ഉദ്ഘാടനം കഴിഞ്ഞ് പത്തുമാസം, പ്രയോജനമില്ലാതെ ആരോഗ്യ ഉപകേന്ദ്രം

പുത്തൂർ : നാട്ടുകാർക്ക് ഉപകാരപ്പെടുന്നില്ല, പിന്നെ ആർക്കുവേണ്ടിയാണ് ഈ കെട്ടിടം? പുത്തൂർ പഞ്ചായത്തിന്റെ ചെന്നായ്‌പാറ കൊളാംകുണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രത്തെക്കുറിച്ച് നാട്ടുകാർ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് പത്തുമാസമായി. 2025 നവംബർ ഏഴിനായിരുന്നു കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തത്.
വെള്ളക്കാരിത്തടം, ചെന്നായ്‌പാറ, കൊളാംകുണ്ട്, മാന്ദാമംഗലം എന്നീ സ്ഥലങ്ങളിലെ 750 കുടുംബങ്ങൾക്ക് കുടുംബാരോഗ്യകേന്ദ്രം തുറന്നാൽ ആശ്വാസമായിരുന്നു. 70 ലക്ഷമാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടത്തിനായി ചെലവിട്ടത്. തിരഞ്ഞെടുപ്പിനു മുൻപായി തിരക്കിട്ട് കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ജീവനക്കാരെ കേന്ദ്രത്തിൽ നിയമിച്ചിരുന്നില്ല.
എൽ.ഡി.എഫ്. ഭരിച്ചിരുന്ന പഞ്ചായത്ത് നിലവിൽ യു.ഡി.എഫ്. ആണ് ഭരിക്കുന്നത്. ഉദ്ഘാടനവേളയിൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു ഡോക്ടറുടെ സേവനം ലഭിക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നെങ്കിലും പിന്നെയൊന്നും ഉണ്ടായിട്ടില്ല. കെട്ടിടത്തിന്റെ നിർമാണസമയത്ത് താത്കാലിക വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വൈദ്യുതി വിച്ഛേദിച്ചു.