ഗുല്‍മാര്‍ഗിലെ കേബിള്‍ കാറില്‍ പറന്ന് മിന്നല്‍ മുരളി നായിക; അവധി ആഘോഷം കശ്മീരില്‍

മിന്നല്‍മുരളി എന്ന സിനിമയിലെ നായിക 'ബ്രൂസ്ലി ബിജി'യായെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ഫെമിന ജോര്‍ജ്. മിന്നല്‍ മുരളി ഹിറ്റായപ്പോള്‍ ഫെമിന ജോര്‍ജിന്റെ ബ്രൂസ്ലി ബിജി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ കുടുംബത്തോടൊപ്പം ഒരു കശ്മീര്‍ യാത്രയിലാണ് ഫെമിന ഇപ്പോഴുള്ളത്. ആദ്യമായി കശ്മീരില്‍ പോകുന്ന ഫെമിന യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കശ്മീരിലെ പ്രശസ്ത ടൂറിസം കേന്ദ്രങ്ങളായ സോന്മാര്ഗ്, പഹല്‍ഗാം, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെമിന പങ്കുവെച്ചിട്ടുണ്ട്. സിന്ധു നദിയുടെ തീരത്ത് നിന്നും കശ്മീരിലെ മനോഹരമായ കടുക് പാടത്ത് നിന്നുമുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ഗുല്‍മാര്‍ഗിലെ ലോകപ്രശസ്തമായ ഗുല്‍മാര്‍ഗ് ഗൊണ്ടോള കേബിള്‍ കാറില്‍ കയറാനും താരം മറന്നില്ല. ഗൊണ്ടോള റൈഡിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. മഞ്ഞില്‍ പുതഞ്ഞു നില്ക്കുന്ന കശ്മീരാണ് ഫെമിനയുടെ ചിത്രങ്ങളിലുള്ളത്.
ഗുല്‍മാര്‍ഗ് ഗൊണ്ടോള
ഇന്ത്യയുടെ പറുദീസയായ കശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഗുല്‍മാര്‍ഗ്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെത്താറുള്ള ഗുല്‍മാര്‍ഗിലെ ഏറ്റവും വലിയ ആകര്‍ഷണം 'ഗുല്‍മാര്‍ഗ് ഗൊണ്ടോള കേബിള്‍' കാറാണ്. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും നീളവും ഉയരവും കൂടിയ കേബിള്‍ കാര്‍ പ്രോജക്റ്റാണ് ഗുല്‍മാഗ് ഗൊണ്ടോള. ഓണ്‍ലൈന്‍ വഴിയാണ് നിലവില്‍ കേബിള്‍ കാറിന്റെ ടിക്കറ്റുകള്‍ നല്‍കുന്നത്.
1998 ല്‍ ഉദ്ഘാടനം കഴിഞ്ഞ കേബിള്‍ കാറിന്റെ ഒന്നാം ഘട്ടം 8530 അടി ഉയരത്തിലാണ്. 2005ല്‍ പണി പൂര്‍ത്തിയാക്കിയ രണ്ടാം ഘട്ടം 12293 അടി ഉയരത്തിലും. അഫര്‍വത് പര്‍വ്വതത്തിന്റെ മുകള്‍ഭാഗത്തിന്റെ മനോഹരമായ കാഴ്ച ഇവിടെ നിന്നാല്‍ കാണാന്‍ കഴിയും. വായുവില്‍ ഓക്സിജന്റെ അളവ് കുറവായതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ രണ്ടാം ഘട്ടത്തിലേക്ക് പോകാതിരിക്കുന്നതാണ് അഭികാമ്യം. 2011 ല്‍ ഉദ്ഘാടനം ചെയ്ത മൂന്നാം ഘട്ടത്തില്‍ ചെയര്‍ ലിഫ്റ്റിംഗ് സംവിധാനമാണ് ഉള്ളത്.
ശ്രീനഗറില്‍ നിന്ന് 49 കി.മി അകലെ സമുദ്രനിരപ്പില്‍ നിന്ന് 2690 മീറ്റര്‍ ഉയരത്തില്‍ ബാരമുള്ള ജില്ലയിലാണ് ഗുല്‍മാര്‍ഗ്. പീര്‍ പഞ്ചല്‍ പര്‍വ്വതനിരകളിലെ ഒരു കപ്പിന്റെ ആകൃതിയിലുള്ള താഴ്വരയിലാണ് ഗുല്‍മാര്‍ഗ് എന്ന സ്വര്‍ഗ്ഗം. ശിവപത്നിയായ ഗൗരിയുടെ നാമത്തില്‍ 'ഗൗരിമാര്‍ഗ്' എന്നായിരുന്നു ഗുല്‍മാര്‍ഗ് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ചാക് രാജവംശത്തിലെ രാജാവായ യൂസഫ് ഷാ ചാക് ആണ് ഗൗരിമാര്ഗിന് 'പൂക്കളുടെ പുല്‍മേട് ' എന്ന അര്‍ത്ഥം വരുന്ന ഗുല്‍മാര്‍ഗ് എന്ന പേരു നല്‍കിയത്. യൂസഫ്ഷായും രാജ്ഞി ഹബ്ബാ ഖത്തൂണും ഗുല്‍മാര്‍ഗിലെ സ്ഥിര സന്ദര്‍ശകര്‍ ആയിരുന്നു.
ശൈത്യകാലങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം വസന്തകാലങ്ങളില്‍ പൂക്കളുടെ പറുദീസയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശൈത്യകാല വിനോദങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലമാണ് ഗുല്‍മാര്‍ഗ്. ജഹാംഗീര്‍ ചക്രവര്‍ത്തി തന്റെ ഉദ്യാനത്തിലേക്കായി ഇരുപത്തൊന്നിനം മനോഹരങ്ങളായ കാട്ടുപൂക്കള്‍ ഇവിടെ നിന്നാണ് ശേഖരിച്ചത് എന്ന് പറയപ്പെടുന്നു.
Content Highlights: actress femina george kashmir trip