ഗണപതിയെ ചികിത്സിക്കാന്‍ വിദഗ്ധസംഘം; പാപ്പാന്‍ മുങ്ങിയതായി പരാതി

മാള:എരവത്തൂരില്‍ പീഡനത്തെത്തുടര്‍ന്ന് അവശനായ ഗണപതി ആനയെ ചികിത്സിക്കാന്‍ വനംവകുപ്പ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയമിച്ചു. വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരായ യു.ജി. മിഥിന്‍, മഹേഷ് എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്. ഡോക്ടര്‍മാര്‍ വ്യാഴാഴ്ച ആനയെ പരിശോധിച്ച് ചികിത്സ നിശ്ചയിച്ചു.ഒരാഴ്ചയ്ക്കുശേഷം ആനയുടെ ചികിത്സയിലെ പുരോഗതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ. ജയമോഹന്‍ പറഞ്ഞു. ഇതിനിടെ മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആനയെ വനംവകുപ്പിന്റെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാനും പരിപാടിയുണ്ട്. തിരുവനന്തപുരത്തെ കോട്ടൂരിലും മലയാറ്റൂരിലെ കപ്രിക്കാടുമാണ് പുനരധിവാസകേന്ദ്രങ്ങളുള്ളത്.ആനയുടെ മുറിവുകള്‍ ഗൗരവസ്വഭാവമുള്ളതാണെന്നാണ് വനംവകുപ്പ് അധികൃതരുടെ നിരീക്ഷണം. നാലുകാലുകളിലും മുറിവുണ്ട്. പഴുത്ത് നീരുവന്ന അവസ്ഥയിലാണ് കാലുകള്‍. കൂടാതെ പാദങ്ങളും പഴുപ്പുണ്ട്. ഇതുമൂലം നഖങ്ങളും ഇളകിയിരിക്കയാണ്.പാപ്പാന്‍ മുങ്ങിയതായി പരാതിമാള:ആനയുടെ പാപ്പാനെ വ്യാഴാഴ്ച രാവിലെമുതല്‍ കാണാതായത് ആനയുടെ ചികിത്സ പ്രതിസന്ധിയിലാക്കി. പാപ്പാനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും രാത്രിയായിട്ടും ഫലം കണ്ടിട്ടില്ല. ഇതുമൂലം വ്യാഴാഴ്ച ആനയ്ക്ക് മരുന്ന് പുരട്ടാനോ ചികിത്സ നടത്താനോ കഴിഞ്ഞില്ല. പുതിയ പാപ്പാനെ കൊണ്ടുവന്ന് ആനയെ മെരുക്കി ചികിത്സ ആരംഭിക്കാനും സാധിക്കില്ല. ഡോക്ടര്‍മാര്‍ എത്തിയാലും ആനയുടെ അടുത്തുപോകാനും ചികിത്സ നടത്താനും പാപ്പാന്റെ സാമീപ്യം ആവശ്യമാണ്.


VIEW ON mathrubhumi.com