ഇതിപ്പോ എവിടെ നിന്ന് വന്നു? സിപ് ലൈൻ സഞ്ചാരിക്കരികിലേക്ക് ഒരു അപ്രതീക്ഷിത അതിഥി

ചെയ്യുന്നവരിലും കാണുന്നവരിലും കൗതുകവും അതേസമയം ചെറിയ ഭയവും ഉണ്ടാക്കുന്നവയാണ് സിപ് ലൈനിലെ അഭ്യാസ പ്രകടനങ്ങൾ. അഭ്യാസം നടത്തിക്കൊണ്ടിരിക്കുമ്പോൾ പ്രതീക്ഷിക്കാതെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പറയുകയും വേണ്ട. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ.
കോസ്റ്റ റിക്കയിലെ ഗോ അഡ്വഞ്ചർ അരീനൽ പാർക്കിലാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്. സിപ് ലൈനിലൂടെയുള്ള സാഹസികവിനോദത്തിലേർപ്പെട്ട കുട്ടിയുടെ ദേഹത്തേക്ക് ചാടിവീഴുന്ന കുട്ടിത്തേവാങ്കാണ് വീഡിയോയിലുള്ളത്. തേവാങ്കിനെ ശക്തിയായി ഇടിച്ച കുട്ടിസഞ്ചാരി ഭയപ്പാടോടെ സംസാരിക്കുന്നതും ഇത് സ്ലോത്താണോ എന്ന് ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ ഒന്നും സംഭവിക്കാത്തതുപോലെ വള്ളിയിൽ തൂങ്ങി നിൽക്കുന്ന ജീവിയേയും കാണാം.
ഇതെങ്ങനെ സംഭവിച്ചെന്ന് വ്യക്തമാവുന്നില്ലെന്ന് പാർക്ക് ഉടമ ഫ്ളാവിയോ ലെയ്റ്റൺ റാമോസ് പ്രതികരിച്ചു. പതുക്കെ സഞ്ചരിക്കുന്ന ജീവിയാതിനാൽ അഭ്യാസപ്രകടനം നടക്കുന്ന സിപ് ലൈനിൽ നിന്ന് പതിനഞ്ച് മിനിറ്റോളമെടുത്താണ് തേവാങ്ക് ഒഴിഞ്ഞുപോയതെന്നും റാമോസ് പറഞ്ഞു.
മരത്തിൽ വസിക്കുന്ന മൃഗങ്ങളാണ് സ്ലോത്തുകൾ. മധ്യ, തെക്കേ അമേരിക്കയിലെ മഴക്കാടുകളിലാണിവ പ്രധാനമായും കാണപ്പെടുന്നത്. ദിവസവും 15 മുതൽ 20 മണിക്കൂർ വരെ ഉറങ്ങുന്നവയാണ് കുട്ടിത്തേവാങ്കുകൾ.
Content Highlights: boy and sloth, zipline accident, costa rica