അതിഥിതൊഴിലാളിയുടെ കൊലപാതകം: പണിസ്ഥലത്തെതർക്കത്തെത്തുടർന്ന്

കൊരട്ടി : കൊരട്ടി ജെ.ടി.എസ്. ജങ്ഷന് സമീപം കോനൂർ ഗീതാഞ്ജലി റോഡിൽ അസം സ്വദേശിയെ കഴുത്തറത്തുകൊലപ്പെടുത്തിയ സംഭവം വാക്ക്‌തർക്കത്തെത്തുടർന്നുള്ള പ്രകോപനമെന്നു സൂചന. അസം സ്വദേശി ഹക്കിംമർദ്ദി(35)യെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹതൊഴിലാളിയായ 17 വയസ്സുകാരനെ കൊരട്ടി പോലീസ് അറസ്റ്റുചെയ്തു. പിന്നീട് ജുവനൈൽ കോടതിയിൽ ഹാജരാക്കി.
കൊരട്ടി പോളിടെക്നിക്കിലെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടാണിരുവരും ഈ മേഖലയിൽ താമസമാക്കിയത്. ഇവർക്കു പുറമേ ബംഗാളിൽനിന്നുൾപ്പെടെയുള്ള അതിഥിതൊഴിലാളികളടക്കം 15 പേരാണ് ഈ വാടകക്കെട്ടിടത്തിൽ താമസിച്ചിരുന്നത്.
നിർമാണസ്ഥലത്തുനിന്നാരംഭിച്ച ഇരുവരുടെയും തർക്കം താമസസ്ഥലത്തും തുടർന്നു. ഇതിനിടെയാണ് പ്രകോപിതനായ പ്രതി മർദ്ദിയെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഓടിയെത്തിയവർ പ്രതിയെ രക്ഷപ്പെടാൻ സമ്മതിക്കാതെ പിടിച്ചുനിർത്തി പോലീസിനെ വിളിച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കൊരട്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ചൊവ്വാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. കൊരട്ടി പോളിടെക്‌നിക്കിൽ പുതിയ കെട്ടിടം നിർമിക്കുന്ന കോൺട്രാക്ടറുടെ കീഴിൽ ജോലിചെയ്യുന്ന ഏഴ് അസം സ്വദേശികളും എട്ട് ബംഗാൾ സ്വദേശികളുമാണ് രണ്ടുനിലകളിലായി താമസിച്ചിരുന്നത്. പോളിടെക്‌നിക്കിലെ പുതിയ കെട്ടിടനിർമാണത്തിന്റെ പ്രാരംഭഘട്ടത്തിൽ തൊഴിലാളികൾ കാമ്പസിൽത്തന്നെയായിരുന്നു താമസിച്ചിരുന്നത്.
എന്നാൽ, പ്രദേശവാസികൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് മറ്റൊരു താമസസ്ഥലം കണ്ടെത്തണമെന്ന് കോളേജ് അധികൃതർ കോൺട്രാക്ടറോട് നിർദേശിച്ചിരുന്നു.
തുടർന്നാണ് തൊഴിലാളികൾക്കായി ഗീതാഞ്ജലി റോഡിൽ പുതിയ താമസസ്ഥലമൊരുക്കിയത്. ഹക്കിം മർദ്ദി എതാനും ദിവസംമുൻപാണ് നാട്ടിൽ പോയി മടങ്ങിവന്നത്.