മേഘാലയയിലെത്തി മഴ നനഞ്ഞ് മമിത ബൈജു; കാടുകയറിയും വെള്ളച്ചാട്ടത്തില്‍ നീന്തിയും മണ്‍സൂണ്‍ ആഘോഷം

മഴ തുടങ്ങിയതോടെ മഴക്കാല മണ്‍സൂണ്‍ യാത്രകള്‍ക്കായുള്ള അന്വേഷണങ്ങളിലാണ് സഞ്ചാരികള്‍. മഴയും കാടും മഞ്ഞും മലകളും എല്ലാം ചേര്‍ന്നുള്ള പെര്‍ഫക്ട് മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളിലേക്കാണ് വലിയൊരു വിഭാഗം സഞ്ചാരികളും യാത്ര പുറപ്പെടുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരം മമിത ബൈജു ഒരു മഴയാത്രയുടെ ആവേശത്തിലാണ്. മഴയാസ്വദിക്കാന്‍ മേഘാലയയിലെ ഡാവ്കിയിലൂടെയും പ്രശസ്തമായ വേരുപാലത്തിലുമെല്ലാമാണ് മമിതയുടെ സഞ്ചാരം. മേഘാലയയിലെ മറഞ്ഞിരിക്കുന്ന ഒരിടം എന്ന ക്യാപ്ഷനോടെ സാമൂഹിക മാധ്യമങ്ങളില്‍ മമതിയുടെ യാത്രാ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോരിച്ചൊരിയുന്ന മഴയില്‍ തൂക്കുപാലത്തിലും വെള്ളച്ചാട്ടത്തിലും അരുവികളിലുമൊക്കെയായി മേഘാലയ യാത്ര ആഘോഷമാക്കുകയാണ് മമിതയും സംഘവും. മലകയറ്റവും കാട്ടിലുടെയുള്ള നടത്തവും ബാംബൂ ട്രെക്കുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു യാത്ര. മണ്‍സൂണ്‍ യാത്രകള്‍ക്കായി ഇന്ത്യയിലെ മികച്ച ഡെസ്റ്റിനേഷനാണ് മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന മേഘാലയ. അധികം സഞ്ചാരികള്‍ എത്താറില്ലാത്തതിനാല്‍ സ്വാഭാവിക നഷ്ടപ്പെടാത്ത മനോഹരമായ പ്രകൃതിയാണ് മേഘാലയിലുള്ളത്. നേരത്തെ സിനിമ താരം പ്രണവ് മോഹന്‍ലാലും മേഘാലയയിലുടനീളം സഞ്ചരിച്ചിരുന്നു.
ജീവനുള്ള വേര് പാലങ്ങള്‍
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘായയിലെ ചിറാപുഞ്ചിയിലും സമീപപ്രദേശങ്ങളിലുമാണ് ഈ വിസ്മയക്കാഴ്ചയുള്ളത്. ഈ പാലങ്ങള്‍ യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 1844ല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ ഒരു ജേണലില്‍ പ്രസിദ്ധീകരിക്കുന്നതുവരെ ലോകത്തിന് മുമ്പില്‍ മറഞ്ഞിരിക്കുകയായിരുന്നു ഈ വിസ്മയം. നദികള്‍ക്കു കുറുകെ ജീവനുള്ള മരവേരുകളില്‍ മനുഷ്യര്‍ തീര്‍ത്ത ഈ പാലങ്ങള്‍ പ്രകൃതിയെ മനുഷ്യജീവിതവുമായി കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്ന ഒരു സമൂഹത്തിന്റെ ചിന്തയുടെയും അധ്വാനത്തിന്റെയും പ്രതീകം കൂടിയാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ വേരുപാലങ്ങള്‍ക്ക്. ഈ പ്രദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയാവണം അവരെ ഇങ്ങനെയൊരു പാലമെന്ന ചിന്തയിലേക്ക് എത്തിച്ചത്. റബ്ബര്‍ ഫിഗ് (ഫിക്കസ് ഇലാസ്റ്റിക്ക) എന്നറിയപ്പെടുന്ന പടുകൂറ്റന്‍ ശീമയാലുകളാണ് പാലത്തിനായി ഉപയോഗിക്കുന്നത്. ശക്തവും കയര്‍ പോലെയുള്ളതുമായ വേരുകളുള്ള ഈ മരം മേഘാലയയില്‍ ധാരാളമായി കണ്ടുവരാറുണ്ട്. മരത്തിന്റെ വേരുകള്‍ ശാഖകളില്‍നിന്ന് താഴോട്ട് വീണുകിടക്കും. ഈ വേരുകള്‍ ചേര്‍ത്തുവെച്ചാണ് പാലം പണിയുന്നത്.
വേരുകള്‍ പൊള്ളയായ കമുകിന്‍ തടിയ്ക്കുള്ളിലൂടെ, അല്ലെങ്കില്‍ മുളന്തണ്ടില്‍ ഉറപ്പിച്ചുകെട്ടി മറുകരയിലേക്ക് കടത്തി വിടും. വേരുകള്‍ പടര്‍ന്ന് വേറെ വഴിക്ക് പോവാതെ കൃത്യമായി അപ്പുറത്ത് എത്തുവാനാണ് ഇങ്ങനെ ചെയ്യുന്നത്. വര്‍ഷങ്ങള്‍കൊണ്ട് വലുതായി അക്കരെയെത്തുമ്പോള്‍ ഇതിനെ മണ്ണിലേക്കിറക്കും. വേരുകൾ ആവശ്യത്തിന് കരുത്തായിക്കഴിഞ്ഞാൽ ഇതിന്റെ മുകളില്‍ കല്ലോ തടികളോ പാകി പാലമാക്കും. നദിയുടെ ഇരുകരയിലുമുള്ള മരങ്ങളുടെ വേരുകള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് അനേക വര്‍ഷങ്ങളെടുത്താണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്.
ഏഷ്യയിലെ ഏറ്റവും ശുദ്ധമായ നദി
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് ദാവ്കി നദി ഒഴുകുന്നത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയായാണ് ദാവ്കി നദിയുള്ളത്. ഉമന്‍ഗോട്ട് നദിയാണ് ദാവ്കി എന്നറിയപ്പെടുന്നത്. ഇത് ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ നദിയെന്നാണ് ദാവ്കി അറിയപ്പെടുന്നത്. 'ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലിനോംഗ് ഗ്രാമത്തില്‍ ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ നദി ഒഴുകുന്നത്. ജൈന്തിയ മലനിരയ്ക്കും ഖാസി മലനിരയ്ക്കുമിടയിലൂടെയാണ് ഉമന്‍ഗോട്ട് നദി ബംഗ്ലാദേശിലേക്ക് ഒഴുകുന്നത്.
നിരവധി വിനോദസഞ്ചാരികളാണ് ഉമന്‍ഗോട്ട് നദി സന്ദര്‍ശിക്കാനായി മൗലിനോംഗ് ഗ്രാമത്തിലെത്തുന്നത്. ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. നദിയിലൂടെ പോകുന്ന വള്ളങ്ങളുടെ ചിത്രം കണ്ടാല്‍ അന്തരീക്ഷത്തില്‍ വള്ളം പോകുന്നതായേ തോന്നുകയുള്ളു.
വെള്ളം വളരെ തെളിമയുള്ളതാണെന്നും ബോട്ടുകള്‍ വായുവില്‍ പൊങ്ങിക്കിടക്കുന്നതായി തോന്നുമെന്നും സ്ഥലം സന്ദര്‍ശിച്ച ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി പറയുന്നു. നദിയുടെ അടിത്തട്ടിലുള്ള ഉരുളന്‍കല്ലുകളും നീന്തിത്തുടിക്കുന്ന മീനുകളെയും വളരെ വ്യക്തമായി ഇവിടെ കാണാന്‍ സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ആഴങ്ങള്‍ കാണാന്‍ സാധിക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു.
Content Highlights: mamitha baiju monsoon travel meghalaya