മഴ പെയ്തിറങ്ങി,ഡാമുകള്‍ തുറന്നു; നിറഞ്ഞ് പതഞ്ഞൊഴുകി 'കേരളത്തിന്റെ നയാഗ്ര' | ചിത്രങ്ങള്‍ കാണാം

അതിരപ്പിള്ളി, എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ മായക്കാഴ്ച. വര്‍ഷത്തില്‍ വന്യമായും വേനലില്‍ സൗമ്യമായും ഒഴുകുന്ന അതിരപ്പിള്ളിക്ക് കേരളത്തിന്റെ നയാഗ്രയെന്നും വിളിപ്പേരുണ്ട്. മഴ കനത്തതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതോടെ നിറഞ്ഞൊഴുകുകയാണ് അതിരപ്പിള്ളിയിപ്പോള്‍.
വെള്ളച്ചാട്ടം പെയ്യിക്കുന്ന ചാറ്റല്‍മഴ നനയാന്‍ ഇപ്പോള്‍ അതിപ്പിള്ളിയില്‍ വന്നാല്‍ മതി. പാറക്കെട്ടില്‍ തട്ടി ചിന്നിച്ചിതറുന്ന വെള്ളത്തിന്റെ നുരകള്‍ ചാറ്റലാകുന്ന ആ സുഖം അനുഭവിച്ചുതന്നെ അറിയാം. നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ മായക്കാഴ്ച കാണാനായി നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
തൃശൂര്‍ നഗരത്തില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ വലുതും കേരളത്തിന്റെ ടൂറിസം ആകര്‍ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്. 80 അടി ഉയരത്തില്‍ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദര്‍ശകരെ ശരിക്കും അദ്ഭുതപ്പെടുത്തും. പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു കാണാനാവുമെന്നതും പ്രത്യേകതയാണ്. ചാലക്കുടിയില്‍ നിന്ന് 33 കിലോമീറ്റര്‍ ആനമല റോഡിലൂടെ സഞ്ചരിച്ചാല്‍ അതിരപ്പിള്ളിയിലെത്താം. പശ്ചിമഘട്ട മലനിരയിലെ ഷോളയാര്‍ റേഞ്ചിലെ ഏറ്റവും മനോഹരപ്രദേശമായ ഇവിടേക്കുള്ള യാത്ര പോലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും.
ഇവിടെ നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടവും പ്രകൃതി ഒരുക്കിയ മറ്റൊരു അതുല്യകാഴ്ചയാണ്. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ വനം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷന്‍ കൂടിയാണ് ആതിരപ്പിള്ളി. സംവിധയകന്‍ മണിരത്‌നത്തിന്റെ 'രാവണ്‍' എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങള്‍ അതിരപ്പിള്ളിയില്‍ ചിത്രീകരിച്ച് ഗ്രാഫിക്‌സിന്റെ സഹായത്തോടെ വിപുലീകരിച്ചവയാണ്.
Content Highlights: athirappilly waterfalls monsoon travel thrissur destination