അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ജനതയുടെ ഓർമയിലേക്ക് വാതിൽ തുറന്ന് കാനഡയിലെ ഹ്യൂറോൺ ഗ്രാമം

ചില യാത്രകൾ ഒരു സ്ഥലത്തേക്കല്ല, ഒരു കാലത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നതു. ചില വാതിലുകൾ തുറക്കുമ്പോൾ മനുഷ്യരുടെ ഓർമകൾ തെളിഞ്ഞുവരുന്നു. കാനഡ മിഡ്ലാൻഡിലെ ഹ്യൂറോൺ ഗ്രാമത്തിലേക്കുള്ള യാത്ര അത്തരം അനുഭവമായിരുന്നു.
വേനൽക്കാലത്തിലെ വരണ്ട കാറ്റും ചൂടും നിറഞ്ഞ ദിവസമായിരുന്നു മിഡ്ലാൻഡിലെ ഹ്യൂറോണിയ മ്യൂസിയത്തിലേക്ക് തിരിച്ചത്. പെട്ടെന്ന് തീരുമാനിച്ച യാത്രയായിരുന്നു. ഭക്ഷണമൊന്നും കരുതിയിരുന്നില്ല. ഹൈവേ സർവീസ് പ്ലാസയായ 'ഓൺ റൂട്ടിൽ നിന്ന് വിശപ്പകറ്റാനായി. ദീർഘയാത്രകളിൽ വിശ്രമിക്കാനും ഫ്രഷാകാനും ഇന്ധനം നിറയ്ക്കാനും ഭക്ഷണത്തിനും എല്ലാം ഈ 'ഓൺ റൂട്ടുകളാണ് ആശ്രയം. വൈകാതെ ഹ്യൂറോണിയ മ്യൂസിയത്തിന്റെ പ്രവേശന കവാടം മുന്നിൽ തെളിഞ്ഞു. വണ്ടി പാർക്ക് ചെയ്തപ്പോൾ മ്യൂസിയത്തിനു തൊട്ടുമുന്നിൽ മരത്തടികൾകൊണ്ട് ചുറ്റപ്പെട്ട ഗ്രാമം കണ്ടു. വലിയ കവാടം അടഞ്ഞുകിടക്കുകയായിരുന്നു. കൗണ്ടറിൽ നിന്ന് ടിക്കറ്റും വിവരക്കുറിപ്പുകളും കൈമാറിയശേഷം വലിയ താക്കോലും തന്നു. 'ഗ്രാമത്തിന്റെ വാതിൽ തുറക്കാനുള്ള താക്കോലാണത് ' കൗണ്ടറിലെ യുവതി പറഞ്ഞു. അപ്പോൾ കാര്യം മനസ്സിലായില്ല. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ മനസ്സിലായി ഇത് വെറും മരവാതിലല്ല, അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ജനതയുടെ ഓർമകളിലേക്കുള്ള വാതിലാണെന്ന്. മരവാതിൽ തുറന്ന് അകത്തുനിന്ന് കുറ്റിയിട്ടു. പുറത്തുള്ള ലോകത്തിന്റെ ശബ്ദങ്ങൾ ആ വാതിലിനപ്പുറത്തേക്ക് ഒഴിഞ്ഞു. യൂറോപ്യന്മാരുടെ വരവിനു മുമ്പേ ജോർജിയൻ ബേ പ്രദേശത്ത് ജീവിച്ചിരുന്ന ഹ്യൂറോൺ-വെൻഡാറ്റ് ജനതയുടെ ഗ്രാമത്തിന്റെ പുനഃസൃഷ്ടിയിലേക്കാണ് പ്രവേശിച്ചത്.
ചോളത്തോട്ടത്തിലൂടെയാണ്ഗ്രാമത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. പുറത്തുനിന്നു നോക്കിയാൽ അകത്ത് ഗ്രാമമുണ്ടെന്നു തോന്നില്ല. വളഞ്ഞുപുളഞ്ഞ വഴിയിലൂടെ മുന്നോട്ടു പോകുമ്പോൾ ഓരോ കുടുംബങ്ങളെയും പ്രതിനിധീകരിക്കുന്ന മുഖംമൂടികൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. അതിനപ്പുറത്താണ് ഗ്രാമത്തിന്റെ ഉള്ളറകൾ .
ആത്മീയ ചടങ്ങുകൾക്കുള്ള കുടിൽ, മുഖംമൂടികൾ സൂക്ഷിച്ചിരിക്കുന്ന കൂടാരം, മത്സ്യം ഉണക്കുന്ന റാക്കുകൾ, ലോംഗ്ഹൗസ്, കോൺ ഫീൽഡ്, ബോൺ പിറ്റ്, രോമങ്ങൾ ഉണക്കാനുള്ള റാക്ക്, ശ്മശാന റാക്ക്... അങ്ങനെ ഗ്രാമത്തിന്റെ ദൈനംദിന ജീവിതത്തിലെ പ്രധാന ഘടകങ്ങളെല്ലാം ആ വേലിക്കെട്ടിനുള്ളിൽ പുനഃസൃഷ്ടിച്ചിരിക്കുന്നു. സ്വെറ്റ് ലോഡ്ജ് പ്രത്യേക ശ്രദ്ധ നേടി. പരമ്പരാഗതമായി റെഡ് ഇന്ത്യൻ വിഭാഗക്കാർ (Huron-Wendat) ശരീരം ശുദ്ധീകരിക്കാനും രോഗശാന്തിക്കായും ഉപയോഗിച്ചിരുന്ന പ്രത്യേക തരം കുടിലാണിത്.
തടിയും മൃഗങ്ങളുടെ തോലും കൊണ്ട് നിർമ്മിച്ച, ഉയരം കുറഞ്ഞ വൃത്താകൃതിയിലുള്ള കുടിലാണിത്. കുടിലിനുള്ളിൽ ചൂടായ കല്ലുകളിൽ വെള്ളമൊഴിച്ച് ആവി ഉണ്ടാക്കിയുള്ള ശുദ്ധീകരണ പ്രവർത്തികൾ നടത്തും. നമ്മുടെ ആധുനിക 'സോന'യുടെ വളരെ പുരാതനമായ രൂപം എന്നു പറയാം. എന്നാൽ സോനയിൽനിന്നു വ്യത്യസ്തമായി, ഇവിടെ ആത്മാവിനാണ് കൂടുതൽ പ്രാധാന്യം.
ഈ വിശുദ്ധ ഇടത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല വാമൊഴിക്കഥകളുമുണ്ട്. അവയിൽ ബ്ലാക്ക്ഫുട്ട് ജനതയുടെ സ്‌കാർഫേസ് കഥ ഏറെ പ്രസിദ്ധവും.
പണ്ടൊരിക്കൽ ഗോത്രത്തലവന്റെ സുന്ദരിയായ മകളെ വിവാഹം കഴിക്കാൻ ഗ്രാമത്തിലെ യുവാക്കളെല്ലാം ആഗ്രഹിച്ചു. മുഖം മുഴുവൻ വടുക്കളുള്ള ദരിദ്രനായ സ്‌കാർഫേസ് എന്ന യുവാവിനും ആഗ്രഹമുണ്ടായിരുന്നു. അതവൾ പരിഹാസത്തോടെ നിരസിച്ചു. അപമാനിതനായി ഗ്രാമം വിട്ടുപോയ സ്‌കാർഫേസ് ക്ഷീണിതനായി വഴിയിൽ വീണുകിടക്കുമ്പോണ് മോർണിങ് സ്റ്റാർ അത് വഴിയെത്തിയത്. അദ്ദേഹം സ്‌കാർഫേസിനെ സ്വന്തം വീട്ടിലേക്കു ക്കൊണ്ടുപോയി. അവിടെ സൂര്യനും ചന്ദ്രനും ചേർന്ന് അവനെ പരിചരിച്ചു. പിറ്റേന്നു കണ്ണുതുറന്നപ്പോൾ അവന്റെ വടുക്കളെല്ലാം അപ്രത്യക്ഷമായിരുന്നു. അവൻ മോർണിങ് സ്റ്റാറിനെപ്പോലെ സുന്ദരനായി. ഭൂമിയിലേക്കു മടങ്ങുമ്പോൾ സ്വെറ്റ് ലോഡ്ജ് നിർമ്മിക്കുന്ന രീതിയും രോഗശാന്തിയുടെ അറിവും സൂര്യനും ചന്ദ്രനും അവനു പകർന്നു നൽകിയത്രേ. പിന്നീട് സ്‌കാർഫേസ് തന്റെ ജനതയ്ക്കിടയിൽ അത് പ്രചരിപ്പിച്ചു. രോഗശാന്തിയുടെ വഴിയാക്കുകയും ചെയ്തു .
സ്വെറ്റ് ലോഡ്ജിനപ്പുറം ബോൺ പിറ്റും, അതിനു പിന്നിൽ വിവിധ ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന കളപ്പുരയും കണ്ടു. അടുത്തതായി ശ്മശാനവും മത്സ്യം ഉണക്കുന്ന റാക്കുകളും. ഈ ഗ്രാമത്തിലൂടെ നടന്നു തീരുമ്പോൾ അഞ്ചുനൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന ജനതയുടെ ക്രമവും അച്ചടക്കവും പ്രകൃതിയോടുള്ള അടുപ്പവും വ്യക്തമായി അനുഭവിക്കാം. പിന്നീട് അവരുടെ ജീവിതത്തിലേക്കു കടന്നുകയറി ആ സംസ്‌കാരത്തെ തകർത്ത ചരിത്രവും ഓർമയിലെത്തും. ലണ്ടനിലെ വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യൻ ആർക്കിയോളജിയുടെയും പയനിയർ ലൈഫിന്റെയും ഡയറക്ടറായിരുന്ന ഡബ്ല്യു. വിൽഫ്രിഡ് ജൂറിയാണ് (1890-1981) ഈ ഹ്യൂറോൺ ഗ്രാമം സൃഷ്ടിച്ചത്.
Content Highlights: Immersive 500-year-old historical reconstruction of Huron-Wendat life., Cultural significance of the traditional Sweat Lodge for healing., Insight into the Scarface legend and indigenous spiritual origins., Preservation of pre-European settlement history in Midland, Ontario., Educational value regarding indigenous architecture and daily survival.