'വെള്ളച്ചാട്ടത്തിന്റെ ഭീകരതയും സൗന്ദര്യവും'; നയാഗ്രയ്ക്ക് മുന്നില്‍ വിസ്മയിച്ച് അമേയ മാത്യു

മഹത്തായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിക്കുകയാണ് നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അമേയ മാത്യു. നയാഗ്രയ്ക്ക് സമീപത്ത് നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാനഡ വഴിയാണ് അമേയ നയാഗ്രയ്ക്ക് സമീപമെത്തിയത്. കാനഡ നിന്നുള്ള ചിത്രങ്ങള്‍ അമേയ നേരത്തെയും പോസ്റ്റ് ചെയ്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഭീകരതയും സൗന്ദര്യവും നേരിട്ടു കണ്ട നിമിഷം എന്ന കുറിപ്പോടെയാണ് അമേയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമേയയുടെ ഭാവി വരന്‍ കിരണ്‍ കാനഡയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ജൂണില്‍ ആയിരുന്നു അമേയയുടെയും കിരണിന്റെയും വിവാഹ നിശ്ചയം. തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ചര ലക്ഷത്തോളം പേര്‍ അമേയയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. ആരാധകര്‍ക്കായി മേക്കോവര്‍ ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.
അതിമനോഹരം ഈ നയാഗ്ര
ലോകടൂറിസം ഭൂപടത്തില്‍ അമേരിക്കയെ അടയാളപ്പെടുത്തുന്നത് നയാഗ്ര വെള്ളച്ചാട്ടമാണ്. അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയില്‍ കിടക്കുന്ന നയാഗ്ര നദിയിലാണ് ഈ കൂറ്റന്‍ വെള്ളച്ചാട്ടമുള്ളത്. ശൈത്യകാലത്തും വേനല്‍ക്കാലത്തും ലക്ഷക്കണക്കിന് സഞ്ചാരികളാണ് നയാഗ്ര കാണാനെത്തുന്നത്. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, ഹോഴ്‌സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര വെള്ളച്ചാട്ടം രൂപം കൊള്ളുന്നത്. അമേരിക്കയില്‍ നിന്നു കാനഡയിലേക്കാണ് നയാഗ്ര പതഞ്ഞൊഴുകുന്നത്. അതിനാല്‍ കാനഡയില്‍ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരം.
ലോകത്തിലെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുത നിലയവും ഈ വെള്ളച്ചാട്ടത്തിന്റെ ഭാഗമായുണ്ട്. നയാഗ്ര നദിക്ക് നടക്കുള്ള ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പാലത്തിലൂടെയുള്ള യാത്രയും വിസ്മയിപ്പിക്കുന്ന അനുഭവമാണ്. കനേഡിയന്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിന് വെള്ളച്ചാട്ടത്തിന്റെ വീതി ഒരു കിലോമീറ്ററോളമാണ്. അമേരിക്കന്‍ ഭാഗത്തുള്ള രണ്ടാമത്തെ വെള്ളച്ചാട്ടത്തിന്റെ വീതി നാനൂറ് മീറ്ററുമാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസി യില്‍ നിന്ന് ഏഴു മണിക്കൂര്‍ ബസില്‍ യാത്ര ചെയ്താല്‍ നയാഗ്രയിലെത്താം.
വെള്ളം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ മതിലുപോലെയാണ് വെള്ളച്ചാട്ടം. നയാഗ്ര സന്ദര്‍ശിക്കുന്നവര്‍ നിശ്ചയമായും ചെയ്യേണ്ട ഒന്നാണ് മെയിഡ് ഓഫി ദി മിസ്റ്റ് ബോട്ട് യാത്ര. നയാഗ്ര നദിയിലൂടെ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അടുത്ത് വരെ പോകുന്ന രണ്ട് മണിക്കൂര്‍ ബോട്ട് യാത്ര മറക്കാനാകാത്ത അനുഭവമാണ് ഒരോ സഞ്ചാരിക്കും സമ്മാനിക്കുക. പകല്‍ മാത്രമല്ല നയാഗ്ര സുന്ദരിയാവുന്നത്. രാത്രിയില്‍ വിവിധ വര്‍ണങ്ങളില്‍ നയാഗ്രയിലെ വെള്ളം വെട്ടിത്തിളങ്ങും. പച്ച, വയലറ്റ്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള വെള്ളച്ചാട്ടം കാണാന്‍ നിരവധി സഞ്ചാരികള്‍ രാത്രിയിലും നയാഗ്രയിലെത്തും.
Content Highlights: ameya mathew instagram, niagara falls, canada trip usa