കൊറോണ വരാതിരിക്കാന്‍ വീട്ടിലിരിപ്പാണോ? ബോറടി മാറ്റാന്‍ അഞ്ച് ആന്‍ഡ്രോയിഡ് ഗെയിമുകള്‍

-
-

കൊറോണ വൈറസ് ബാധ പ്രതിരോധിക്കാന്‍ വീട്ടിനുള്ളില്‍ തന്നെയിരിക്കാനാണ് അധികൃതരില്‍നിന്നുള്ള നിര്‍ദേശം. സ്‌കൂളുകള്‍ അടച്ചും പരീക്ഷകള്‍ ഒഴിവാക്കിയും അധികൃതര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ എടുക്കുമ്പോള്‍ യാത്രകള്‍ മാറ്റി വെച്ചും വീട്ടില്‍വെച്ച്  ജോലി ചെയ്തും ജനങ്ങളും മുന്‍കരുതലെടുക്കുകയാണ്.

അതേസമയം, പതിവ് വിനോദ ഉപാധികള്‍ക്കുള്ള വഴിയടഞ്ഞതോടെ വീട്ടിലിരിക്കേണ്ടി വന്ന ചിലര്‍ക്കെങ്കിലും ബോറടി തുടങ്ങിയിട്ടുണ്ടാവാം. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഇന്ന് ഏറെ സഹായകമാവുകയാണ് സാങ്കേതികവിദ്യ. സ്മാര്‍ട്‌ഫോണുകളിലൂടെയും, സ്മാര്‍ ടിവികളിലൂടെയും കോവിഡ്-19 സംബന്ധിച്ച വിവരങ്ങള്‍ തത്സമയം ഇപ്പോള്‍ ലഭ്യമാണ്. 

ഇത്തരം ഒരു അവസരത്തില്‍ ആളുകള്‍ക്ക് ഒഴിവ് സമയം ചിലവഴിക്കാനുള്ള നല്ലൊരു വഴിയാണ് മൊബൈല്‍ ഗെയിമുകള്‍. രസകരമായ ചില ആന്‍ഡ്രോയിഡ് ഗെയിമുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

8  ബോള്‍ പൂള്‍

ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ബില്ല്യാര്‍ഡ്‌സ് പൂള്‍ ഗെയിം ആണ് 8 ബോള്‍പൂള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമുകളിലൊന്നാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ക്കെതിരെ നിങ്ങള്‍ക്ക് ഗെയിം കളിക്കാം. എതിരാളികളായി യഥാര്‍ഥ കളിക്കാരെ കൂടി കിട്ടുന്നതോടെ കളി ഏറെ രസകരമാവും. 

സബ് വേ സര്‍ഫേഴ്‌സ്

സത്യം പറഞ്ഞാല്‍ ഈ ഗെയിം നിങ്ങള്‍ ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ ലോകത്തിലെ പ്രശസ്തമായ ഗെയിമിങ് ആപ്പുകളെ കുറിച്ച് നിങ്ങള്‍ അജ്ഞരായിരിക്കാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ ഗെയിമിന്റെ ആരാധകരും വിദഗ്ദരുമാണ്. ഒരാള്‍ സബ് വേ ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. പിന്നാലെ ഒരാള്‍ നിങ്ങളെ പിന്തുടരുന്നുണ്ടാവും. തുടരെ തുടരെ ട്രെയിനുകള്‍ വന്നുകൊണ്ടിരിക്കുന്ന ട്രാക്കിലുടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ട്രെയിനുകള്‍ ഇടിക്കാതെയും പിന്നാലെ ഓടുന്നയാളുടെ പിടിയിലകപ്പെടാതെയും നോക്കണം. ഓട്ടത്തിന്റെ വേഗം കൂടുന്നതിനനുസരിച്ച് പരമാവധി നാണയങ്ങള്‍ കരസ്ഥമാക്കുകയാണ് വേണ്ടത്. ഏറെ കാലമായി ജനപ്രീതി നഷ്ടപ്പെടാതെ തുടരുന്ന ഗെയിം ആണിത്. 

കാന്‍ഡി ക്രഷ് സോഡ ശാഖ

യാത്രകള്‍ക്കിടയിലും വെറുതെയിരിക്കുമ്പോഴും സമയം കളയാന്‍ ഏറ്റവും നല്ല ഉപാധികളിലൊന്നാണ് ഫോണിലെ കാന്‍ഡി ക്രഷ് ഗെയിമുകള്‍. പസില്‍ ഗെയിം ആണിത്. സമാനമായ നിറങ്ങളെ ഒന്നിപ്പിച്ച് പോയിന്റ് നേടണം. നിരവധി സ്‌റ്റേജുകളുള്ള ഈ ഗെയിമില്‍ ഫെയ്‌സ്ബുക്ക് വഴി ലോഗിന്‍ ചെയ്ത്. ഫെയ്‌സ്ബുക്കിലെ മറ്റ് സുഹൃത്തുക്കള്‍ നേടിയ പോയിന്റുകളുമായി നിങ്ങള്‍ക്ക് മത്സരിക്കാനാവും. 

ലുഡോ കിങ്

പഴയകാല ലുഡോ ബോര്‍ഡ് ഗെയിം കളിക്കാത്തവരായി ആരും ഉണ്ടാവില്ല. അതിന്റെ സ്മാര്‍ട് ഫോണ്‍ പതിപ്പാണ് ലുഡോ കിങ്. ലുഡോയും, സ്‌നേക്ക് ആന്റ് ലാഡര്‍ ഗെയിമം ഉള്‍പ്പെടുന്ന ഗെയിമിങ് ആപ്പ് ആണ് ലുഡോ കിങ്. ഓണ്‍ലൈന്‍ ആയി അപരിചിതരായ കളിക്കാരുമായും സുഹൃത്തുക്കളുമായും ചേര്‍ന്ന് ഈ ഗെയിം കളിക്കാം. കൂടാതെ നിങ്ങളുടെ സമീപത്തുള്ള സുഹൃത്തുക്കളുമായി ചേര്‍ന്ന് ഓഫ് ലൈന്‍ ആയും ഗെയിം കളിക്കാം. 

പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട് (പബ്ജി)

ചുരുങ്ങിയകാലം കൊണ്ട് സ്മാര്‍ട്‌ഫോണ്‍ ഗെയിമിങ് രംഗത്ത് ഏറെ പ്രചാരംനേടിയ ഗെയിം ആണ് പബ്ജി. ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍ പെടുന്ന സല്‍വൈവല്‍ ഗെയിം ആണിത്. ആയുധങ്ങള്‍ കൊണ്ട് പരസ്പരം പോരടിച്ച് അവസാനം വരെ അതിജീവിക്കുകയാണ് ഈ ഗെയിമില്‍ ചെയ്യേണ്ട്. ഒറ്റക്കോ അടുത്ത സുഹൃത്തുക്കളുമായോ അപരിചിതരോ ആയി ചേര്‍ന്ന് സംഘമായോ ഈ ഗെയിം കളിക്കാം. 

എന്തായാലും സമയം കളയാന്‍ വേണ്ടി ഗെയിമുകളില്‍ മുഴുകിയിരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യ പരിചരണത്തില്‍ നിന്നു ശ്രദ്ധ തിരിക്കരുത്. പകര്‍ച്ചാവ്യാധി പടരുന്ന സാഹചര്യത്തില്‍ അധികൃതര്‍ തരുന്ന ആധികാരികമായ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. 

Content Highlights: top 5 android gaming apps-play-to-keep-away-boredom during self quarantine

Content Highlights: