
അധിവേശത്തിന്റെ അവശേഷിപ്പുകളാണ് കൊച്ചി എന്ന ചരിത്ര നഗരത്തിന്റെ മുഖമുദ്ര. നിര നിരയായി നില്‍ക്കുന്ന പഴയ കെട്ടിടങ്ങള്‍, ഗോഡൗണുകള്‍ എന്നിവയൊക്കെ കൊച്ചിയുടെ സ്വത്താണ്. ' ഹെറിറ്റേജ് ടൂറിസം സ്‌പോട്ട് ' എന്ന ലേബലിലാണ് കൊച്ചിയുടെ ടൂറിസം തന്നെ മാര്‍ക്കറ്റ് ചെയ്യുന്നത്. പുരാതന യൂറോപ്യന്‍ നഗരത്തിന്റെ അഴകാണ് കൊച്ചിക്ക്. അത് കാണാനാണ് കൊച്ചിയിലേക്ക് വിദേശസഞ്ചാരികള്‍ എത്തുന്നത്. പൈതൃക ഭംഗിയെ അടിസ്ഥാനമാക്കി വളര്‍ന്ന് വന്ന സംസ്ഥാനത്തെ ഏക ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്.
പൈതൃക ഭംഗി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ടൂറിസത്തിന് കനത്ത തിരിച്ചടിയാകും. കെട്ടിടങ്ങള്‍ വീഴുന്നത് മാത്രമല്ല, പ്രശ്‌നം. പകരം വരുന്ന പുതിയ കെട്ടിടങ്ങള്‍ പഴമയടെ സൗന്ദര്യം ചോര്‍ത്തിക്കളയുന്നു. തൊട്ടടുത്തുളള പുരാതന കെട്ടിടത്തിന്റെ ശോഭയും ഇതോടെ ഇല്ലാതാകുകയാണ്. പഴയത് വീഴുന്നതും, എല്ലാ നിയമങ്ങളും ലംഘിച്ച് പുതിയ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ നിര്‍മിക്കുന്നതും പ്രശ്‌നമാകുകയാണ്.
വ്യവസ്ഥകളില്‍ ഇളവ് വേണം
കൊച്ചിയിലെ പഴയ കെട്ടിടങ്ങള്‍ നന്നാക്കാന്‍ അതിന്റെ ഉടമകള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. പഴയവ നിലനിര്‍ത്തുന്നതിനുള്ള ചിലവ് തന്നെ ഭാരിച്ചതാണ്. അതിനേക്കാള്‍ പ്രശ്‌നം അതിനുളള അനുമതി തേടലാണ്. കൊച്ചിയില്‍ കെട്ടിടങ്ങള്‍ പുതുക്കി നിര്‍മിക്കുന്നതിന് വലിയ നിയന്ത്രണങ്ങളുണ്ട്. പഴയത് റിപ്പയര്‍ ചെയ്യുന്നിന് പോലും വലിയ നടപടികക്രമങ്ങളാണ്. ഇതിന് ആര്‍ക്കിയോളജി വകുപ്പിന്റെ അംഗീകാരവും വേണം. വലിയ കടമ്പകള്‍ കടക്കാതെ കെട്ടിട റിപ്പയറിങ്ങിന് അനുമതി ലഭിക്കില്ല. ഇതറിയാവുന്ന സാധാരണക്കാര്‍, കെട്ടിടം അറ്റക്കുറ്റപ്പണി നടത്താന്‍ കൂട്ടാക്കുന്നില്ല. തനിമ നിലനിര്‍ത്തി കെട്ടിടം അറ്റക്കുറ്റപ്പണി ചെയ്യുന്നവര്‍ക്ക് വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യമയുരുന്നുണ്ട്. വ്യവസ്ഥകള്‍ ഉദാരമാക്കിയാല്‍ തനിമ ചോരാതെ, കെട്ടിടം പുതുക്കാന്‍ ഒട്ടേറേ പേര്‍ തയ്യാറാകും.
നിയമം ലംഘിച്ച് പുതുനിര്‍മാണം
ഒരിടത്ത് പഴയ കെട്ടിടങ്ങള്‍ തകരുമ്പോള്‍, മറ്റ് പല ഭാഗത്തും പുതിയ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്നതും കൊച്ചിയില്‍ കാണാം. പൈതൃക നഗരത്തില്‍ കെട്ടിട നിര്‍മാണത്തിന് കര്‍ശനമായ നിയമങ്ങളുങ്കെിലും, അതൊക്കെ കാറ്റില്‍പ്പറത്തിയുള്ള നിര്‍മാണങ്ങള്‍ വ്യാപകമാണ്. ഫോര്‍ട്ടുകൊച്ചിയില്‍ രണ്ട് നിലയില്‍ കൂടുതല്‍ കെട്ടിട നിര്‍മാണം പാടില്ലെന്നാണ് ചട്ടം. അത് കൂടാതെ പുതിയവ നിര്‍മിക്കുമ്പാള്‍, പഴയ മാതൃകയിലുളള കെട്ടിടം നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് ഈ നിയമങ്ങളൊന്നും പാലിക്കാതെ കെട്ടിടം കെട്ടുന്നത് കാണാം. കോര്‍പ്പറേഷനാണ് ഇത്തരം നിര്‍മാണങ്ങള്‍ക്ക കൂട്ട് നില്‍ക്കുന്നത്. പഴമ നിലനിര്‍ത്താനൊന്നും ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യമില്ല. ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രം, ഇടപെട്ടെന്ന് വരുത്തി അവര്‍ തലയൂരും. പൈതൃക നഗരത്തില്‍ കെട്ടിട നിര്‍മാണത്തിന് പൈതൃക കമ്മീഷന്റെ അനുമതി വേണമെന്നാണ് നിയമം. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് പൈതൃക കമ്മീഷനിലുളളത്. ഫയല്‍ അവര്‍ കാണാതെ കെട്ടിടം നിര്‍മിക്കരുതെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ കൊച്ചിയിലെ പല ഫയലുകളും പൈതൃക കമ്മീഷന്റെ മുന്നിലെത്തുന്നില്ല. അതിന് മുമ്പ് തന്നെ, കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുകയാണണ്ട്. അറ്റക്കുറ്റപ്പണിക്ക് അനുമതി നല്‍കാത്തവര്‍, പുതിയ കെട്ടിടത്തിന് അനുമതി നല്‍കുന്നതും കാണാം. ഇതിന് പിന്നില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. പണം ഇറങ്ങുമ്പോള്‍, നിയമങ്ങള്‍ കണ്ണടയ്ക്കുന്നു...
പൈതൃക കമ്മീഷന്‍ കണ്ണ് തുറക്കണം
കൊച്ചിയില്‍ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടം നിര്‍മിക്കുമ്പോള്‍, നടപടിയെടുക്കേണ്ടത് പൈതൃക കമ്മീഷനാണ്. മെട്രോ ജെട്ടിക്ക് വേണ്ടി കെട്ടിടം നിര്‍മിച്ചപ്പോള്‍, പൈതൃകം നഷ്ടപ്പെടുന്ന വിധം നിര്‍മാണം നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. പൈതൃക കമ്മീഷന്‍ ഇടപെട്ടുവെങ്കിലും ആ നിര്‍മാണമൊന്നും തടയാനായില്ല. അതുപോലെ പലയിടത്തും നിര്‍മാണം നടക്കുന്നു. പൈതൃകം നിലനിര്‍ത്താനുളള ഇടപെടലുകള്‍ നടത്തേണ്ട ചുമതല പൈതൃക കമ്മീഷനാണ്. പഴയ കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയിലാകുമ്പോള്‍, അവയെ കേടുകൂടാതെ നിലനിര്‍ത്തുന്നതിനും പൈതൃക കമ്മീഷന്റെ ഇടപെടലാകണം.
കൊച്ചി എന്ന വിഖ്യാത പൈതൃക നഗരം നേരിടുന്നത് രണ്ട് പ്രശ്‌നങ്ങളാണ്. ഒന്ന് പഴയ കെട്ടിടങ്ങളുടെ തകര്‍ച്ച. രണ്ട് നിയമം ലംഘിച്ച് പഴമയെ നശിപ്പിച്ചുള്ള നിര്‍മാണം. രണ്ടും ഒരു പോലെ അപകടമാണ്. കൊച്ചി എന്ന പഴമയുടെ നഗരത്തെ നിലനിര്‍ത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയാണുണ്ടാകേണ്ടത്.
Content Highlights: kochi, heritage tourism, old buildings, kerala tourism