നായക്കുട്ടിയുമായി ഓള്‍കേരള സൈക്കിള്‍ റൈഡ്; നാട്ടുകാര്‍ക്ക് ആവേശമായി ജിബിനും ജെന്നയും

റോഡ് ഷോ...മുദ്രാവാക്യം. റോഡിലാകെ തിരഞ്ഞെടുപ്പ് ആവേശം. വാഹനങ്ങള്‍ അല്‍പ്പം സമയത്തേക്ക് നിര്‍ത്തിയിട്ടിരിക്കുന്നു. അപ്പോള്‍ അവിടേക്ക് ഒരു സൈക്കിള്‍ വന്നുനിന്നു. അതോടെ അവിടെനിന്നും ഇവിടെനിന്നുമൊക്കെ ആളുകള്‍ ഓടിക്കൂടി. സെല്‍ഫി എടുത്തുതുടങ്ങി.
സൈക്കിളിന് മുമ്പിലിരുന്ന സുന്ദരി നായക്കുട്ടി 'ജെന്ന'യെ കാണാനും കൊഞ്ചിക്കാനും ഓടിക്കൂടിയവരായിരുന്നു അവര്‍. തന്റെ ഉടമയായ ജിബിനൊപ്പം 'സേവ് ചില്‍ഡ്രണ്‍' എന്ന ആശയവുമായി ഓള്‍ കേരള സൈക്കിള്‍ റൈഡിന് ഇറങ്ങിയതാണ് കക്ഷി. കൊടുങ്ങല്ലൂരുനിന്ന് തുടങ്ങിയ യാത്ര 40-ാം ദിവസമാണ് ഇരുവരും ഇടുക്കി ജില്ലയില്‍ എത്തുന്നത്.
റൈഡിങ് പാര്‍ട്നര്‍
കൊടുങ്ങല്ലൂര്‍ മുല്ലശ്ശേരി ജിബിന്‍ ഷാജിക്ക് പണ്ടുതൊട്ടേ നായക്കുട്ടികളെന്നാല്‍ ജീവനാണ്. യാത്രയോടും ഏറെ ഇഷ്ടം. 2023 ഫെബ്രുവരി 16-നാണ് 56 ദിവസം പ്രായമായ ലാസാപ്സോ ഇനത്തില്‍പ്പെട്ട ജെന്നയെ വാങ്ങുന്നത്. അന്നുമുതല്‍ ജെന്നയായി ജിബിന്റെ റൈഡിങ് പാര്‍ട്നര്‍.
മോട്ടോര്‍ സൈക്കിള്‍ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന ജിബിന്‍ കുറച്ച് നാള്‍ മുന്‍പ് അത് രാജിവെച്ചു. പിന്നീടാണ് ഓള്‍ കേരള സൈക്കിള്‍ റൈഡ് എന്ന ആശയം ഈ ഇരുപത്തിരണ്ടുകാരന്റെ മനസ്സില്‍ ഉദിക്കുന്നത്. തന്റെ റൈഡ് പാര്‍ട്ണറെയും കൂടെ കൊണ്ടുപോകാന്‍ തീരുമാനിച്ചു. അതിനായി സൈക്കിളിന്റെ മുന്‍പില്‍ നായ്ക്കുട്ടിക്ക് നില്‍ക്കുന്നതിനും പിറകില്‍ കിടന്നുറങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കി. ഭക്ഷണം ശേഖരിച്ച് വെയ്ക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി.
ആദ്യം കാസര്‍കോടേക്കായിരുന്നു യാത്ര. അവിടന്ന് ഓരോ ജില്ലകള്‍ പിന്നിട്ട് ഇടുക്കിയിലെ തൊടുപുഴയില്‍ വ്യാഴാഴ്ച എത്തി.
ഇതിനിടെ വിവിധ സ്ഥലങ്ങളിലെ കുട്ടികളുമായി സംസാരിച്ചു. അവര്‍ക്ക് പരീക്ഷാ പേടി മാറാനും സുരക്ഷിതമായി ഇരിക്കുന്നതിനുമുള്ള ടിപ്സ് നല്‍കി. ജെന്നയെ കണ്ട് കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇവര്‍ക്കരികിലേക്ക് എത്തുന്നുണ്ട്.
വെയില്‍ അധികമായ രാവിലെ ഒന്‍പതിന് യാത്ര അവസാനിപ്പിക്കും. പിന്നെ വൈകീട്ട് നാലുമുതല്‍ ക്ഷീണിക്കുന്നതുവരെ തുടരും. കൈയില്‍ ടെന്‍ഡുണ്ട്.
സുരക്ഷിതമായ സ്ഥലത്ത് ടെന്റ് കെട്ടി താമസിക്കും. യാത്രയുടെ വീഡിയോകള്‍ voyager47 എന്ന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളില്‍ അപ്ലോഡ് ചെയ്യും. ഇനി കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കാണ് ഇരുവരുടെയും യാത്ര.
Content Highlights: all kerala cycle ride, jibin and jenna, pet dog