മനുഷ്യരെ പോലെ കാണാനും സംസാരിക്കാനും പഠിച്ച് ചാറ്റ് ജിപിടി; 'ജിപിടി-4ഒ' അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്കായി സുപ്രധാന അപ്‌ഡേറ്റ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ജിപിടി-4ഒ എന്ന പേരില്‍ പുതിയ എഐ മോഡല്‍ ഓപ്പണ്‍ എഐ തിങ്കളാഴ്ച അവതരിപ്പിച്ചു. ഒ എന്നാല്‍ ഒംനി എന്ന വാക്കിന്റെ ചുരുക്കമാണ്. ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ മെച്ചപ്പെട്ട രീതിയില്‍ പ്രൊസസ് ചെയ്യാന്‍ കഴിവുള്ള എഐ മോഡലാണിത്. ജിപിടി 4 ല്‍ ലഭ്യമായ മുന്‍നിര കഴിവുകള്‍ ജിപിടി-4ഒയിലൂടെ സൗജന്യ ഉപഭോക്താക്കളടക്കം എല്ലാവര്‍ക്കും ലഭിക്കും.
ഓപ്പണ്‍ എഐ സിടിഒ മിറ മുറാട്ടിയാണ് ഓപ്പണ്‍ എഐയുടെ സ്പ്രിങ് അപ്‌ഡേറ്റ് ഇവന്റ് അവതരിപ്പിച്ചത്. ജിപിടി-4ഒ യ്‌ക്കൊപ്പം ചാറ്റ് ജിപിടി ഡസ്‌ക്ടോപ്പ് ആപ്പ്, വെബ്ബ് യുഐ അപ്‌ഡേറ്റ് എന്നിവയും അവതരിപ്പിച്ചു. എല്ലാ മനുഷ്യര്‍ക്കും എഐയുടെ നേട്ടങ്ങള്‍ ഉറപ്പാക്കുകയാണ് ഓപ്പണ്‍ എഐയുടെ ദൗത്യമെന്ന് മിറ മുറാട്ടി പറഞ്ഞു.
ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ ചാറ്റ് ജിപിടിയുമായി സംവദിക്കാനാകും എന്നതാണ് പുതിയ മോഡലിന്റെ സവിശേഷത. ഉദാഹരണത്തിന് മറ്റൊരു ഭാഷയിലുള്ള ഹോട്ടല്‍ മെനു ചിത്രമെടുത്ത് ജിപിടി-4ഒ യ്ക്ക് നല്‍കിയാല്‍ അതിലെ കുറിപ്പുകള്‍ തര്‍ജ്ജമ ചെയ്യാനും ഭക്ഷണത്തിന്റെ ചരിത്രം ഉള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനും നിര്‍ദേശങ്ങള്‍ തേടാനുമെല്ലാം സാധിക്കും. സമാനമായ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചും ജിപിടിയോട് സംവദിക്കാനാവും. ഉദാഹരണത്തിന് തത്സമയ സ്‌പോര്‍ട്‌സ് ഗെയിം ജിപിടിയെ കാണിച്ച് നിയമങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടാം. താമസിയാതെ തന്നെ പുതിയ വോയ്‌സ് മോഡും അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതായി ഓപ്പണ്‍ എഐ പറഞ്ഞു.
ഇന്ന് നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ ജെമിനി എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഓപ്പണ്‍ എഐ പുതിയ എഐ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ജിപിടി -4ഒ മോഡല്‍ ഓപ്പണ്‍ എഐയുടെ ഉല്പന്നങ്ങളില്‍ വരും ദിവസങ്ങളില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കി. പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ ഇത് ഉപയോഗിക്കാനാവും.
ജിപിടി 4ഒ യുടെ കഴിവുകള്‍
ഓപ്പണ്‍ എഐയിലെ മുതിര്‍ന്ന ഗവേഷകരായ മാര്‍ക്ക് ചെന്‍, ബാരറ്റ് സോഫ് എന്നിവര്‍ ചേര്‍ന്നാണ് ജിപിടി -4ഒയുടെ കഴിവുകള്‍ പരിചയപ്പെടുത്തിയത്. ഒരു മനുഷ്യനോട് സംസാരിക്കുന്നതിന് സമാനമായി ചാറ്റ് ജിപിടിയുമായി ഇപ്പോള്‍ സംസാരിക്കാനാവും. ഉപഭോക്താവിന്റെ മാനസികാവസ്ഥ കൂടുതല്‍ തിരിച്ചറിയും വിധമാണ് ചാറ്റ് ജിപിടി മറുപടി നല്‍കുന്നത്. അതും തീര്‍ത്തും സ്വാഭാവികമായ മനുഷ്യസമാനമായ ഭാഷയില്‍. തമാശയും ചിരിയും ഭാവങ്ങളുമെല്ലാം നല്‍കിയാണ് ഈ മറുപടികള്‍ എന്നതും ശ്രദ്ധേയം.
ചാറ്റ് ജിപിടിയ്ക്ക് നമ്മളെ കണ്ടുകൊണ്ട് സംസാരിക്കാനാവും എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ മുഖ്യ സവിശേഷത. അതായത് തത്സമയ വീഡിയോയിലൂടെ കാണുന്നത് തിരിച്ചറിയാനും വിശകലനം ചെയ്യാനും ജിപിടി 4ഒയ്ക്ക് സാധിക്കുന്നു. ഇത് എങ്ങനെയെന്ന് മാര്‍ക്ക് ചെന്നും, ബാരറ്റ് സോഫും ചേര്‍ന്ന് അവതരിപ്പിച്ചു.
ഒരു പേപ്പറില്‍ ചില ഗണിത പ്രശ്‌നങ്ങള്‍ ചെയ്യുന്നത് ക്യാമറിയിലൂടെ ജിപിടിയെ കാണിക്കുകയും അതുമായി ബന്ധപ്പെട്ട് ജിപിടിയുമായി ശബ്ദത്തിലൂടെ സംവദിക്കുകയും ചെയ്തു. ഇത് കൂടാതെ ബാരറ്റ് സോഫ് തന്റെ സെല്‍ഫി വീഡിയോ കാണിച്ച് മുഖത്തെ വികാരങ്ങള്‍ തിരിച്ചറിയാന്‍ ആവശ്യപ്പെടുന്നതും ജിപിടി അതിനോട് രസകരമായി പ്രതികരിക്കുന്നതും അവര്‍ കാണിച്ചു തന്നു. ചാറ്റ് ജിപിടിയുടെ ഡെസ്‌ക്ടോപ്പ് ആപ്പും അവതരിപ്പിച്ചു. ഇതിന്റെ സഹായത്തോടെ കോഡിങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കും.
ഓപ്പണ്‍ എഐ പറഞ്ഞതുപോലെ തീര്‍ത്തും മാന്ത്രികമായ കഴിവുകളാണ് ഓപ്പണ്‍ എഐ കംപ്യൂട്ടറിന് നല്‍കിയിരിക്കുന്നത്. കേവലം എഴുത്ത് മാത്രമല്ല കാണാനും തിരിച്ചറിയാനും അതിനെല്ലാം അനുസരിച്ച് സംസാരിക്കാനും ചാറ്റ് ജിപിടി അതിവേഗം പഠിച്ചിരിക്കുന്നു.
Content Highlights: OpenAI unveils GPT-4o