50,000 രൂപ മതി; ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന 9 രാജ്യങ്ങള്‍ ഇവയാണ്

ലൈംസ്റ്റോണ്‍ മലനിരകള്‍, വിയറ്റ്‌നാം | Photo - Mathrubhumi archives
ലൈംസ്റ്റോണ്‍ മലനിരകള്‍, വിയറ്റ്‌നാം | Photo - Mathrubhumi archives

അവധിക്കാലം പ്രിയപ്പെട്ടവർക്കൊപ്പം പുറംരാജ്യങ്ങളിൽ ആഘോഷിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ചെലവിനെപ്പറ്റി ആലോചിക്കുമ്പോൾ ആ സ്വപ്നത്തെ മാറ്റിവെക്കുന്നവരാകും അധികം പേരും. വിമാനനിരക്ക് മുതൽ ഭക്ഷണച്ചെലവ് വരെയുള്ള കണക്കുകൾ ബജറ്റ് പരിധി വിടുന്നതിനാൽ വിനോദയാത്രകൾ ഉപേക്ഷിക്കുന്നവരും കുറവല്ല. എന്നാൽ വിദേശയാത്രയ്ക്ക് യഥാർഥത്തിൽ ഇത്രയും ചെലവ് വരുന്നുണ്ടോ? ഇല്ലെന്നുള്ളതാണ് വാസ്തവം. സൗകര്യപ്രദമായ വിമാനയാത്രയും താമസവും ഭക്ഷണവും അടങ്ങിയ ആഡംബര യാത്രനടത്താം, അതേസമയം അമ്പതിനായിരം രൂപക്കുള്ളിൽ മാത്രം ചെലവ് വരുന്ന ഒമ്പത് രാജ്യങ്ങളെ പരിചയപ്പെടാം. 


1. നേപ്പാൾ

 ഹിമാലയനിരകളുടെ നടുവിലായി സ്ഥിതിചെയ്യുന്ന നേപ്പാൾ മനോഹരമായ തടാകങ്ങളും സമാധാനപരമായ ആശ്രമങ്ങളും കൊണ്ട് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രാജ്യമാണ്. ഇന്ത്യക്കാർക്ക് ഈ രാജ്യം സന്ദർശിക്കാൻ വിസ ആവശ്യമില്ലെന്ന സൗകര്യവുമുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ കുറഞ്ഞ ചെലവിൽ ബസ്, ട്രെയിൻ എന്നീ സേവനങ്ങളും ലഭ്യമാണ്. ഏകദേശം 50,000  രൂപ കൊണ്ട് ഒരു നേപ്പാൾ യാത്ര സുഖപ്രദമായി പൂർത്തിയാക്കാൻ സാധിക്കും. 

2. ശ്രീലങ്ക 

ഹിക്കാഡുവ ബീച്ച്, ശ്രീലങ്ക | Photo -  AFP
 

ഇന്ത്യക്കാർക്ക് ബജറ്റിന്റെ തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന മറ്റൊരു മനോഹരമായ രാജ്യമാണ് ശ്രീലങ്ക. സമുദ്രത്തിരയിൽ പ്രതിഫലിക്കുന്ന അതുല്യമായ തീരപ്രദേശങ്ങളും സംസ്കാരവും ചരിത്രവും ചേർന്ന വേറിട്ട അനുഭവമാണ് ഈ രാജ്യം സമ്മാനിക്കുന്നത്. കൊളംബോ, ഗാൾ, കാണ്ടി തുടങ്ങിയ നഗരങ്ങളിൽ ക്ഷേത്രങ്ങൾ, ബീച്ചുകൾ, ചായത്തോട്ടങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ കുറഞ്ഞ ചെലവിൽ സന്ദർശിക്കാനാവും.

3. വിയറ്റ്നാം

കുറഞ്ഞ ചെലവിൽ രുചികരമായ ആഹാരം, താമസ സൗകര്യങ്ങൾ, ഹാനോയി, ഡാ നാങ്, ഹോചിമിൻ സിറ്റി പോലുള്ള പ്രധാന നഗരങ്ങളിലെ വിലകുറഞ്ഞ ഗതാഗത സംവിധാനം എന്നിവ വിയറ്റ്നാമിന്റെ പ്രത്യേകതകളാണ്. സഞ്ചാരികൾക്ക് ബജറ്റിനുതകുന്ന വിധത്തിൽ സമൃദ്ധവും വൈവിധ്യപൂർണവുമായ ഒരു അനുഭവം വിയറ്റ്നാം നൽകുന്നതുകൊണ്ട് തന്നെ  ബജറ്റ് ഫ്രണ്ട്‌ലി വിനോദസഞ്ചാര ലക്ഷ്യമായി ഇന്ത്യാക്കാർ വിയറ്റ്നാം തിരഞ്ഞെടുക്കുന്നു.

4 തായ്‌ലൻഡ്

പട്ടായയിലെ ബീച്ച് | Photo - AFP

ശാന്തമായ ബീച്ചുകൾ, മനോഹരമായ ഭൂപ്രദേശങ്ങൾ, ആത്മീയ ക്ഷേത്രങ്ങൾ, ഉത്സാഹജനകമായ നൈറ്റ് ലൈഫ് എന്നിവയെല്ലാം തായ്‌ലാൻഡിന്റെ സവിശേഷതകളാണ്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന, എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിദേശ രാജ്യമെന്ന നിലയിൽ തായ്‌ലൻഡ് ഇന്ത്യക്കാർക്കിടയിൽ പ്രസിദ്ധമാണ്. ടിക്കറ്റ് നിരക്ക് കുറവുള്ള വിമാനങ്ങൾ, എത്തിയ ശേഷം വിസ ലഭ്യമാകുന്ന സംവിധാനം (visa on arrival), കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങൾ, ബജറ്റിനുതകുന്ന ഭക്ഷണശാലകൾ തുടങ്ങി നിരവധി അനുയോജ്യമായ ഓപ്ഷനുകൾ ഇവിടെയുണ്ട്.

5. ലാവോസ് 

നാംസോങ് നദി, ലാവോസ് | Photo - Mathrubhumi archives


തിരക്ക് നിറഞ്ഞ ദൈനംദിന ജീവിതത്തിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷം ആസ്വദിക്കാൻ താല്പര്യപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് ലാവോസ്. ഇവിടെ ജീവിതശൈലി വളരെ സമാധാനപരവും ശാന്തവുമാണ്. ഉയരമേറിയ പർവതങ്ങളും തിങ്ങിനിറഞ്ഞ പച്ചക്കാടുകളും ലാവോസിന്റെ സവിശേഷതയാണ്. ഇന്ത്യക്കാർക്ക് ഇവിടെ എത്തുമ്പോൾ വിസ ലഭിക്കുന്നതിനോടൊപ്പം (visa on arrival), ദിവസേന ചെലവാകുന്ന തുകയും വളരെ കുറവാണ്. അതിനാൽ ബജറ്റിനുള്ളിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ലാവോസ് മികച്ച ഓപ്ഷനാണ്.


6. ഭൂട്ടാൻ

ടൈഗേഴ്സ് നെസ്റ്റ് ബുദ്ധാശ്രമം, ഭൂട്ടാന്‍ | ഫോട്ടോ: Mathrubhumi archives


ശാന്തിയും ആത്മീയതയും നിറഞ്ഞ ഭൂട്ടാൻ ഇന്ത്യക്കാർക്ക് ഏറെ അനുയോജ്യമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ഇന്ത്യക്കാർക്ക്  പ്രത്യേക വിസയോ പ്രവേശന നടപടികളോ നേരിടേണ്ടി വരുന്നില്ല എന്നതാണ് ഭൂട്ടാനോട് ഇന്ത്യക്കാർക്ക് പ്രിയമേറാൻ കാരണം. ഇവിടെ ഭക്ഷണം, താമസം, യാത്ര എന്നിവ വളരെ കുറഞ്ഞ ചെലവിൽ ലാഭമാകും, അതിനാൽ തിമ്ഫു, പാരോ പോലുള്ള നഗരങ്ങളിലെ ആത്മീയ ആശ്രമങ്ങൾ സന്ദർശിക്കാൻ എളുപ്പത്തിൽ സാധിക്കുന്നതാണ്.

7. ഇന്തോനേഷ്യ (ബാലി)

ബാലി, ഇന്തോനേഷ്യ | Photo - Mathrubhumi archives

അതിശയിപ്പിക്കുന്ന പ്രകൃതിഭംഗിയാൽ ടുറിസ്റ്റുകളുടെ പ്രിയപ്പെട്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ മുൻനിരയിലാണ് ബാലിയുടെ സ്ഥാനം. യാത്രയ്ക്ക് മുമ്പ് തന്നെ ബുക്ക് ചെയ്താൽ വിമാന ടിക്കറ്റുകൾ വിലക്കുറവിൽ ലഭ്യമാകും. ഇന്ത്യക്കാരായ സഞ്ചാരികൾക്ക് മതിപ്പുളവാക്കുന്ന നെല്ലുനിലങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, സൂര്യപ്രകാശമുള്ള ബീച്ചുകൾ എന്നിവ ബാലിയുടെ പ്രത്യേകതകളാണ്. ഭക്ഷണത്തിനും താമസത്തിനും പുറമെ ഗതാഗത സൗകര്യവും ബാലിയിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.

8.അർമേനിയ

തിങ്ങിനിറഞ്ഞ മലനിരകളും സമാധാനപരമായ ആശ്രമങ്ങളും നിറഞ്ഞ മറ്റൊരു മനോഹരരാജ്യമാണ് അർമേനിയ. വിലക്കുറഞ്ഞ വിമാന ടിക്കറ്റുകൾ, ചെലവുകുറഞ്ഞ ഭക്ഷണവും താമസവും എന്നിവയോടെ, ബജറ്റിനുള്ളിൽ തന്നെ ഒരു സുഖകരമായ യാത്ര  അർമേനിയയിൽ ആസൂത്രണം ചെയ്യാൻ സാധിക്കും.
 

9. കംബോഡിയ

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വിനോദസഞ്ചാര സൗഹൃദപരമായ രാജ്യങ്ങളിൽ ഒന്നാണ് കംബോഡിയ. ചരിത്രപരമായ കാഴ്ചകളെക്കൂടാതെ വിസ്മയിപ്പിക്കുന്ന ഭംഗിയുള്ള സ്ഥലങ്ങൾ കൊണ്ടാണ് കംബോഡിയ സഞ്ചാരികളെ ആകർഷിക്കുന്നത്.  ഫ്നോം പെൻ, സിയം റീപ്പ് പോലുള്ള നഗരയാത്രകൾ വളരെക്കുറഞ്ഞ ചെലവിൽ  നടത്താൻ സാധിക്കും. രാജ്യത്തെ  താമസ സൗകര്യങ്ങൾ, ഗതാഗത സംവിധാനം, ഭക്ഷണം എന്നിവ വളരെ വിലക്കുറവിൽ യാത്രികർക്ക് ലഭ്യമാണ്.

Content Highlights: 9 budget friendly foreign countries for indians