പുന്നയൂർ പഞ്ചായത്ത് ശ്മശാനം നിർമാണത്തിലെ അപാകം; വിജിലൻസ്‌ പരിശോധന

പുന്നയൂർ : നിർമാണത്തിലെ അപാകത്തെത്തുടർന്ന് പഞ്ചായത്ത് ശ്മശാനം പൂട്ടിക്കിടക്കുന്നതിൽ ഭരണസമിതി നൽകിയ പരാതിയിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് ശ്മശാനം ഉദ്ഘാടനം ചെയ്തത്. യന്ത്രത്തകരാറുമൂലം മൃതദേഹം സംസ്കരിക്കുന്നത് പാതിയിൽ നിന്നതിനെത്തുടർന്നാണ് പൂട്ടിയത്. 2025 നവംബറിൽ ഉദ്ഘാടനം കഴിഞ്ഞ ശ്മശാനം ആറുമാസത്തിനകം പൂട്ടി.

പഞ്ചായത്ത് ഓഫീസിൽ എത്തിയ വിജിലൻസ് സംഘം ശ്മശാന നിർമാണവുമായി ബന്ധ​െപ്പട്ടുള്ള രേഖകളും തകരാറിലായ യന്ത്രങ്ങളും പരിശോധിച്ചു. ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

യന്ത്രസാമഗ്രികൾക്കായി 37 ലക്ഷം രൂപയുടെ കരാറാണ് നിർമാണച്ചുമതലയുള്ള റെയ്ഡ്കോ കമ്പനിയുമായി പഞ്ചായത്തിനുണ്ടായിരുന്നത്. ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ ആരോപണം.

പ്രശ്നം പരിഹരിക്കുന്നതിനായി നിർമാണച്ചുമതലയുള്ള റെയ്ഡ്കോ കമ്പനിയുമായി പഞ്ചായത്ത് ഇപ്പോൾ പുതിയ കരാർ ഉണ്ടാക്കിയിട്ടുണ്ട്. തൃശ്ശൂർ എൻജിനീയറിങ് കോളേജ് ഇലക്‌ട്രിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ നിർമാണത്തിൽ ഗുരുതരവീഴ്ചയുണ്ടായെന്നും ചട്ടലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരാർ ഉണ്ടാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടങ്ങിയത്. ഇതിനുള്ള സാമ്പത്തിക ചെലവും റെയ്ഡ്കോ കമ്പനി വഹിക്കും.

പഞ്ചായത്ത് രേഖകൾ പരിശോധിച്ചതിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കളക്ടർ, മലീനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ അനുമതി ലഭിക്കാതെയാണ് ശ്മശാനം പ്രവർത്തനം ആരംഭിച്ചെതെന്ന് വിവരാവകാശരേഖയിലും പറയുന്നു.

ട്രയൽ റൺ സംബന്ധിച്ചുള്ള വിവരങ്ങളും പഞ്ചായത്തിൽ ലഭ്യമല്ല.

ആദ്യഘട്ട പരിശോധനയാണ് നടന്നിട്ടുള്ളതെന്നും ഇതു സംബന്ധിച്ച്‌ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരിലേക്കും അന്വേഷണമെത്തുമെന്നും വിജിലൻസ് സി.ഐ. ജയേഷ് ബാലൻ പറഞ്ഞു.