തളർത്താനാകില്ല, തസ്‍ലിമിന്റെ മനക്കരുത്തിനെ

തൃശ്ശൂർ: കിടക്കയിൽനിന്നെഴുന്നേറ്റൊരു ജീവിതം ഇനിയില്ലെന്ന ഡോക്ടറുടെ വിധി തിരുത്തിയാണ് വലപ്പാട് വലിയകത്തുവീട്ടിൽ മുഹമ്മദ് തസ്‍ലിം രോഗാവസ്ഥയോടുള്ള പോരാട്ടം തുടങ്ങുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ‘മൾട്ടിപ്പിൾ സ്‍ക്ലീറോസിസ്’ എന്ന രോഗം ശരീരത്തെ കീഴടക്കിയെങ്കിലും മനസ്സിനെ തളർത്താൻ ഈ 35-കാരൻ അനുവദിച്ചില്ല. ആദ്യം കാഴ്ച കുറഞ്ഞു, പിന്നീട് നടക്കാൻ പറ്റാതെയുമായി. പക്ഷേ, ചക്രക്കസേരയുടെ കൂട്ടിൽ അസാമാന്യ മനക്കരുത്തിൽ ഇഷ്ടമുള്ളതെല്ലാം ചെയ്ത് മറ്റുള്ളവർക്ക് താങ്ങുംതണലുമാണ് ഈ ചെറുപ്പക്കാരൻ.
ബി.ടെക്കിനു ശേഷം 2013-ൽ കുവൈത്തിൽ ജോലിചെയ്യുമ്പോഴാണ് രോഗം തുടങ്ങിയത്. അന്ന് പ്രായം 22. നാട്ടിലെത്തി ചെറിയ ചികിത്സകൾ ചെയ്ത് മടങ്ങിയെങ്കിലും രോഗം മൂർച്ഛിച്ച് ഉദ്ദേശിച്ച ജോലി ചെയ്യാൻ പറ്റാതായി. ഒട്ടും അറിയാതിരുന്ന അക്കൗണ്ടിങ് ജോലികൾ പഠിച്ചെടുത്തായിരുന്നു ആദ്യ പോരാട്ടം. മൂന്നു വർഷം അതു തുടർന്നു. ആരോഗ്യസ്ഥിതി വഷളായതോടെ വീണ്ടും നാട്ടിലേക്ക്. സൗഹൃദങ്ങൾ പിന്നീടുള്ള ജീവിതത്തിൽ ഉൗർജമായി.
ചേർത്തുപിടിക്കാൻ ആരെങ്കിലുമുണ്ടാകുകയാണ് പ്രധാനമെന്ന് മനസ്സിലാക്കിയ തസ്‍ലിമിന്റെ വാക്കുകൾ പിന്നീട് പലർക്കും ആശ്വാസമായി. കോളേജുകളിലെ എൻ.എസ്.എസ്. ക്യാമ്പുകളിലും സ്കൂളുകളിലും തസ്‍ലിം പ്രചോദകനായി. ഒടുവിൽ പ്രൊഫഷണലായി കൗൺസിലിങ്ങിൽ ഡിപ്ലോമയും നേടി. ഇന്ന് ഓൺലൈനായും നേരിട്ടും കൗൺസിലിങ്ങുകൾ നൽകുന്നുണ്ട്. എട്ടു മുതൽ പ്ലസ്ടു വരെ പഠിച്ച കഴിമ്പ്രം സ്കൂളിൽ പഴയ അധ്യാപകർക്കു മുൻപിൽ ക്ലാസെടുക്കാൻ സാധിച്ചതാണ് തസ്‍ലിമിന്റെ വലിയ സന്തോഷങ്ങളിലൊന്ന്.
ചികിത്സയ്ക്കു വരുന്ന ഭാരിച്ച ചെലവാണ് ഈ രോഗാവസ്ഥയുടെ പ്രധാന പ്രശ്നമെന്നാണ് തസ്‍ലിം പറയുന്നത്. ഇതിനകം 50 ലക്ഷത്തോളം രൂപ ചെലവായി. ശരാശരി 7,000 രൂപയോളം വേണം ഒരു മാസത്തെ മരുന്നിന്. എല്ലാ ദിവസവും ഫിസിയോതെറാപ്പിയും വേണം. രോഗം മൂർച്ഛിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപയുടെ കുത്തിവെപ്പെടുക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് തസ്‍ലിം.
എം.എസ്. രോഗബാധിതരെ ചേർത്തുപിടിക്കാനും സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കുന്നതിനുമായി 2025-ൽ തുടങ്ങിയ എം.എസ്. ഹാർമണി എന്ന സംഘടനയുടെ വൈസ്‌പ്രസിഡന്റാണ് തസ്‍ലിം. രണ്ടു വർഷം ഓൾ കേരള വീൽച്ചെയർ റൈറ്റ് ഫെഡറേഷന്റെ ഖജാൻജിയായും പ്രവർത്തിച്ചിട്ടുണ്ട്. പരിമിതികളെ അതിജീവിച്ചുള്ള സാമൂഹികപ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.