എംജിആറും ജയലളിതയും കരുണാനിധിയും ഉറങ്ങുന്ന മണ്ണ്;സുനാമിയും ജെല്ലിക്കെട്ട്പ്രക്ഷോഭവും ആര്‍ത്തലച്ച തീരം

#സിബി മാത്യു കൊട്ടാരക്കര
മറീന ബീച്ചില്‍ നിന്നുള്ള കാഴ്ച്ചകള്‍ | Photo: Special Arrangement
മറീന ബീച്ചില്‍ നിന്നുള്ള കാഴ്ച്ചകള്‍ | Photo: Special Arrangement

രിത്രപരമായും അതിലേറെ രാഷ്ട്രീയപരമായും വളരെ പ്രാധാന്യമുള്ള ഒന്നാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയുടെ പ്രധാന ആകര്‍ഷണമായ മറീന ബീച്ച്. ലോകത്തിലെ നഗരങ്ങളിലുള്ള നീളം കൂടിയ രണ്ടാമത്തെ ബീച്ചാണ് മറീന, ഇന്ത്യയിലെ ഒന്നാമത്തെതും. തെക്ക് സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിനടുത്തു നിന്നാരംഭിച്ച് ബസന്ത് നഗര്‍ വരെ 12 കി.മീ നീളത്തില്‍ ബീച്ച് നീണ്ടു കിടക്കുന്നു. നഗരത്തില്‍ ഒഴിവു സമയം ആനന്ദകരമാക്കാന്‍ എത്തുന്ന തദ്ദേശിയര്‍ക്കൊപ്പം ബഹുദൂരം താണ്ടി വരുന്ന സഞ്ചാരികളും ചേര്‍ന്ന് എപ്പോഴും സജീവമാണ് മറീന ബീച്ച്. ഭാര്യയ്‌ക്കൊപ്പം മെറീന ബീച്ചിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍. 

ഓണം അവധിക്ക് ദോഹയില്‍ നിന്ന് നാട്ടില്‍ എത്തിയതായിരുന്നു. പെട്ടെന്നാണ് ഭാര്യ അനു പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായി വാങ്ങുന്നതിനായി ചെന്നൈയിലേക്ക് പോകേണ്ടി വന്നത്. തീവണ്ടി കയറുമ്പോള്‍ തന്നെ മനസ്സില്‍ ആഗ്രഹിച്ചിരുന്നു മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം സമയം ലഭിക്കുമെങ്കില്‍ സമീപമായുള്ള മറീന ബീച്ചിലേക്ക് പോകണമെന്ന്. തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ ഇന്ത്യയിലെ ഒരു പ്രധാന മെട്രോപോളിറ്റനും, കോസ്‌മോപൊളിറ്റനുമായ നഗരമാണ്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന നഗരം എന്നതിനേക്കാളുപരി തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നും ചെന്നൈ അറിയപ്പെടുന്നു. 

ചെന്നൈയുടെ ചരിത്രം നോക്കിയാല്‍ പല്ലവ, ചോള, പാണ്ഡ്യ, വിജയനഗര്‍ തുടങ്ങിയ രാജവംശങ്ങള്‍ ഇവിടെ ഭരിച്ചുവെന്ന് കാണാനാകും. പിന്നീട് പോര്‍ച്ചുഗീസ്, ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ കോളനിവല്‍ക്കരണവും ഈ നഗരം കണ്ടു. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി വൈവിധ്യങ്ങളാണ് ചെന്നൈയുടെ പ്രത്യേകത. ബംഗാള്‍ ഉള്‍ക്കടലിലെ കോറമാണ്ടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന മറീന ബീച്ച് ചെന്നൈ നഗരത്തിന്റെ കിഴക്ക് ഭാഗത്തായാണ്. 

1880-കളില്‍ മദ്രാസ് തുറമുഖം നിര്‍മിക്കുന്നതിന് മുമ്പ് ഈ കടല്‍ത്തീരം ചെളി നിറഞ്ഞ പ്രദേശമായിരുന്നു. ഇവിടെ ഒരു പ്രൊമെനേഡ് രൂപീകരിക്കുന്നതിനായി ബ്രിട്ടീഷ് ഗവര്‍ണര്‍ മൗണ്ട്സ്റ്റുവര്‍ട്ട് എല്‍ഫിന്‍സ്റ്റണ്‍ ഗ്രാന്റ്ഡഫ് നടപടികള്‍ സ്വീകരിക്കുകയും 'മദ്രാസ് മറീന' എന്ന് ഇതിനെ നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് മറീന ബീച്ച് സാമൂഹിക സാംസ്‌കാരിക ഒത്തുചേരലുകളുടെയും പൊതു പരിപാടികളുടെയും കേന്ദ്രമായി മാറുകയായിരുന്നു. അനേകം ബഹുജന റാലികള്‍ക്കും രാഷ്ട്രീയ യോഗങ്ങള്‍ക്കും വേദിയായി മറീനയുടെ മണല്‍. ഗാന്ധിജി, തിലക്, നേതാജി തുടങ്ങിയവര്‍ സ്വാതന്ത്ര്യസമരകാലത്ത് ജനങ്ങളെ ഇവിടെ നിന്ന് അഭിസംബോധന ചെയ്തിരുന്നു. 

ഇന്നും ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട തുറസ്സായ സ്ഥലങ്ങളിലൊന്നായ മറീന ബീച്ച് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നടക്കുന്ന പരേഡുകള്‍ പോലെയുള്ള നിരവധി സുപ്രധാന ദേശീയ സാംസ്‌കാരിക പരിപാടികള്‍ക്ക്  ആതിഥേയത്വം വഹിക്കുന്നു. എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ നടക്കുന്ന പൊങ്കല്‍ ആഘോഷത്തില്‍ 150,000 ല്‍ പരം ജനങ്ങള്‍ ബീച്ചില്‍ എത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റി മാരത്തണായ ചെന്നൈ മാരത്തണ്‍ മറീന ബീച്ചിനടുത്തുള്ള അണ്ണാ സ്‌ക്വയറില്‍ നിന്നാണ് ആരംഭിക്കുന്നത്. നിരവധി തമിഴ്, മലയാളം സിനിമകളില്‍ മറീന ബീച്ച് പശ്ചാത്തലമായിട്ടുണ്ട്.

ലേഖകന്‍ മറീന ബീച്ചില്‍ | Photo: Special Arrangement

ഉച്ചയോടെ നല്ല വെയില്‍ ഉണ്ടായിരുന്നുവെങ്കിലും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഞങ്ങള്‍ ബീച്ചിലേക്ക് നടക്കാന്‍ തീരുമാനിച്ചു. ദാഹം അകറ്റാനായി നാരങ്ങയും ഇഞ്ചിയും ചേര്‍ത്ത കരിമ്പിന്‍ ജ്യൂസ് വാങ്ങിക്കുടിച്ച്  'ട്രയംഫ് ഓഫ് ലേബര്‍' പ്രതിമയുടെ സമീപത്തുകൂടെ ബീച്ചിലേക്ക് കത്തുന്ന സൂര്യനെ വകവെക്കാതെ നടന്നു. മറീന ബീച്ച് വിനോദത്തിന്റെയും ഉല്ലാസത്തിന്റെയും കൂടി സ്ഥലമാണ്. ദിവസേന 40,000ത്തിലധികം ആളുകളും വാരാന്ത്യങ്ങളില്‍ അരലക്ഷത്തിലധികം ആള്‍ക്കാരും ഇവിടെ എത്താറുണ്ടെന്നാണ് കണക്ക്. 

സ്വര്‍ണ മണല്‍ നിറഞ്ഞ ഈ ബീച്ച് പന്ത്രണ്ട് കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നതിനാല്‍ പ്രത്യക്ഷത്തില്‍ തിരക്ക് അനുഭവപ്പെടില്ല. വൈകുന്നേരങ്ങളില്‍ മറീന ബീച്ച് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവ നഗരിയാകും. ബീച്ചിന്റെ തീരങ്ങളിലുള്ള ഭക്ഷണശാലകള്‍ വളരെ പ്രസിദ്ധമാണ്. പലതരത്തിലുള്ള മത്സ്യങ്ങള്‍ പൊരിക്കാനായി മസാല പുരട്ടി വെച്ചിരിക്കുന്നു. വറുത്ത കോളിഫ്‌ലവറും ബജിയും മറ്റ് പലഹാരങ്ങളും വില്‍ക്കുന്ന കടകള്‍. തട്ടുകടകളില്‍ നിരവധി ഭക്ഷ്യവസ്തുക്കള്‍, കൂടുതലും വറുത്ത മത്സ്യം, ഉപ്പിലിട്ട നെല്ലിക്ക മാങ്ങ കൈതച്ചക്ക, സുണ്ടല്‍, നിലക്കടല, മുറുക്ക്, അരിഞ്ഞതും മസാല ചേര്‍ത്തതുമായ പഴങ്ങള്‍, ഐസ്‌ക്രീം, ചുട്ട സ്വീറ്റ് കോണ്‍, പാനി പൂരി മുതലായവ വില്‍ക്കുന്ന കടകളുടെ നീണ്ട നിര. 

വൈകുന്നേരങ്ങളില്‍ ഇവിടം ഭക്ഷണത്തിന്റെയും പൂക്കളുടെയും കൗതുക വസ്തുക്കളുടെയും വിപുലമായ വിപണന കേന്ദ്രമായി മാറും. നൂറുകണക്കിന് കച്ചവടക്കാരുടെ ഉപജീവനകേന്ദ്രം കൂടിയാണ് ഇവിടം. വിരല്‍കോര്‍ത്ത് തോളിലേക്കു ചാരി ചേര്‍ന്നിരുന്ന് സ്വപ്നങ്ങള്‍ കാണുന്നവര്‍, കുതിര സവാരി നടത്തുന്നവര്‍, കുട്ടികളുമായി കടല്‍ കാണാന്‍ എത്തിയ മാതാപിതാക്കള്‍. ആഞ്ഞടിക്കുന്ന തിരമാലകള്‍, വെള്ള നുരയും നീല ജലവും, നഗരത്തിരക്കുകളില്‍ നിന്ന് ഇവിടെയെത്തുന്നവര്‍ക്ക് ആശ്വാസമാവുമെന്ന് ഉറപ്പ്. മറീന ബീച്ചില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഇവിടം നീന്തലിന് അനുയോജ്യമല്ലെങ്കില്‍ പോലും ധാരാളം ആളുകള്‍ തിരകളില്‍ കുളിച്ചുല്ലസിക്കുന്നു. 

മറീനയുടെ തീരത്തിരുന്നാല്‍ കടലില്‍ സൂര്യന്‍ അസ്തമിക്കുന്നത് കാണാനാകില്ല, ഉദിച്ചുയരുന്നതു കാണാം. ബീച്ച് ഭംഗിയായി പരിപാലിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള ഓള്‍ ടെറെയ്ന്‍ വാഹനങ്ങളില്‍ കറങ്ങി ബീച്ച് മാര്‍ഷല്‍മാര്‍ നിരീക്ഷണം നടത്തുകയും ബീച്ച് വൃത്തികേടാക്കുന്നവര്‍ക്ക് കയ്യോടെ പിഴ ചുമത്തുമെന്നും കേട്ടിരുന്നു. എന്നിരുന്നാലും മണല്‍ത്തീരം വൃത്തിയുടെ കാര്യത്തില്‍ കുറച്ചു പുറകോട്ടാണെന്നു തോന്നി. കുറച്ച് സമയം അവിടെ നിന്നതിനു ശേഷം  ഞങ്ങള്‍ തിരികെ നടന്നു. ചിപ്പിയും കക്കയും മറ്റും വില്‍ക്കുന്ന നിരവധി കടകള്‍, അവയില്‍ ഒന്നില്‍ നിന്ന് അനു നേവയ്ക്കായി മുത്തുച്ചിപ്പി മാലയും നീലിന് അക്വേറിയത്തില്‍ ഇടാനായി ഒരു കിറ്റ് വിവിധ ആകൃതിയിലുള്ള  ശംഖുകളും, വീട്ടിലേക്ക് ചിപ്പികള്‍ കൊരുത്ത ഒരു കര്‍ട്ടനും വാങ്ങി.

ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ, പാര്‍ലമെന്റ് മന്ദിരത്തിലുള്ളത് പോലെ 'ദണ്ഡിയിലേക്ക് മാര്‍ച്ച്' പ്രതിമയും, 'ട്രയംഫ് ഓഫ് ലേബര്‍' പ്രതിമയും ഗാന്ധി പ്രതിമയും ബീച്ചില്‍ സ്ഥാപിച്ചു. 1968-ല്‍ അവ്വയാര്‍, തിരുവള്ളുവര്‍, കമ്പര്‍, സുബ്രഹ്‌മണ്യ ഭാരതിയാര്‍, ഭാരതിദാസന്‍, വീരമാമുനിവര്‍, ദ്രാവിഡോളജിസ്റ്റ് കാള്‍ഡ്വെല്‍, ജി.യു. പോപ്പ് എന്നിവരുള്‍പ്പെടെ ആദ്യ ലോക തമിഴ് സമ്മേളനത്തെ അടയാളപ്പെടുത്തുന്നതിനായി തമിഴ് സാഹിത്യത്തിലെ പ്രധാനികളായവരുടെ പ്രതിമകള്‍ പലയിടങ്ങളിലായി സ്ഥാപിച്ചു. മഹാത്മാഗാന്ധി, ആനി ബസ്സന്റ്, സുഭാഷ് ചന്ദ്രബോസ്, എം. ഭക്തവത്സലം, കാമരാജ്, രാജാജി, കണ്ണകി, ശിവാജി ഗണേശന്‍, തുടങ്ങി ജീവസ്സുറ്റ നിരവധി പ്രതിമകള്‍ തീരം അലങ്കരിക്കുന്നു. 

Photo: Special Arrangement

കടല്‍തീരത്തുനിന്ന് ഞങ്ങള്‍ നടന്നത് തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിലെ മഹാമേരുക്കളായ അണ്ണാദുരൈയും, എംജിആറും, ജയലളിതയും, കരുണാനിധിയും അന്ത്യവിശ്രമം കൊള്ളുന്നിടത്തേക്കാണ്. എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നത്തിന്റെ രൂപത്തിലുള്ള കൂറ്റന്‍ കവാടം, മദ്ധ്യത്തിലായി കുതിച്ചുപായുന്ന ഒരു സ്വര്‍ണ്ണ കുതിരയും. ഇരട്ടത്തൂണുകള്‍ കടന്നു ചെന്ന ഞങ്ങളെ ശില്‍പരൂപത്തില്‍ എം.ജി.ആറും ജയലളിതയും വരവേറ്റു. മുന്നിലേക്ക് നടന്നപ്പോള്‍ എംജിആറിന്റെ ശവകുടീരവും പുഞ്ചിരിക്കുന്ന ചിത്രവും. 

10 വര്‍ഷം തമിഴ്‌നാടിന്റെ 'മുതല്‍ അമൈച്ചര്‍' (മുഖ്യമന്ത്രി) ആയിരുന്ന മലയാളിയായ എം.ജി.ആര്‍ ഇന്നും തമിഴന്റെ വികാരമാണ്. അതുകൊണ്ടാണ് തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുപോലും ജനങ്ങള്‍ മറീനയിലെ ഈ മാര്‍ബിള്‍ കുടീരത്തിലെത്തുന്നത്. അവരെ സ്വാഗതം ചെയ്ത് ആ കല്ലറയ്ക്കുള്ളിലിരുന്ന് എം.ജി.ആര്‍ ഇപ്പോഴും സംസാരിക്കുന്നുണ്ടെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. എം.ജി.ആറിന്റെ പിന്‍ഗാമിയായി തമിഴ്‌നാടിന്റെ ഭരണം കൈയിലേന്തി 14 വര്‍ഷം മുഖ്യമന്ത്രിയായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രൗഢ പ്രതീകമായ 'അമ്മ' ജയലളിത ഒടുവില്‍ അന്ത്യവിശ്രമം തന്റെ പ്രിയങ്കരനായ നേതാവിന്റെ പിന്നില്‍ തന്നെയായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. 

ഫിനിക്‌സ് എന്നു പേരിട്ട അമ്മ സ്മാരകത്തിന്റെ അതിമനോഹരമായ മാര്‍ബിള്‍ ശില്‍പ്പത്തിനടുത്തേക്ക് ഞങ്ങള്‍ നടന്നു. കടല്‍ത്താരാട്ടു കേട്ട് 'അമ്മ' ഉറങ്ങുന്ന ഇടം.  ജയലളിതയുടെ സ്മൃതി മണ്ഡപത്തിലേക്ക് കൈക്കുടന്നയില്‍ ഓര്‍മപ്പൂക്കളുമായി പോകുന്ന ആരാധകര്‍. നിഗൂഢമായി പുഞ്ചിരിക്കുന്ന ജയലളിതയുടെ ചിത്രം നോക്കി കണ്ണീരൊപ്പുന്ന സ്ത്രീകള്‍.

എംജിആര്‍, ജയലളിത സ്മാരകത്തിനു തൊട്ടു വടക്കു വശത്തായി വലിയ മറ്റൊരു കവാടം. അണ്ണാദുരൈയുടെയും കരുണാനിധിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന അവിടം കടന്നുചെന്ന ഞങ്ങളെ കമ്പറുടെയും, തിരുവള്ളുവരുടെയും പ്രതിമകള്‍ വരവേറ്റു. ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ സ്ഥാപകനും തമിഴ് ഭാഷയോടും തമിഴ്‌നാടിനോടും തീവ്രമായ അഭിമാനബോധം ജനങ്ങളില്‍ ആളിക്കത്തിക്കുകയും ചെയ്ത അണ്ണാദുരൈയുടെ സ്വര്‍ണവര്‍ണത്തിലുള്ള പ്രതിമയും മാര്‍ബിള്‍ ശവകുടീരവും സമീപമായി. അറിഞ്ജര്‍ അണ്ണാനിലയവും ഒരു വശത്തായി കണ്ടു. 

ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന് പെരിയാര്‍ തുടക്കം കുറിക്കുമ്പോള്‍ ഇടവും വലവുമുണ്ടായിരുന്ന രണ്ടുപേരാണ് അണ്ണാദുരൈയും കരുണാനിധിയും. മുത്തുവേല്‍ കരുണാനിധി ജീവിതം തുടങ്ങിയതുതന്നെ പോരാളിയായാണ്. മരണശേഷവും അവസാനിക്കാത്ത പോരാട്ടത്തിലൂടെയായിരുന്നു കലൈഞ്ജര്‍ മറീനയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. 2021-ല്‍ കരുണാനിധിയുടെ ഭൗതികശരീരം അടക്കം ചെയ്യാന്‍ മറീന ബീച്ചിലെ അണ്ണാ സമാധിയില്‍ അനുവാദം അന്നത്തെ സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ ചെറിയൊരു കലാപം തന്നെ തമിഴ്‌നാട്ടിലുണ്ടായി. അവസാനനിമിഷം മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് മറീന ബീച്ചില്‍ അടക്കം ചെയ്യാന്‍ അനുമതി ലഭിച്ചത്. വത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഉദയസൂര്യന്റെ ആകൃതിയിലുള്ള മാര്‍ബിള്‍ കുടീരത്തില്‍ അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന തമിഴ് രാഷ്ട്രീയത്തിലും സാഹിത്യത്തിലും സമൂഹത്തിലും ഉന്നതനായിരുന്ന എം. കരുണാനിധി അന്ത്യവിശ്രമം കൊള്ളുന്നു. 

Photo: Special Arrangement

ഭംഗിയായി മത്സരബുദ്ധിയോടെതന്നെ ഈ സ്മാരകങ്ങള്‍ എല്ലാം രൂപകല്പന ചെയ്തിരിക്കുന്നു എന്നത് വിസ്മരിച്ചുകൂടാ. ശക്തമായ പോലീസ് കാവല്‍ ഉള്ള എല്ലാ സമാധികളിലും കെടാവിളക്കുകള്‍ എരിയുന്നു, വളരെ പവിത്രമായി ഇവിടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ഭയം കലര്‍ന്ന ഒരു ബഹുമാനത്തോടെ മാത്രമാണ് തദ്ദേശവാസികള്‍ അവിടേക്ക് പ്രവേശിക്കുന്നത് എന്നതും എടുത്തു പറയേണ്ടതാണ്. ശവകുടീരങ്ങളോട് ചേര്‍ന്ന് നാല് പേരുടെയും മ്യൂസിയങ്ങളും ഉണ്ട്. എംജിആറിന്റെ  രോമതൊപ്പിയും കണ്ണടയും കണ്ടത് പ്രത്യേകം ഓര്‍ക്കുന്നു. ഇനിയെത്ര ശവകുടീരങ്ങള്‍ മറീന കടലോരത്തില്‍ ഉണ്ടാകുമെന്ന് സുപ്രീം കോടതി തീരുമാനിക്കേണ്ടി വരും എന്നതാണ് പുതിയ സംഭവവികാസം.

സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചശേഷം ഒരു ഓട്ടോയില്‍ സമീപമുള്ള ലൈറ്റ് ഹൗസിന് സമീപത്തേക്ക് പോയി. മുകളിലേക്ക് ഒന്ന് കയറണമെന്നുണ്ടായിരുന്നുവെങ്കിലും മൂന്ന് മണിക്ക് ശേഷം മാത്രമാണ് അവിടം സഞ്ചാരികള്‍ക്കായി തുറക്കുന്നത് എന്നതിനാല്‍ സാധിച്ചില്ല. 2008-ല്‍ ബീച്ച് വിപുലമായി നവീകരിക്കുകയും ബീച്ചിലുടനീളം നിരവധി ഇന്‍സ്റ്റലേഷനുകള്‍ സ്ഥാപിക്കുകയും ചെയ്തു. പ്രത്യേകിച്ച് വിളക്കുമാടം മുതല്‍ ട്രയംഫ് ഓഫ് ലേബര്‍ പ്രതിമ വരെയുള്ള 3 കിലോമീറ്റര്‍ ഭാഗത്ത്. ഇവിടെയുള്ള ഒരു കൂറ്റന്‍ ചെസ്സ് ബോര്‍ഡ് കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാണ്. 

ബീച്ച് ക്രിക്കറ്റും, വോളിബോളും, പട്ടം പറത്തലും, യോഗയും ബീച്ചിലെ ജനപ്രിയ വിനോദങ്ങളാണ്. ഗ്രാനൈറ്റ് വിരിച്ച നടപ്പാത പ്രഭാതത്തില്‍ ജോഗിങ്ങിനായി കൂടുതല്‍ പേരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. തീരത്തിനോടു സമാന്തരമായി കിടക്കുന്ന  റോഡിനരികില്‍  ചരിത്രമുറങ്ങുന്ന മനോഹര മന്ദിരങ്ങളുടെ നിരവധികാഴ്ചകള്‍ ഉണര്‍ന്നിരിക്കുന്നുണ്ട് എന്നതും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ചെപ്പോക്ക് കൊട്ടാരം, മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ പ്രൗഢഗംഭീരമായ കെട്ടിടം, പ്രശസ്തമായ പ്രസിഡന്‍സി കോളേജ്, ക്യൂന്‍മേരിസ് കോളേജ്, ജയലളിത യൂണിവേഴ്‌സിറ്റി, പിഡബ്ല്യുഡി ഓഫീസ്, സെനറ്റ് ഹൗസ് എന്നിവ കടല്‍ക്കാറ്റേറ്റ് തലയുയര്‍ത്തി നില്‍ക്കുന്നു. 

ബീച്ചിന് അഭിമുഖമായി തന്നെയാണ് പ്രശസ്തമായ വിവേകാനന്ദ ഹൗസ് സ്ഥിതി ചെയ്യുന്നത്. സമീപത്തായി പാര്‍ഥസാരഥി ക്ഷേത്രവും എംജിആര്‍ സെന്റീനറി ആര്‍ച്ചും. മറീന ബീച്ചിലേക്കുള്ള പുതിയ മെട്രോ ലൈനിന്റെ പണിയും മറ്റ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. കുറച്ചു അകലെയായുള്ള മത്സ്യബന്ധനത്തിന് പോകുന്നവരുടെ ചെറു വള്ളങ്ങളും കട്ടമരനുകളും മറ്റും തീരത്തോടു വന്നുചേരുന്ന ഇടത്തേക്കുകൂടി ഞങ്ങള്‍ പോയി. 

2004 ഡിസംബര്‍ 26 രാവിലെ 8.40-ന് കടല്‍ത്തീരത്ത് സുനാമി തിരമാലകള്‍ ആറ് മീറ്റര്‍ ഉയരത്തില്‍ വരെ ആഞ്ഞടിക്കുകയും ഔദ്യോഗിക കണക്ക് പ്രകാരം കടല്‍ത്തീരത്തുണ്ടായിരുന്ന 206 പേര്‍ ഒലിച്ചുപോവുകയും തീരത്തുള്ള നിര്‍മിതികള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്ത ദാരുണ സംഭവം ഉണ്ടായി. രാവിലെയായതിനാലാണ് മരണസംഖ്യ കുറഞ്ഞത്, മരിച്ചവരില്‍ ഭൂരിഭാഗവും രാവിലെ ജോഗിങ്ങും യോഗയും ചെയ്യുന്നവരും ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളും ഉദയം കാണാനെത്തിയ കുറച്ച് ടൂറിസ്റ്റുകളുമായിരുന്നു. ഇതിലുമേറെ ആള്‍ക്കാര്‍ മരിച്ചുകാണും എന്നാണ് അനൗദ്യോഗിക വിവരം. 

Photo: Special Arrangement

അതുപോലെ തമിഴന്റെ വികാരമായിരുന്ന ജെല്ലിക്കെട്ട് പ്രക്ഷോഭം നടന്നതും മറീന ബീച്ചിലായിരുന്നു. തമിഴ് യുവത്വങ്ങള്‍ ഇരച്ചു വരികയായിരുന്നു ആ ദിവസങ്ങളില്‍ മറീന ബീച്ചിലേക്ക്. കോടതി ജെല്ലിക്കെട്ട് നടത്തുന്നതിനെതിരെ വിധി പ്രഖ്യാപിച്ചപ്പോള്‍ ജെല്ലിക്കെട്ട് അനുകൂല സമരങ്ങളുടെ വേദി കൂടിയായി മാറിയിരുന്നു മറീന ബീച്ച്. തുടര്‍ച്ചയായി 10 ദിവസം ദശലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത ബഹുജന പ്രധിഷേധ സമ്മേളനങ്ങള്‍ നടന്നത് രാജ്യത്തുടനീളമുള്ളവരുടെ ശ്രദ്ധ കടല്‍ത്തീരത്തേക്ക് തിരിഞ്ഞിരുന്നു.

മറീന ബീച്ചിലെ വൈകുന്നേരത്തെ തിരക്കില്‍ ഒന്ന് അലിയണമെന്ന് ഉണ്ടായിരുന്നുവെങ്കിലും സമയപരിമിധി അതിന് ഞങ്ങളെ അനുവദിക്കുന്നില്ല. സന്തോം ബസിലിക്ക കൂടി സന്ദര്‍ശിച്ചതിന് ശേഷം വൈകുന്നേരംതന്നെ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോകേണ്ടതുണ്ട്, മദ്രാസ് മെയിലില്‍ തിരികെ നാട്ടിലേക്ക് പോകുവാന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിട്ടുണ്ട്. കളിവള്ളങ്ങളും ഉല്ലാസ നൗകകളും തളച്ചിടുന്നതിനു വേണ്ട സൗകര്യങ്ങളോടു കൂടിയ കടലോരപ്രദേശം എന്ന അര്‍ത്ഥത്തിലാണ് മറീനക്ക് പേരിട്ടതെങ്കിലും ഈ തീരം വളര്‍ന്ന് വളര്‍ന്ന് ചെന്നൈ നഗരത്തിന്റെ ഹൃദയത്തുടിപ്പായി മാറുമെന്ന് അന്ന് ആരും ഓര്‍ത്തിട്ടുണ്ടാകില്ല. 

നിരവധി പ്രശസ്തരുടെ സ്മൃതി മണ്ഡപങ്ങളും ദ്രാവിഡ രാഷ്ട്രീയത്തിലെ അഗ്രഗണ്യരായ അണ്ണയുടെയും, എംജിയാറിന്റെയും, അമ്മയുടെയും, കലൈഞ്ജരുടെയും അന്ത്യവിശ്രമസ്ഥലങ്ങളും സ്ഥിതി ചെയ്യുന്ന മറീന വെറും ഒരു കടല്‍ത്തീരം മാത്രമല്ല, ഇന്ന് അത് തമിഴരുടെ ഒരു വികാരം കൂടിയാണ്!.

Content Highlights: tamil nadu chennai marina beach travel destinations