അവിയല്‍ പരുവത്തിലുള്ള ഡിസൈന്‍ ഒഴിവാക്കി; സിമ്പിള്‍ രൂപകല്‍പനയുമായി മെസഞ്ചര്‍

മെസഞ്ചര്‍ ആപ്ലിക്കേഷന് പുതിയ രൂപകല്‍പനയുമായി ഫെയ്‌സ്ബുക്ക്. ഡിസ്‌കവര്‍ ടാബ് ഒഴിവാക്കിയാണ് പുതിയ മെസഞ്ചര്‍ ആപ്പ് എത്തിയിരിക്കുന്നത്. അടുത്തയാഴ്ച മുതല്‍ പുതിയ മെസഞ്ചര്‍ എത്തിത്തുടങ്ങും. 

2018 ല്‍ തന്നെ മെസഞ്ചര്‍ ആപ്പില്‍ വലിയ മാറ്റമുണ്ടാവുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. 'എന്തും സാധിക്കുന്ന ഒരു ആപ്പ്' എന്ന രീതിയിലാണ് ഫെയ്സ്ബുക്ക് നേരത്തെ മെസഞ്ചറിൽ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നത്. ഡിസ്കവർ ടാബും ഗെയിമുകളുമെല്ലാം അതിന്റെ ഭാഗമായി വന്നതാണ്.  

എന്നാല്‍ അടിസ്ഥാനപരമായി ആ രീതിയിൽ നിന്നും മാറി ഒരു മെസേജിങ് ആപ്പ് എന്ന നിലയില്‍ തന്നെ ഫെയ്‌സ്ബുക്ക് മെസഞ്ചറിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. അതിന്റെ ഭാഗമായി വാണിജ്യാവശ്യങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയ, ഉപയോക്താക്കള്‍ക്ക് യാതൊരു വിധത്തിലും ഉപകരിക്കാത്ത ഫീച്ചറുകള്‍ ഒഴിവാക്കി. സന്ദേശങ്ങള്‍ അയക്കുന്നതിനായുള്ള സേവനം എന്ന നിലയില്‍ മെസഞ്ചര്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

നേരത്തെ ഉള്ള മെസഞ്ചര്‍ രൂപകല്‍പന ഇങ്ങനെ ആണ്

ടെക്ക് ക്രഞ്ച് പുറത്തുവിട്ട പുതിയ രൂപകല്‍പനയാണിത്. 

മെസഞ്ചര്‍ ആപ്പിന്റെ വലതുഭാഗത്തായി ബിസിനസ് അക്കൗണ്ടുകളും ഗെയിമുകളും എളുപ്പം കണ്ടെത്തുന്നതിനായി നല്‍കിയ ഡിസ്‌കവര്‍ ടാബ് ഒഴിവാക്കി. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ തയ്യാറാക്കിയ ഈ ഫീച്ചര്‍ അത്ര വിജയം കണ്ടില്ല. 

പുതിയ രൂപകല്‍പനയില്‍ 'പീപ്പിള്‍' എന്ന ടാബിന് ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നു. ഇതില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ അപ്‌ഡേറ്റ് ചെയ്ത ഫെയ്‌സ്ബുക്ക് സ്റ്റോറീസ് വലിയ ചതുരക്കള്ളികളിലായി നല്‍കിയിരിക്കുന്നു. ഓണ്‍ലൈനിലുള്ള സുഹൃത്തുക്കളെ കാണാന്‍ പ്രത്യേകം കോണ്‍ടാക്റ്റ് ലിസ്റ്റും നല്‍കിയിട്ടുണ്ട്. 

ഒരുപാട് ടാബുകള്‍ കുത്തി നിറയ്ക്കാതെ ലളിതമാണ് പുതിയ മെസഞ്ചര്‍. ഇത് ആപ്പിനുള്ളിലെ നാവിഗേഷന്‍ കൂടുതല്‍ എളുപ്പമാക്കും.  

Content Highlights: