'അണ്‍ലിമിറ്റഡ്' ജിയോയില്‍ പ്രതിദിനം വിളിക്കാനാവുക 300 മിനിറ്റ്

പരിധിയില്ലാത്ത ഫോണ്‍വിളികള്‍ വാഗ്ദാനം ചെയ്യുന്ന റിലയന്‍സ് ജിയോയില്‍ പ്രതിദിനം സംസാരിക്കാന്‍ കഴിയുക 300 മിനിറ്റ്. ഫോണ്‍കോളുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് പ്രതിദിന പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പുതിയതായി വന്ന മാറ്റമല്ല. റിലയന്‍സ് ജിയോയുടെ നിബന്ധനകളില്‍ ഈ സമയപരിധി നേരത്തെ തന്നെയുണ്ട്.
അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകള്‍ എന്ന വാഗ്ദാനമാണ് ജിയോ തരുന്നത്. എന്നാല്‍ ദിവസേനയുള്ള ഫോണ്‍വിളികള്‍ക്ക് 300 മിനിറ്റ് എന്ന പരിധിയുണ്ട് അതായത് ദിവസം 5 മണിക്കൂര്‍. അതുകൊണ്ടു തന്നെ ഇത് ഉപയോക്താവിനെ ബാധിക്കുന്ന കാര്യമല്ല. ദിവസം 5 മണിക്കൂര്‍ എന്നത് മറ്റ് ടെലികോം കമ്പനികളില്‍ നിന്നുള്ള സംസാര പരിധിയേക്കാള്‍ എത്രയോ അധികമാണ്. മാത്രവുമല്ല ദിവസം 5 മണിക്കൂറിലധികം ഫോണ്‍ വിളിക്കുന്നത് തീര്‍ത്തും അസാധാരണവുമാണ്.
ഒരു നിശ്ചിത പരിധിയിലധികം സ്ഥിരമായി ഫോണ്‍ വിളികള്‍ ഉണ്ടാവുന്നുവെങ്കില്‍ അത് ദുരുപയോഗമായാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പരിധിയില്ലാത്ത ഫോണ്‍ വിളി ഓഫറുകള്‍ക്കൊപ്പവും ദിവസേനയുള്ള ഉപഭോഗപരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ജിയോ അധികൃതര്‍ മാതൃഭൂമിയോട് പറഞ്ഞു.
പ്രതിദിനം 100 എസ്എംസ് മാത്രമെന്ന നിബന്ധനയും റിലയന്‍സ് ജിയോയിലുണ്ട്. അണ്‍ലിമിറ്റഡ് ടെക്സ്റ്റ് മെസേജുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി ട്രായിയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് എസ്എംഎസിലും നിശ്ചിത പരിധി തീരുമാനിച്ചിരിക്കുന്നത്.
പരിധിയില്ലാത്ത വിളികള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് കമ്പനികളുടെ താരിഫ് പ്ലാനിലും ഇത്തരം നിശ്ചിത സമയ പരിധിയുണ്ട്. ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്‍ പ്രതിദിനം 250 മിനിറ്റ് സമയ പരിധിയാണ് ഫോണ്‍ വിളികള്‍ക്ക് നല്‍കുന്നത്.


VIEW ON mathrubhumi.com


READ MORE TECHNOLOGY STORIES: