നെപ്പോളിയന്റെ ജന്മനാട്, ബ്രിട്ടീഷ് അഡ്മിറലിന്റെ കണ്ണ് പോയ ഇടം; ഇന്നിത് ഫ്രാൻസിന്റെ സൗന്ദര്യദ്വീപ്

കടലോരക്കാഴ്ചകളുടെ സ്വർഗം എന്ന് വിശേഷിപ്പിക്കാം ഫ്രാൻസിലെ കോർസിക്ക ദ്വീപിനെ. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ചതും ബ്രിട്ടീഷ് അഡ്മിറലായിരുന്ന നെൽസൺ പ്രഭുവിന് കണ്ണ് നഷ്ടപ്പെട്ടതും ഇവിടെയാണ്. സഞ്ചാരികളുടെ പറുദീസയായ ഇവിടെ സന്ദർശിക്കുന്നതിന് മുമ്പ് ഈ നാടിനെ അടുത്തറിഞ്ഞിരിക്കണം.
മെഡിറ്ററേനിയനിലെ നാലാമത്തെ വലിയ ദ്വീപാണ് കോർസിക്ക. സിസിലി, സാർഡീനിയ, സൈപ്രസ് എന്നിവയാണ് മറ്റുമൂന്നെണ്ണം. ഹൈക്കർമാരുടെ സ്വർഗം എന്നറിയപ്പെടുന്ന ഇവിടെ 2000 മീറ്ററിലധികം ഉയരമുള്ള 120 പർവതങ്ങളാണ് ദ്വീപിലുള്ളത്. 2,706 മീറ്റർ ഉയരമുള്ള മോണ്ടെ സിന്റോയാണ് ഇതിൽ ഏറ്റവും വലുത്.
1768-ൽ റോമാക്കാർ കീഴടക്കുകയും പിന്നീട് ബൈസന്റൈൻ ഭരണത്തിൻ കീഴിലാവുകയും ചെയ്ത ശേഷം, ഇറ്റലിയിലെ ജെനോയിസാണ് കോർസിക്ക ഭരിച്ചത്. ഇതിന് തൊട്ടടുത്ത വർഷമാണ് ഭാവി ഭരണാധികാരിയായ നെപ്പോളിയൻ ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം രണ്ട് വർഷം ബ്രിട്ടീഷ് അധീനതയിലായിരുന്നു ഈ ദ്വീപ്.
1794-ൽ കോർസിക്കയിൽ പാരീസും കോർസിക്കൻ ദേശീയവാദികളും തമ്മിൽ നടന്ന സംഘർഷത്തിനിടെയാണ് അന്ന് പിടിയിലായ ബ്രിട്ടീഷ് അഡ്മിറൽ നെൽസൺ പ്രഭുവിന് വലതുകണ്ണ് നഷ്ടമായത്. 1970-കളുടെ മധ്യത്തിൽ വിഘടനവാദി നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് കോർസിക്ക (FLNC) ബോംബാക്രമണം ആരംഭിച്ചു. മുതിർന്ന ഫ്രഞ്ച് ഉദ്യോഗസ്ഥരെയും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുമായിരുന്നു അവർ ലക്ഷ്യമിട്ടത്.
1980-1990 കളിൽ ദ്വീപിൽ വിവിധ രഹസ്യ സംഘങ്ങളുടെ ആക്രമണം തുടർന്നു. ഇതാകട്ടെ 1998- ഫെബ്രുവരി 6-ന് ദ്വീപിലെ സർക്കാർ പ്രതിനിധിയായ ക്ലോഡ് എറിഗ്നാക്കിന്റെ കൊലപാതകത്തിലും. 2014-ലാണ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് കോർസിക്ക സായുധ പ്രചാരണം അവസാനിപ്പിച്ചത്.
1991 മുതൽ, 3,40,000 ആളുകളുള്ള ദ്വീപ് മറ്റ് ഫ്രഞ്ച് പ്രദേശങ്ങളെ അപേക്ഷിച്ച് സ്വയംഭരണാവകാശം കൂടുതൽ ആസ്വദിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസം, പരിസ്ഥിതി, ഗതാഗതം എന്നീ മേഖലകളിൽ. 2015 ൽ ദ്വീപിൽ അധികാരത്തിൽ വന്ന ദേശീയ സഖ്യം കൂടുതൽ സ്വയംഭരണം തേടി. പക്ഷേ കോർസിക്കയുടെ പല ആവശ്യങ്ങളശും പാരീസ് നിരാകരിക്കുകയാണുണ്ടായത്. ഫ്രഞ്ച് ഭാഷയ്ക്കൊപ്പം കോർസിക്കൻ ഭാഷയേയും ഔദ്യോഗികമായി അംഗീകരിക്കുക, രാഷ്ട്രീയത്തടവുകാരുടെ പൊതുമാപ്പ് എന്നിവയെല്ലാം അതിൽപ്പെടുന്നു.
ഫ്രാൻസിലെ വലിയ വ്യവസായങ്ങളില്ലാത്ത മേഖലകൂടിയാണ് കോർസിക്ക. ആട്ടിൻ പാലിൽ നിന്നുണ്ടാക്കുന്ന ചീസ്, കാട്ടുപന്നിയിറച്ചി, പാസ്ത തുടങ്ങി സമൃദ്ധമായ ഭക്ഷണരീതിയാണ് ദ്വീപിലേത്. വിനോദസഞ്ചാരമാണ് പ്രധാന വരുമാനമാർഗം. ഇതിന് പുറമേ വൈൻ ഉത്പാദനം, ജീവജാലങ്ങളുടെ പരിപാലനം, സിട്രസ് പഴങ്ങൾ, പീച്ച് എന്നിവയുടെ കൃഷി തുടങ്ങിയവയാണ് മറ്റുവരുമാനമാർഗങ്ങൾ.
Content Highlights: Corsica, History of a French Island, Mediterranean Island, Napoleon Bonaparte