തളിപ്പറമ്പ്, ഗുരുവായൂർ ക്ഷേത്രങ്ങൾ സന്ദർശിച്ച് അനന്ത് അംബാനി; 6 കോടിരൂപ സംഭാവന നൽകി

കൊച്ചി: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി. രണ്ട് ക്ഷേത്രങ്ങൾക്കും 3 കോടിരൂപ വീതം സംഭാവന നൽകിയ അദ്ദേഹം രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായി 12 കോടിരൂപ വാഗ്ദാനം ചെയ്തു. ചരിത്രപ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണം അടക്കമുള്ളവയ്ക്കാണിത്. ഗുരുവായൂരിലെ ആനകളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
ഏപ്രിൽ രണ്ടിന് രാത്രി 8 മണിയോടെ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം പൊന്നുംകുടം, പട്ടം, താലി, നെയ്യമൃത് തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കുകയും അശ്വമേധ നമസ്‌കാരം നിർവഹിക്കുകയും ചെയ്തു. ക്ഷേത്ര നവീകരണത്തിനായി 3 കോടി രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി.
12 കോടിയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി, ക്ഷേത്രത്തിന്റെ അത്രതന്നെ പുരാതനമെന്നു കരുതപ്പെടുന്ന, ശില്പശൈലിയും പുരാവസ്തു പ്രാധാന്യവും നിറഞ്ഞ കിഴക്കൻ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രണ്ട് നൂറ്റാണ്ടിലേറെയായി കേടുപാടുകളോടെ നിലനിന്നിരുന്ന ഈ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രഖ്യാപനം ഭക്തർക്കും ക്ഷേത്ര അധികാരികൾക്കും ഏറെ സന്തോഷം നൽകുന്നതാണ്. ഭക്തർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഈ തുകയിൽ നിന്ന് ഒരു ഭാഗം പാർക്കിംഗ് സൗകര്യങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കും.
അടുത്ത സഹപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ക്ഷേത്ര സന്ദർശനത്തിനെത്തിയത്. ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ പരമ്പരാഗത ബഹുമതികളോടെ സ്വീകരിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, എക്‌സിക്യൂട്ടീവ് ഓഫീസർ കെ.പി. വിനയൻ, മുഖ്യതന്ത്രി ഇ.പി. കുബേരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അന്നേദിവസം വൈകീട്ട് 5 മണിയോടെയാണ് അനന്ത് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുകയും ഗുരുവായൂരപ്പന് പ്രാർത്ഥനകൾ അർപ്പിക്കുകയും ക്ഷേത്ര ട്രസ്റ്റിന് 3 കോടിരൂപ സംഭാവനയായി നൽകുകയും ചെയ്തത്.
വൻതാരയിലൂടെ മൃഗസംരക്ഷണത്തിലും പരിപാലനത്തിലും ഉള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായി ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇതിൽ പ്രത്യേക ആനയാശുപത്രി നിർമ്മാണം, ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, ആനകൾക്ക് മാനുഷികവും മാന്യതയുള്ളതുമായ ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. ഗുരുവായൂരിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉൾപ്പെടെയുള്ള ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗത സ്മരണികകളും പ്രസാദവും നൽകി ആദരിച്ചു. ദേവസ്വം വകുപ്പിന്റെയും ജീവധന വിഭാഗത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആരാധനാലയങ്ങൾ മാത്രമല്ല, വിശ്വാസവും കരുണയും പ്രകൃതിയോടുള്ള ആഴത്തിലുള്ള ബന്ധവും വളർത്തുന്ന ജീവിക്കുന്ന സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങളെന്ന് അനന്ത് അംബാനി പറഞ്ഞു. ഈ വിശുദ്ധ പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Anant Ambani donated ₹3 crore each to Rajarajeshwara and Guruvayur temples in 2026., Committed ₹12 crore for the comprehensive renovation of the historic Rajarajeshwara Temple eastern gopuram., Announced welfare projects for Guruvayur temple elephants, including a modern hospital and sanctuary., Emphasized the importance of preserving cultural heritage and animal welfare for future generations.