കേരളവർമയിൽ മാതൃഭാഷാ പ്രചരണം

തൃശൂർ: ലോക മാതൃഭാഷാ ദിനത്തിൽ മലയാള ഐക്യവേദിയും വിദ്യാർഥി മലയാളവേദിയും സംയുക്തമായി ശ്രീ കേരളവർമ കോളജിൽ മാതൃഭാഷാ പ്രചരണം നടത്തി. സാമൂഹിക ജീവിതത്തിന്റെ ഭാഷയെ മാതൃഭാഷയാക്കി ഉറപ്പിച്ചെടുക്കാൻ ബംഗ്ലാദേശിലെ സർവകലാശാലാ വിദ്യാർഥികൾ വരിച്ച രക്തസാക്ഷിത്വത്തിന്റെ ഓർമയാണ് ലോക മാതൃഭാഷാ ദിനം ആചരിക്കുന്നത്.
മലയാള ഐക്യവേദി തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. സി. ആദർശ്, വിദ്യാർഥി മലയാളവേദി സെക്രട്ടറി കൃഷ്ണപ്രിയ കെ.എസ്, വിസ്മയ വി.കെ എന്നിവർ പ്രചരണ പരിപാടികൾക്കു നേതൃത്വം നൽകി.
അധികാരത്തിന്റെയോ അടിച്ചേൽപ്പിക്കലിന്റെയോ ഇടമല്ല മാതൃഭാഷ. അത് വർഗീയതയെ ചെറുത്ത ചരിത്രമാണ്, ബഹുസ്വരതയെ കൂട്ടിപ്പിടിച്ച ചരിത്രമാണ് നമ്മുടേത്. സമകാലിക സാമൂഹിക ജീവിതത്തെ കൂടുതൽ ജനാധിപത്യവത്ക്കരിക്കാൻ എല്ലാ മനുഷ്യരുടെയും മാതൃഭാഷാവകാശങ്ങൾ, മാതൃഭാഷാ ഇടങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അതിനുവേണ്ടി നിരന്തരം പോരാടേണ്ടതുണ്ട്.
ലോകം മുഴുവനുമുള്ള മാതൃഭാഷാ പ്രവർത്തകരോടൊപ്പം മലയാള ഐക്യവേദിയും വിദ്യാർഥി മലയാളവേദിയും ഈ പോരാട്ടത്തിലേക്കു വിദ്യാർഥികളെ ക്ഷണിക്കുകയാണ് ഈ പ്രചരണത്തിലൂടെ ചെയ്തത്.
Content Highlights: mother tongue promotion campaign, malayalam