ഐറിഷ് വസന്തകാലവും സെയ്ന്റ് ബ്രിജീത്തായും | അയര്‍ലന്‍ഡ് വ്യൂ

അയര്‍ലന്‍ഡിന്റെ ഗേലിക് കലണ്ടറില്‍ വസന്തകാലാരംഭമായി അറിയപ്പെടുന്ന ഇംബോള്‍ഗ്, എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിനാണ് ആഘോഷിക്കുന്നത്. ഐറിഷ് സ്ത്രീത്വത്തിന്റെ വിശുദ്ധ പ്രതീകമായി കരുതപ്പെടുന്ന സെയ്ന്റ് ബ്രിജീത്തായുടെ ആഘോഷദിനം കൂടിയാണ് ഒന്നാം തീയതി. ഐറിഷ് ഗ്രാമങ്ങളില്‍ സെയ്ന്റ് ബ്രിജീത്തായുടെ നാമധേയത്തിലുള്ള കുരിശുമാതൃകകള്‍ ആദരപൂര്‍വ്വം ഈ വസന്തകാലത്ത് സ്ഥാപിക്കപ്പെടുന്നു.
കെല്‍ട്ടിക് ഋതുക്കളായ സാവിന്‍, ബെല്‍ട്ടേന്‍, ലൂനാസേദ് ഇംബോള്‍ഗ് എന്നിവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധമായതുമായ ഐറിഷ് ജനത കൊണ്ടാടുന്നത് ഇംബോള്‍ഗിനെയാണ്. പച്ചപ്പുല്‍മേടുകളില്‍ കുതിരകള്‍ ചാടിമറിയുന്നതും കണ്ണുകളെ മോഹിപ്പിക്കുന്ന വര്‍ണപ്പൂക്കള്‍ വിരിയുന്നതും മരച്ചില്ലകളില്‍ പുതുമുകുളങ്ങള്‍ മുളപ്പൊട്ടുന്നതും ഈ കാലത്താണ്. അന്നേദിവസം വീടുകളൊക്കെ വൃത്തിയാക്കി വയ്ക്കുകയും പുതുവസ്ത്രങ്ങളണിഞ്ഞ് പൂന്തോട്ടങ്ങള്‍ അലങ്കരിക്കുകയും വീടിന്റെ ജനലിലും വാതിലിലും സെയ്ന്റ് ബ്രിജീത്തായുടെ കുരിശുമാതൃകകള്‍ ഒരുക്കിവയ്ക്കുകയും പതിവാണ്. രാത്രിയില്‍ എല്ലാവരും ഒരു മേശയ്ക്കുചുറ്റും ഒത്തുകൂടി പ്രാര്‍ഥനയ്ക്കുശേഷം പുഴുങ്ങിയ ഉരുളന്‍കിഴങ്ങ് വിഭവം പങ്കുവച്ച് ഭക്ഷിക്കുന്നു.
വീടിന്റെ ഉമ്മറപ്പടിയില്‍ 'ബ്രാറ്റ് ബ്രീഡ്' എന്നറിയപ്പെടുന്ന നീലയും പച്ചയും വെള്ളയും നിറത്തിലുള്ള വര്‍ണത്തുണികള്‍ മനോഹരമായി അലങ്കരിച്ച് സെയ്ന്റ് ബ്രിജീത്തായുടെ അനുഗ്രഹങ്ങള്‍ക്കായി ഒരുങ്ങുന്നു.
അഞ്ചാം നൂറ്റാണ്ടില്‍ കൗണ്ടി ക്ലെയറിലെ ഡണ്‍ ഡാല്‍ക്കില്‍ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് 'അയര്‍ലന്‍ഡിന്റെ സാട്രണ്‍ സെയ്ന്റ്' എന്നറിയപ്പെടുന്ന സെയ്ന്റ് ബ്രിജീത്താ ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ സെയ്ന്റ് പാട്രിക്കിന്റെ സ്വാധീനംമൂലം കടുത്ത ക്രിസ്തീയ വിശ്വാസിയായാണ് അവള്‍ വളര്‍ന്നത്. അതീവ സുന്ദരിയായിരുന്ന ബ്രിജീത്തായെ ഭൂവുടമയായ ഒരു ധനിക യുവാവിന് വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ തനിക്ക് വിവാഹം വേണ്ടെന്നും പ്രാര്‍ഥനകള്‍ക്കായി ഒരു ദേവാലയം നിര്‍മിക്കാനുള്ള സ്ഥലം മതിയെന്നും ബ്രിജീത്താ പിതാവിനോട് ആവശ്യപ്പെട്ടു. കാര്‍ക്കശ്യക്കാരനും കോപിഷ്ഠനുമായ പിതാവ് ബ്രിജീത്തായുടെ തോളറ്റം വരെ നീളുന്ന വസ്ത്രത്തിന്റെയത്രയളവിന് ഭൂമി നല്‍കാമെന്ന് പരിഹസിച്ചു.
പക്ഷേ വസ്ത്രത്തിന്റെയളവെടുക്കാനായി വന്നവരെ അതിശയിപ്പിച്ചുകൊണ്ട് അവളുടെ വസ്ത്രത്തിന്റെയഗ്രം വളരുകയും കുറേയേറെ ഏക്കര്‍ ഭൂമി കില്‍സെയര്‍ പ്രദേശത്ത് ബ്രിജീത്തായ്ക്കായി നല്‍കേണ്ടിവരികയും ചെയ്തുവെന്നാണ് ഐതിഹ്യം.
അയര്‍ലന്‍ഡിന്റെ ഗ്രാമീണ കാര്‍ഷിക സാംസ്‌കാരിക മേഖലയില്‍ ബ്രിജീത്താ കുരിശുകള്‍ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. ചോളവയലുകളിലും റെപ്പസീഡ് പാടങ്ങളിലും പശുത്തൊഴുത്തുകളിലും സ്ഥാപിക്കുന്ന കുരിശുമാതൃകകള്‍ തങ്ങളുടെ മൃഗങ്ങളേയും കൃഷിയേയും സംരക്ഷിക്കുമെന്നാണ് വിശ്വാസം. 'കയ്ലീ' എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത കാര്‍ഷികാഘോഷത്തില്‍ മഞ്ഞുകാലത്തെ അവസാന ചോളവിളവിനെ പത്തായപ്പുരയില്‍ സൂക്ഷിച്ച് വസന്തകാലാരംഭത്തില്‍ കുതിരകള്‍ക്ക് ഭക്ഷണമായി നല്‍കുന്നു. തണുപ്പുകാലത്തെ സധൈര്യം നേരിട്ടുകഴിഞ്ഞു എന്ന പ്രതീകാത്മക സന്ദേശമാണ് 'കയ്ലീ' എന്ന ഉത്സവത്തിനുള്ളത്. ഉത്സവക്കാലത്ത് ബ്രിജീത്താ കുരിശുമാതൃകകള്‍ തോരണങ്ങള്‍പോലെ പത്തായപ്പുരയ്ക്കും ചുറ്റും ചാര്‍ത്തിയിടുന്നു.
പൈശാചിക സാന്നിധ്യങ്ങളെ ആട്ടിപ്പായിക്കാനും കന്നുകാലികള്‍ക്ക് നല്ല ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും ലഭിക്കാനും ഗ്രാമവാസികള്‍ ബ്രിജീത്താ കുരിശുകളെ തങ്ങളുടെ വീടിനുചുറ്റും സ്ഥാപിക്കുന്നു.
ഐറിഷ് ദേശീയ ചിഹ്നങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടുവരുന്ന സെയ്ന്റ് ബ്രിജീത്താ കുരിശുമാതൃക ഐറിഷ് നഴ്സിങ് ബോര്‍ഡിന്റെ ലോഗോയിലെ മുഖ്യഘടകമാണ്.
Content Highlights: Ireland View, St Brigid, County Kildare
Content Highlights: