വാടാനപ്പള്ളിയിൽ യുവാവിന്റെ കൊലപാതകം: മൂന്നുപേർ പിടിയിൽ

പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും

വാടാനപ്പള്ളി : ഫസൽ നഗറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി റഹ്‌മത്ത്നഗർ സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് റാസിൽ (ബിലാൽ- 18), 17 വയസ്സുള്ള രണ്ടുപേർ എന്നിവരെ വാടാനപ്പള്ളി പോലീസ് അറസ്റ്റുചെയ്തു. വാടാനപ്പള്ളി ഫസൽനഗർ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ അബ്ദുൽസലാം (പോപ്പാണ്ടി സലാം- 40) ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെയാണ് ഫസൽനഗറിലെ ഒരു പറമ്പിൽ അബ്ദുൽസലാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അബ്ദുൽസലാമിന്റെ ശരീരത്തിൽ മുറിപ്പാടുകളുള്ളതായും മരണത്തിൽ സംശയമുള്ളതായും കണ്ടെത്തിയിരുന്നു.

സ്ഥലത്തെത്തിയ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം നടത്തിയ പ്രാഥമികാന്വേഷണത്തിലാണ്, സംഭവത്തിന് തലേദിവസം രാത്രി ഫസൽനഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ അബ്ദുൽസലാം ഇയാളുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പടിയത്ത് വീട്ടിൽ ബിൻഷാദ് (37), ഇയാളുടെ മറ്റ് രണ്ടു കൂട്ടാളികൾ, രണ്ടു കുട്ടികൾ എന്നിവരോടൊപ്പം ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഒരു പ്രതിയെയും രണ്ടു കുട്ടികളെയും പിടികൂടിയത്.

ബിൻഷാദിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ 2020-ലെ ഒരു വധശ്രമക്കേസിൽ ഏഴരവർഷം ശിക്ഷ ലഭിച്ചിരുന്നു. ജയിലിൽ കഴിഞ്ഞുവരവേ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്നും കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ആർ. രതീഷ്‌കുമാർ പറഞ്ഞു.

വലപ്പാട് സി.ഐ. പദ്‌മരാജൻ പി.കെ., വാടാനപ്പള്ളി എസ്.ഐ. ഉമേഷ്, ജി.എസ്.ഐ. അസീസ്, തൃശ്ശൂർ റൂറൽ ഷാഡോ പോലീസ് മിഥുൻ ആർ. കൃഷ്ണ, പി.എം. ഷമീർ എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രധാന പ്രതിയായ ബിൻഷാദിനായും മറ്റു പ്രതികൾക്കായും പോലീസ് തിരച്ചിൽ ഊർജിതമാക്കി.