ബ്രിട്ടീഷുകാര്‍ കണ്ണുവെച്ച വയനാടന്‍ സ്വര്‍ണഖനി; ബാണാസുരസാഗറിലെ ഓളപ്പരപ്പിനടിയിലുണ്ട് ആ നാട്

മലനിരകൾ മുഖംനോക്കിനില്‍ക്കുന്ന ബാണാസുരസാഗറിലെ ജലാശയം ഓളപ്പരപ്പ് കൊണ്ട് മൂടിയ ഒരുപാട് ഓര്‍മകളുണ്ട്. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ഇന്നലെകളില്‍ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരുടെ കണ്ണീര്‍ക്കയങ്ങള്‍ക്ക് ഈ ജലാശയത്തേക്കാളും ആഴമുണ്ട്. തരിയോട് എന്ന ഗ്രാമത്തോടൊപ്പം അണക്കെട്ട് കവര്‍ന്നെടുത്ത ചരിത്രവും കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോള്‍ ഇവയെ പുതിയ കാലത്തിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ ഒരു ഗ്രാമജീവിതത്തിന്റെ നന്മയാര്‍ന്ന കഥകളുണ്ട്. നഷ്ടപ്രതാപങ്ങളുടെ ചരിത്രം അയവിറക്കുകയാണ് ഇന്ന് തരിയോട് പൈതൃക ഗ്രാമം.
ബാണാസുരസാഗര്‍ ജലാശയം കൈകള്‍ നീട്ടിയതോടെ നാടും നഗരവുമെല്ലാം വെള്ളത്തിനടിയിലായി. പതിറ്റാണ്ടുകളായി ഇവിടെ വേരാഴ്ത്തിയ കുടുംബങ്ങളും നാനാഭാഗങ്ങളിലേക്കായി ഒഴിഞ്ഞുപോയി. അണക്കെട്ടെന്ന വികസനവിസ്മയത്തിന് മുമ്പില്‍ ജീവിതം കൈവിട്ടുപോയവരും തിരിച്ചുപിടിച്ചവരും ധാരാളമുണ്ട്. കാര്‍ഷികസമ്പന്നതയുടെ അടയാളങ്ങളായിരുന്ന തറവാടുകള്‍, കുടിയേറ്റത്തിന്റെ ചരിത്രം അവശേഷിപ്പിച്ച കൃഷിയിടങ്ങള്‍ എല്ലാമെല്ലാം ജലാശയം കവര്‍ന്നെടുത്തു.
Content Highlights: thariyode gold mine wayanad travel destination