മാങ്കുളത്തിന്റെ കവാടം; കൈനഗിരി പച്ചപ്പില്‍ അലിയാം

മാങ്കുളം പഞ്ചായത്തിന്റെ പ്രവേശന കവാടമാണ് കൈനഗിരി. വെട്ടിയൊതുക്കിയ തേയിലതോട്ടങ്ങള്‍ തീര്‍ക്കുന്ന മനോഹാരിതയും കൊച്ചു മൊട്ടക്കുന്നുകളും ദൂരെ അതിര്‍ത്തികാക്കുന്ന കോട്ടപോലെ മലനിരകളും അവയുടെ തുഞ്ചത്തെന്നോണം തങ്ങി നില്ക്കുന്ന മേഘവുമൊക്കെയാണ് ഒറ്റനോട്ടത്തില്‍ കൈനഗിരിയുടെ കാഴ്ച.
കല്ലാര്‍-മാങ്കുളം റോഡിലൂടെയുള്ള യാത്രയില്‍ ഏലക്കാടുകള്‍ പിന്നിട്ട് ആദ്യം എത്തുന്നത് കൈനഗിരിയിലേക്കാണ്. ഒട്ടുമിക്ക വിനോദസഞ്ചാരികളും പാതയോരങ്ങളിലും തേയിലക്കാടുകള്‍ക്ക് ഇടയിലുമൊക്കെയിറങ്ങി ചിത്രങ്ങള്‍ പകര്‍ത്തിയും കാഴ്ച കണ്ടുമൊക്കെയാണ് യാത്ര തുടരാറ്. കൈനഗിരി വെള്ളച്ചാട്ടം ഈ ഭാഗത്താണ്.
പാതയോരത്ത് വാഹനം നിര്‍ത്തി വെള്ളച്ചാട്ടത്തിലേക്ക് നടന്നുപോകാവുന്ന ദൂരമേയുള്ളു. അങ്ങോട്ടേക്കുള്ള ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ മണ്‍പാത ഈ പ്രദേശത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.
കൈനഗിരിയില്‍ നിന്നാരംഭിക്കുന്ന തേയിലത്തോട്ടം മൂന്നാര്‍വരെ പരന്നു കിടക്കുന്നതാണ്. ഇടക്കിടെ കൈനഗിരിക്കുമേല് കോടമഞ്ഞ് വന്ന് മൂടി കാഴ്ച മറയ്ക്കും. കോട നീങ്ങുന്നതോടെ പതിയെ കൈനഗിരിയുടെ ഹരിതകാന്തി തെളിഞ്ഞ് വരും. പച്ചപ്പിന്റെ വന്യതയാണ് കൈനഗിരിയുടെ പ്രധാന ആകര്‍ഷണം. മാങ്കുളം പഞ്ചായത്തില്‍ ഏറ്റവും തണുപ്പനുഭവപ്പെടുന്ന പ്രദേശം കൂടിയാണ് കൈനഗിരി. മൂന്നാറിന് സമാനമായ അന്തരീക്ഷം. വലിയ തിരക്കില്ലാത്തതിനാല്‍ സഞ്ചാരികള്‍ക്ക് എത്രസമയം വേണമെങ്കിലും സ്വസ്ഥമായിരുന്നിവിടെ കാഴ്ചകള്‍ കാണാം.
Content Highlights: kainagiri mankulam idukki travel destination