'ക്ലോറോഫോം ബോംബില്‍ ബോധരഹിതനായ വീരപ്പനെ പോലീസ് കൊണ്ടുപോയി; അന്ന് തയ്യാറാക്കിയ പദ്ധതിയാണ് കൊക്കൂണ്‍'

വീരപ്പന്റെ മരണം ഇന്നും ദുരൂഹമാണ്. അതുപോലെ ദുരൂഹമാണ് സത്യമംഗലം കാടുകളും. മാതേശ്വരം മല ചുറ്റി, ധിംഭം ചുരം കയറി ഒരു യാത്ര...
ഗോപിനാദം ഗ്രാമത്തില്‍ നിന്ന് സത്യമംഗലത്തിലേക്ക് പുറപ്പെടാനിരിക്കെയാണ് അവിചാരിതമായി 'വാചാത്തി'യുടെ വാര്‍ത്തയെത്തിയത്. ഇന്ത്യയില്‍ ഒരു ആദിവാസി സമൂഹം നേരിട്ട ഏറ്റവും ക്രൂരമായ അനീതികളില്‍ ഒന്നിന്റെ പേരായിരുന്നു വാചാത്തി. വീരപ്പന്‍ വേട്ടയുടെ മറവില്‍ ഒരു ഗ്രാമത്തെയാകെ ചൂഷണത്തിന് വിധേയമാക്കിക്കൊണ്ട്, ആദിവാസി സ്ത്രീകളെയടക്കം ബലാത്സംഗം ചെയ്ത കേസിലായിരുന്നു 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത്. അതും മൂന്ന് പതിറ്റാണ്ടിനുശേഷം. ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ അധികാര സംവിധാനം ഒരു ഗ്രാമത്തോട് ചെയ്ത ഏറ്റവും വലിയ മനുഷ്യാവകാശലംഘനമായിരുന്നു അത്. അന്തിമവിധി പറയുന്നതിനുമുന്‍പ് ഹൈക്കോടതി ജഡ്ജി പി. വേല്‍മുരുകന്‍ വാചാത്തി ഗ്രാമത്തിലെത്തി ജനങ്ങളുമായി സംസാരിച്ചതിന്റെ ചിത്രങ്ങളെല്ലാം പിന്നീട് മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. മാതേശ്വരം കാടുമായി അതിര്‍ത്തി പങ്കിടുന്ന ധര്‍മപുരി ജില്ലയിലുള്ള സിത്തേരി മലയിലെ ചന്ദനക്കാടുകള്‍, കര്‍ണാടകയെയും തമിഴ്നാട്ടിനെയും ബന്ധിപ്പിക്കുന്ന വനപ്രദേശമാണ്. ഇതിനോടുചേര്‍ന്നുള്ള ആദിവാസി ഗ്രാമമായിരുന്നു വാചാത്തി. ധര്‍മപുരിയിലെ ഭീമങ്കലില്‍നിന്ന് മാതേശ്വരം കോവിലിലേക്കുള്ള യാത്രയ്ക്കൊരുങ്ങുകയായിരുന്നു ഞങ്ങള്‍.
മഹാദേശ്വര കോവിലിലേക്ക്
വടക്കും കിഴക്കും കാവേരി നദിയും തെക്ക് പാലാര്‍ നദിയുമാണ് മലൈ മഹാദേശ്വര മലനിരകളുടെ (മാതേശ്വരം മല അഥവാ എം.എം. ഹില്‍സ്) അതിര്‍ത്തി. ചന്ദനവും മുളയും സമ്പന്നമായ നിത്യഹരിതവനം. പാലാറില്‍നിന്ന് മാതേശ്വരം മലൈ ചുറ്റി മൈസൂരുവിലേക്ക് ഒരു പാതയുണ്ട്. പണ്ട് കൊടുംകാട്ടിനുള്ളിലൂടെയുള്ള ഇടുങ്ങിയ വഴിയായിരുന്നു. ഇന്നാകട്ടെ ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്ന്. വളഞ്ഞുപുളഞ്ഞുനീളുന്ന ചുരംപാത കയറിവേണം മലൈ മഹാദേശ്വര കോവിലിലെത്താന്‍. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വനമേഖല. വളവുകള്‍ തിരിയുമ്പോള്‍ ഇരുവശങ്ങളിലും തലയുയര്‍ത്തിനില്ക്കുന്ന വൃക്ഷനിബിഡത. ഈ മലനിരകള്‍ക്കപ്പുറമാണ് ധിംഭം കാടുകള്‍, അതിന്റെ മറുപുറം സത്യമംഗലം. മാതേശ്വരം കാടുകളില്‍നിന്ന് റോഡ് മാര്‍ഗം സത്യമംഗലത്തെത്താന്‍ കിലോമീറ്ററുകള്‍ കുറേയുണ്ട്. എന്നല്‍, വീരപ്പനും കൂട്ടാളികളും പോലീസിന്റെയും വനംവകുപ്പിന്റെയും കണ്ണുവെട്ടിച്ചുകൊണ്ട് ഇരു കാടുകളിലേക്കും എളുപ്പത്തില്‍ താവളം മാറ്റുമായിരുന്നു. മുന്‍െപാരിക്കല്‍ വീരപ്പന്‍ഗ്യാങ്ങിലുണ്ടായിരുന്ന അന്‍പുരാജുമായി അന്തിയൂരില്‍ വെച്ച് സംസാരിച്ചതോര്‍മയില് വന്നു. വീരപ്പന്‍ഗ്യാങ്ങിലെത്തുമ്പോള്‍ അയാള്‍ക്ക് പ്രായം 17 മാത്രം. വീരപ്പനോടൊപ്പമുള്ള 18 മാസത്തെ സഹവാസത്തിന് 16 വര്‍ഷം മൈസൂരു ജയിലില്‍ കാരാഗൃഹവാസം.
ഘോരവനത്തില്‍ ഹിംസാത്മകജീവിതം നയിക്കുന്ന ഒരാള്‍ക്കാപ്പം നിങ്ങളെങ്ങനെ ജീവിച്ചുവെന്ന ചോദ്യത്തിന് അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.
''കാടിന്റെ നിയമംപോലെ വീരപ്പനും നിയമങ്ങളുണ്ട്. ഒന്ന് മദ്യപാനം പാടില്ല, രണ്ട് സ്ത്രീസംസര്‍ഗം പാടില്ല, മൂന്ന് സ്ത്രീസംസര്‍ഗം ഉണ്ടായാല്‍ മരണമായിരിക്കും ശിക്ഷ. വീരപ്പനും അനുയായികള്‍ക്കും കാടിന്റെ ഭാഷ അറിയാമായിരുന്നു. അസാധാരണമായി ഒരു പക്ഷി ചിലച്ചാലോ അണ്ണാറക്കണ്ണന്മാര്‍ ഛില്‍ഛില്‍ ശബ്ദമുണ്ടാക്കിയാലോ അതൊരു സൂചനയാണ്. ആരോ കാട്ടിനുള്ളിലേക്ക് കടന്നുവെന്നുവേണം അനുമാനിക്കാന്‍. എസ്.ടി.എഫ്. വളയുന്നുവെന്ന് വിവരം ലഭിച്ചാല്‍ ഞങ്ങള്‍ താവളങ്ങള്‍ മാറ്റിക്കൊണ്ടേയിരിക്കും. ആയുധങ്ങളും ഭക്ഷണസാധനങ്ങളും കൂട്ടിയിട്ട് തുല്യമായി ഭാരം കണക്കാക്കും. എന്നിട്ടത് ഭാണ്ഡക്കെട്ടാക്കും. നാല്‍പതുകിലോയോളം ഭാരം തൂക്കി കാട്ടിനുള്ളിലൂടെ അടുത്ത താവളത്തിലേക്ക് കൂടുമാറും. ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് എത്തേണ്ട എളുപ്പവഴിയുണ്ട്. അത് മൃഗങ്ങളുടെ തടംനോക്കി മനസ്സിലാക്കും. ആനത്തടമാണോ (ആനത്താര) മ്ലാവുകളുടെ തടമാണോ അതോ കാട്ട് എരുതിന്റെയാണോയെന്ന് നോക്കും. വീരപ്പനോടൊപ്പം അക്കാലത്ത് ഞങ്ങള്‍ നടന്നിരുന്നത് ആനത്തടം വഴിയായിരുന്നു. ആനകളുടെ സഞ്ചാരപാതയിലൂടെ പോയാല്‍ പെട്ടെന്നെത്താന് സാധിച്ചിരുന്നു.''
സായാഹ്നത്തില്‍ മഹാദേശ്വര കോവിലിലെത്തിയപ്പോള് ധാരാളമാളുകള്‍ ഉണ്ടായിരുന്നു. മലനിരയുടെ ഉച്ചിയിലാണ് ഈ ക്ഷേത്രം. ഉയര്‍ന്നുനില്‍ക്കുന്ന ഗോപുരങ്ങള്‍ക്കുമീതേ വെള്ളിമേഘങ്ങള്‍ ആവരണം ചാര്‍ത്തുന്ന കാഴ്ച മനോഹരമാണ്. എസ്.ടി.എഫുമായി (SPECIAL TASK FORCE) വീരപ്പനും സംഘവും നിരവധി ഏറ്റമുട്ടലുകള്‍ ഈ മലനിരകളില്‍ വെച്ച് നടത്തിയിട്ടുണ്ട്. ഇരുള്‍ പരന്നുതുടങ്ങിയപ്പോള്‍ ഗോപിച്ചെട്ടിപ്പാളയത്തിലേക്ക് തിരിച്ചു.
വീരപ്പന്റെ ശവകുടീരം
2004 ഒക്ടോബര്‍ 18-നാണ് വീരപ്പനും സംഘവും എസ്.ടി.എഫുമായുള്ള ഏറ്റുമുട്ടലില് കൊല്ലപ്പെടുന്നത്. ധര്‍മപുരിയില്‍നിന്ന് സേലം ദേശീയപാതയിലുള്ള പാപ്പാരപ്പട്ടി ഗ്രാമത്തില്‍ വെച്ച് പോലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. എസ്.ടി.എഫ്. മേധാവിയായ മലയാളി IPS ഓഫീസര്‍ കെ. വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആക്ഷന്‍. വീരപ്പന്റെ മൃതദേഹം അടക്കിയിരിക്കുന്നത് കാവേരീനദിയുടെ തീരത്ത് മേട്ടൂര്‍ ഡാമിനോടുചേര്‍ന്നുള്ള സ്ഥലത്താണ്. ഹൊഗനക്കല്‍ പിന്നിട്ട് കാവേരീനദി മേട്ടൂര്‍ ഡാമിലേക്ക് ഒഴുകിയെത്തുന്ന പ്രദേശം. അവിടെയാണ് മൂളൈക്കാട് ഗ്രാമം സ്ഥിതിചെയ്യുന്നത്. പലരും ഈ ശവകുടീരം സന്ദര്‍ശിക്കാനായി ഇപ്പോഴും ഇവിടേക്കെത്താറുണ്ട്.
സത്യമംഗലത്തിന്റെ നിബിഡത
ഗോപിച്ചെട്ടിപാളയത്തില്‍ നിന്ന് സത്യമംഗലം പട്ടണത്തിലേക്ക് അരമണിക്കൂറില്‍ കുറയാത്ത ദൂരമുണ്ട്. അവിടെനിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഭണ്ണാരിയമ്മന്‍ കോവിലായി. വീരപ്പന്റെ ഇഷ്ടക്ഷേത്രം. കോവിലിലെത്തുമ്പോള്‍ പ്രധാനപ്പെട്ട ആഘോഷങ്ങളെന്തോ നടക്കുകയായിരുന്നു. ഭണ്ണാരിയമ്മന്‍ കോവില്‍ മുതല്‍ സത്യമംഗലം കാട് ആരംഭിക്കുകയായി. കര്‍ണാടക വനം വകുപ്പും തമിഴ്നാട് വനം വകുപ്പും തമ്മില്‍ പ്രകടമായ മാറ്റമുണ്ട്. വന്യമൃഗസംരക്ഷണവും വനപരിപാലനവും കര്‍ശനമായാണ് കര്‍ണാടക വനം വകുപ്പ് നടപ്പാക്കുന്നത്. ബന്ദിപ്പുര്‍ രാത്രിയാത്രാനിരോധനം ഇതിനുദാഹരണം മാത്രം. ഗോപാല്‍സ്വാമി ബെട്ടയിലേക്ക് നിങ്ങള്‍ക്ക് സ്വകാര്യവാഹത്തില്‍ പോകാന്‍ സാധിക്കില്ല. ഇതൊക്കെയാകാം, റോഡുകളില്‍ ഓരോ 50 മീറ്റര്‍ പിന്നിടുമ്പോഴും ഹംപുകള്‍ സ്ഥാപിക്കാന് കാരണം. വന്യമൃഗങ്ങള്‍ പകല്‍വേളകളിലും റോഡുകളിലേക്കിറങ്ങാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഈ മുന്‍കരുതല്‍.
തമിഴ്നാട്ടിലെ ഈറോഡില്‍നിന്നു മൈസൂരുവിലേക്ക് പോകുന്ന തമിഴ്നാട് ആര്‍.ടി.സി. ബസ്സിലായിരുന്നു ചാമരാജ്നഗറിലേക്കുള്ള മടക്കയാത്ര. സത്യമംഗലം വനത്തിന്റെ നിബിഡത പറഞ്ഞുമനസ്സിലാക്കാന്‍ സാധിക്കില്ല. സത്യമംഗലത്തിന്റെ ഭാഗമായ ധിംഭം കാടുകളിലേക്ക് പ്രവേശിക്കുമ്പോഴേ അതിന്റെ വന്യത മനസ്സിലാകൂ. 27 കൊടുംവളവുകള് നിറഞ്ഞതാണ് ധിംഭം ചുരം. ഓരോ വളവും ആയാസപ്പെട്ടാണ് ബസ് കയറുന്നത്. ഇരുവശങ്ങളിലും സമുദ്രം പോലെ അനന്തമായി നീളുന്ന പച്ചപ്പ്. ഒരുകാര്യം ഉറപ്പ്, കാടറിയുന്ന വീരപ്പനെ പിടികൂടാന്‍ സാധിക്കാഞ്ഞത് ഇതുമൂലമാണ്. സത്യമംഗലം അത്രയ്ക്കു നിബിഡമാണ്. കൊടുംവളവുകള്‍ തിരിയുമ്പോള്‍ അഗാധമായ കൊക്കകളിലേക്ക് നോക്കിയാല്‍ ഭയം തോന്നും. ഇടയ്ക്കെപ്പോഴോ വളവുതിരിയുന്നതിനിടെ ബസ്സിന്റെ എന്ജിന്‍ ഓഫായി. നെഞ്ചിലൂടെ ഒരന്ധാളിപ്പ് കടന്നുപോയി. ഇതുവഴിയുള്ള യാത്രകളില്‍ ഇതെല്ലാം സ്വാഭാവികം മാത്രം. വളവ് തിരിയുമ്പോഴൊക്കെ ബസ് ഡ്രൈവര്‍ സെന്തില്‍ കാടിനെക്കുറിച്ച് വിവരിച്ചുതന്നുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അയാള് പറഞ്ഞു: ''ഇത് വീരപ്പനുടെ കാട്...'' ഇരുപത്തിയേഴ് വളവുകള്‍ പിന്നിട്ട് ധിംഭത്തെത്തി. അവിടെയിറങ്ങി. അവസാനമായി സത്യമംഗലം കാടുകളിലേക്ക് ഒരിക്കല്‍ക്കൂടി നോക്കി. ചോരപൊടിഞ്ഞ കാടുകളുടെ നിഗൂഢതയില്‍ ഇനിയും അറിയപ്പെടാത്ത എത്രയെത്ര ചോരക്കഥള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവാം.
കാട്ടുരാജാവിന്റെ ദുരൂഹമരണം
എസ്.ടി.എഫിനുപോലും കടന്നെത്താന്‍ കഴിയാത്ത സത്യമംഗലത്തിന്റെ ഉള്‍ക്കാടുകളിലെത്തിയാണ് പത്രപ്രവര്‍ത്തകനായ നക്കീരന്‍ ഗോപാല്‍ വീരപ്പനുമായി അഭിമുഖം നടത്തിയിരുന്നത്. വീരപ്പനെ ആദ്യം തേടിയെത്തുന്ന പത്രപ്രവര്‍ത്തകന്‍ നക്കീരന് മാസികയിലെ ശിവസുബ്രഹ്‌മണ്യമാണ്. പിന്നീട് പലയാത്രകളിലും ഇരുവരും ഒരുമിച്ചാണ് വീരപ്പന്റെ അടുത്തെത്തുന്നത്. അക്കാലങ്ങളില്‍ വീരപ്പനുമായി ഗോപാല് നടത്തിയ അഭിമുഖങ്ങള് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കുപോലും പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു. 132 മനുഷ്യജീവനുകളെ നിര്‍ദയം വകവരുത്തിയെന്നു പറയപ്പെടുന്ന വീരപ്പന്‍ ബന്ദിയാക്കിവെച്ചിരുന്ന ഒമ്പത് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരെ മോചിപ്പിക്കാനും പിന്നീട് കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിന്റെ മോചനത്തിനുമായാണ് അവസാനകാലങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധിയായി വീരപ്പന്റെയടുത്ത് നക്കീരന്‍ ചെല്ലുന്നത്.
വീരപ്പന്റെ ജീവിതവും ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട രണ്ടുപുസ്തകങ്ങളാണ് ഇതിനോടകം ശ്രദ്ധനേടിയിട്ടുള്ളത്. ഒന്ന് പോലീസിന്റെത് വ്യാജ ഏറ്റുമുട്ടലാണെന്ന ഭാഷ്യത്തോടെ തമിഴില്‍ പുറത്തിറങ്ങിയ നക്കീരന്‍ ഗോപാലിന്റെ 'വീരപ്പന്‍'. മറ്റൊന്ന് കെ. വിജയകുമാര്‍ ഐ.പി.എസിന്റെ 'വീരപ്പന്‍: ചേസിങ് ദ ബ്രിഗന്‍ഡ്'. ഓപ്പറേഷന്‍ കൊക്കൂണ്‍ എന്നപേരില്‍ STF നടത്തിയ ഏറ്റുമുട്ടലിലാണ് വീരപ്പന്‍ കൊലചെയ്യപ്പെട്ടതെന്നാണ് അന്നത്തെ STF തലവന്‍കൂടിയായ വിജയകുമാര്‍ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്. സത്യമംഗലം കാടുകളില്‍ ഭരണകൂടത്തിനുനേരേ വീരപ്പന്‍ നടത്തിയ അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വെളിച്ചം വീശുന്നതുകൂടിയാണ് ഈ പുസ്തകം.
ഗോപാലിന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെ: ''STFല്‍ മുനിയെന്ന് (യഥാര്‍ഥ പേരല്ല) അറിയപ്പെടുന്ന പോലീസുകാരന്റെ തന്ത്രപൂര്‍വമായ കെണിയായിരുന്നു വീരപ്പനെ വീഴ്ത്തിയതിനുപിന്നല്‍. വീരപ്പന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ മുനി അവര്‍ക്കായി ഭക്ഷണം എത്തിച്ചുനല്‍കിയിരുന്നു. രഹസ്യപ്പോലീസുകാര്‍ ഗോപിനാദം ഗ്രാമത്തിലെ പലര്‍ക്കും വീരപ്പന്റെ ഭക്ഷണത്തില്‍ കലര്‍ത്താന്‍ സയനൈഡ് കൊടുത്തുവിട്ടിരുന്നുവത്രേ! ഇതറിയാമായിരുന്ന വീരപ്പന്‍ പുറത്തുനിന്നുകൊണ്ടുവരുന്ന ഭക്ഷണം ആദ്യം തന്റെ സംഘത്തിലുള്ള സേതുമണിയെയും ചന്ദ്രഗൗഡയെയും കഴിപ്പിക്കുമായിരുന്നു. അതിനുശേഷം മാത്രമേ സേത്തുക്കുളി ഗോവിന്ദനും വീരപ്പനും കഴിച്ചിരുന്നുള്ളൂ. 2004 ഒക്ടോബര്‍ 17-ന് മുനി വീരപ്പന് ഭക്ഷണം കൊണ്ടുപോയി കൊടുത്തു. പോലീസ് നിര്‍ദേശപ്രകാരം ക്ലോറോഫോം നിറച്ച കൈബോംബും മുനി കരുതിയിരുന്നു. ബോംബുനിര്‍മാണത്തിലും ഇയാള്‍ സമര്‍ഥനാണെന്ന് എസ്.ഐ.ടിയിലുള്ള പലര്‍ക്കും അജ്ഞാതമായിരുന്നു. സേതുമണിയും ചന്ദ്രഗൗഡയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബോംബ് പൊട്ടിച്ചു. രണ്ടുമണിക്കൂര്‍ നേരത്തേക്ക് പത്തുമീറ്റര്‍ ചുറ്റളവിലുള്ളവരെ ബോധരഹിതരാക്കാന്‍ കഴിയുന്ന പ്രഹരശേഷിയുണ്ടായിരുന്നു ബോംബിന്. വൈകാതെ പോലീസെത്തി വീരപ്പനെയും മറ്റു മൂന്നുപേരെയും കൊണ്ടുപോയി. അന്നുരാത്രി മേട്ടൂരില്‍ വെച്ച് തയ്യാറാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ കൊക്കൂണ്‍.'' 2004-ല് ഓപ്പറേഷന്‍ കൊക്കൂണ്‍ പൂര്‍ത്തിയായെങ്കിലും വീരപ്പന്റെ കൊലപാതകം ഇന്നും ചുരുളഴിയാത്ത സമസ്യയായി തുടരുന്നു.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: sathyamangalam forest travel veerappan the bandit king story part two