യൂട്യൂബിന് ഇനി പുതിയ ഡിസൈനും ലോഗോയും - മാറ്റങ്ങള്‍ എന്തെല്ലാം എന്നറിയാം

മൊബൈല്‍, ഡെസ്‌ക്ടോപ് പതിപ്പുകളിലെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി യൂട്യൂബ്. ഒപ്പം യൂട്യൂബ് ലോഗോയും പരിഷ്‌കരിച്ചു. യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടണ്‍ അക്ഷരങ്ങള്‍ക്ക് മുമ്പ് വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ബുധനാഴ്ച മുതല്‍ മൊബൈല്‍ ഡെസ്‌ക്ടോപ് പതിപ്പുകളില്‍ പുതിയ മാറ്റങ്ങള്‍ കാണാനാവും.
മൊബൈല്‍ ആപ്പിലേക്ക് വരുമ്പോള്‍, ആപ്പിലെ നാവിഗേഷന്‍ ടാബ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും വിധം സ്‌ക്രീനിന് താഴേക്ക് മാറ്റി. ഒപ്പം പുതിയ ലൈബ്രറിയും അക്കൗണ്ട്‌സ് ടാബുകളും കൊണ്ടുവന്നിട്ടുണ്ട്. അതൊടൊപ്പം തന്നെ വീഡിയോകള്‍ പ്ലേ ചെയ്യുന്ന വേഗത കുറയ്ക്കാനും വര്‍ധിപ്പിക്കാനും ഇനി ആപ്ലിക്കേഷനില്‍ സാധിക്കും. ഈ സൗകര്യം ഡെസ്‌ക്‌ടോപ് പതിപ്പുകളില്‍ ലഭ്യമാണ്.
യൂട്യൂബ് വീഡിയോ പ്ലെയറില്‍ കാര്യമായ പരിഷ്‌കാരണങ്ങളാണുള്ളത്. മുന്‍ വീഡിയോ (Previous Video) കാണാനും അടുത്ത വീഡിയോ (Next Video) കാണാനും ഇനി സ്‌ക്രീനില്‍ യഥാക്രമം ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്താല്‍ മതി. ഈ ഫീച്ചര്‍ പക്ഷെ ഉപയോഗത്തില്‍ വരണമെങ്കില്‍ ദിവസങ്ങളെടുക്കും. എന്നാല്‍ വീഡിയോ പിന്നോട്ട് നീക്കാനും (Rewind) മുന്നോട്ട് നീക്കാനും (Forward) സക്രീനിന്റെ ഇടതു ഭാഗത്തും വലത് ഭാഗത്തും രണ്ട് തവണ തട്ടിയാല്‍ മതി.
യൂട്യൂബിലെ മറ്റൊരു മാറ്റമാണ് ഏറ്റവും ശ്രദ്ധേയം. വീഡിയോ ഫോര്‍മാറ്റിനനുസരിച്ച് വീഡിയോ വെര്‍ട്ടിക്കല്‍, ലാന്‍സ്‌കേപ്, സ്‌ക്വയര്‍ രൂപങ്ങളിലേക്ക് ഓട്ടോമാറ്റിക് ആയി മാറും. ഒപ്പം വീഡിയോ ഫുള്‍ സ്‌ക്രീനില്‍ കാണുന്ന സമയത്ത് നിര്‍ദ്ദേശങ്ങളായി വരുന്ന വീഡിയോകളുടെ പട്ടിക സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്ന പുതിയ ഫീച്ചറും യൂട്യൂബില്‍ ചേര്‍ത്തിട്ടുണ്ട്. ഡെസ്‌ക് ടോപ് പതിപ്പിലും പശ്ചാത്തലം ഇരുണ്ട നിറത്തിലാക്കുന്ന ഡാര്‍ക്ക് തീം പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിട്ടുണ്ട്.


VIEW ON mathrubhumi.com