മാളയിൽ പഞ്ചായത്ത് സെക്രട്ടറിമാർ ദേ വന്നു, ദാ പോയി

ഒന്നര വർഷത്തിനുള്ളിൽ വന്നുപോയത് നാലു സെക്രട്ടറിമാർ

മാള : മാള പഞ്ചായത്തിൽ സെക്രട്ടറിക്കസേര ആർക്കും വേണ്ടാതായ അവസ്ഥയിൽ. ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സെക്രട്ടറിയും അവധിയിൽ പോയപ്പോൾ പകരം സംവിധാമില്ലാതെ ഭരണനിർവഹണം അവതാളത്തിൽ. നാലുമാസമായി സെക്രട്ടറിയുടെ അധികച്ചുമലത വഹിച്ചിരുന്ന അസി. സെക്രട്ടറി അവധിയിൽ പോയിട്ടും പകരം ആരെയും കണ്ടെത്താനായിട്ടില്ല.

മാസങ്ങളായി അധികജോലി ചെയ്തിരുന്ന അസി. സെക്രട്ടറി രക്തസമ്മർദം കൂടിയതിനാൽ രണ്ടാഴ്ച അവധിയിൽ പ്രവേശിച്ചെന്നാണ് സൂചന. തിങ്കളാഴ്ച മുതൽ ഈ രണ്ടു സ്ഥാനങ്ങളും ഒഴിഞ്ഞുകിടന്നിട്ടും പകരം സംവിധാനം ഒരുക്കാൻ തദ്ദേശവകുപ്പിന് കഴിഞ്ഞിട്ടില്ല.

ഏപ്രിൽ വരെയുള്ള ഒന്നര വർഷത്തിനുള്ളിൽ നാലു സെക്രട്ടറിമാരാണ് മാള പഞ്ചായത്തിൽ ചുമതലയേറ്റ് പോയിട്ടുള്ളത്.

ഇതിൽ ഒരാൾ മാത്രമാണ് സെക്രട്ടറിക്കസേരയിൽ ഒരു വർഷത്തോളം ഉണ്ടായിട്ടുള്ളത്.

മാള പഞ്ചായത്തിലും അടുത്തുള്ള സ്ഥലങ്ങളിലുള്ള സെക്രട്ടറിമാർ സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിൽ പോയി ജോലി ചെയ്തിട്ടും മാളയിലേക്കുവരാൻ താത്പര്യം കാണിക്കുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

കേസുകളും വിവാദങ്ങളും മാത്രമല്ല പരസ്പരതർക്കങ്ങളുടെ പേരിലുള്ള പരാതികളും വിവരാവകാശ അപേക്ഷകളും മാള പഞ്ചായത്തിൽ സുഗമമായ ഭരണനിർവഹണത്തെ ബാധിക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. സ്ഥിരമായി സെക്രട്ടറിയില്ലാതായിട്ടും തദ്ദേശവകുപ്പിൽ സമ്മർദം ചെലുത്തി പകരം ആളെ നിയമിക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്.

സെക്രട്ടറിയുടെ ചുമതല ആർക്കും ഇല്ലാത്തതിനാൽ പഞ്ചായത്തുകമ്മിറ്റി ചേരാൻ കഴിയുന്നില്ലെന്നും പ്രശ്നങ്ങൾ വകുപ്പുമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഭരണനിർവഹണത്തിലെ സ്തംഭനം സംബന്ധിച്ച് ജോയിന്റ് ഡയറക്ടറുമായി ചർച്ച നടത്തുമെന്നും മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ പറഞ്ഞു.