കാഞ്ഞാണിയിലെ ഗതാഗതക്കുരുക്ക്‌; റിങ്റോഡ് സംവിധാനം വരുമെന്ന്‌ എം.എൽ.എ.

മണലൂർ : അശാസ്ത്രീയ ഗതാഗത പരിഷ്കരണവും റോഡിന്റെ വീതികുറവും കാരണം കാഞ്ഞാണി സെന്ററിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു. തൃശ്ശൂർ നഗരത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന വാടാനപ്പള്ളി പാതയിലെ പ്രധാന സെന്ററാണ് കാഞ്ഞാണി. ഇവിടെയെത്തിയാണ് വാഹനങ്ങൾ പെരിങ്ങോട്ടുകര, തൃപ്രയാർ, ചാവക്കാട്, ഗുരുവായൂർ, ദേശീയപാത 66 എന്നിവിടങ്ങളിലേക്ക് പോകുന്നത്.

എന്നാൽ റോഡ് സുരക്ഷാസംവിധാനങ്ങൾ കാഞ്ഞാണി സെന്ററിൽ ഇല്ല. താത്കാലിക പരിഹാരമെന്ന നിലയിൽ ബ്ലിങ്കിങ്‌ ലൈറ്റുകളോ സിഗ്നൽ സംവിധാനങ്ങളോ സ്ഥാപിക്കാൻ പൊതുമരാമത്തുവകുപ്പ് തയ്യാറായിട്ടില്ല. ഏനാമാവ്, പെരിങ്ങോട്ടുകര റോഡുകളിൽനിന്നെത്തുന്ന ദീർഘദൂരവാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാഞ്ഞാണി സെന്ററിനെക്കുറിച്ച് കൃത്യമായ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങളും പതിവാണ്.

അതേസമയം സെന്ററിലെ തകർന്ന റോഡുകളിലെ കുഴികൾ കാരണം ചെറിയ വാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കും രൂക്ഷമാണ്.

കുരുക്കഴിക്കാൻ റിങ് റോഡ്

:കാഞ്ഞാണി സെന്ററിലെ ഗതാഗതക്കുരുക്കഴിക്കാൻ എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് റിങ്റോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് സി. രവീന്ദ്രനാഥ് എം.എൽ.എ. പറഞ്ഞു. കാഞ്ഞാണിയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മണലൂർ പഞ്ചായത്തിൽ നടന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആദ്യമായാണ് എം.എൽ.എ. ഫണ്ടുപയോഗിച്ച് റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കുന്നത്.

കാഞ്ഞാണി വിദ്യാർഥി റോഡ്, ശ്രീ ശങ്കര റോഡ്, വിക്ടോറിയ റോഡ്, ജനപ്രിയ റോഡ്, വെള്ളേന്തടം റോഡ്, വാസു ശ്രമദാനം റോഡ് എന്നീ റോഡുകളെ കൂട്ടിയോജിപ്പിച്ച് അറ്റകുറ്റപ്പണികൾ നടത്തി റിങ്‌ റോഡുകൾ സഞ്ചാരയോഗ്യമാക്കും. തുടർന്ന് ചെറുവാഹനങ്ങൾ ഇതുവഴി തിരിച്ചുവിടുന്നതോടെ വർഷങ്ങളായി നിലനിൽക്കുന്ന കാഞ്ഞാണി സെന്ററിലെ ഗതാഗതക്കുരുക്കഴിയുമെന്ന് എം.എൽ.എ. പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സിഗ്നലുകൾ സ്ഥാപിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സിജി മോഹൻദാസ്, വി.എൻ. സുർജിത്ത്, കെ.കെ. പ്രകാശൻ, എം.ആർ. മോഹനൻ, പി.ടി. ജോൺസൺ, പി.കെ. കൃഷ്ണൻ, കെ.വി. വിനോദൻ, റോബിൻ വടക്കേത്തല എന്നിവർ പ്രസംഗിച്ചു.