ട്വിറ്റര്‍ അക്ഷര പരിമിതി ഇരട്ടിയാക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആക്കാനൊരുങ്ങി ട്വിറ്റര്‍. ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ട്വിറ്റര്‍ പോസ്റ്റുകളിലെ അക്ഷരങ്ങളുടെ എണ്ണം ട്വിറ്റര്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. പുതിയ മാറ്റം പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
140 അക്ഷരങ്ങളാണ് നിലവില്‍ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താനാവുക. അക്ഷരങ്ങളിലെ ഈ നിയന്ത്രണം പല ഉപയോക്താക്കളിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്നാണ് ട്വിറ്ററിന്റെ നിരീക്ഷണം. നിലവില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് പുതിയ മാറ്റം ലഭ്യമാവുക. അതിന് ശേഷമായിരിക്കും ആഗോളതലത്തില്‍ മാറ്റം കൊണ്ടുവരിക.
ചുരുങ്ങിയ വാക്കുകളില്‍ ചിന്തകളും സന്ദേശങ്ങളും പങ്കുവെക്കുന്ന മൈക്രോ ബ്ലോഗിങിലൂടെ ശ്രദ്ധേയമായ സോഷ്യല്‍മീഡിയാ വെബ്‌സൈറ്റാണ് ട്വിറ്റര്‍. ആഗോളതലത്തില്‍ തന്നെ ഗൗരവതരമായ പലവിഷയങ്ങളും ട്വിറ്ററില്‍ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കാറുണ്ട്. ഇത്തരം സംവാദങ്ങള്‍ക്കിടെ 140 എന്ന അക്ഷര പരിമിതി പലപ്പോഴും ഉപയോക്താക്കള്‍ക്ക് കല്ലുകടിയാകുന്നു.
അതുകൊണ്ടുതന്നെ വിശദമായ ആശയസംവാദങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിനെയാണ് ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. ഫെയ്‌സ്ബുക്കില്‍ അക്ഷര പരിമിതിയില്ലെന്നത് തന്നെ അതിന് കാരണം.
ആഗോളതലത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനും ഉപയോക്താക്കളെ ട്വിറ്ററില്‍ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങളുമായി ട്വിറ്റര്‍ രംഗത്തെത്തുന്നത്. വേഗത കുറഞ്ഞ ഡാറ്റാ നെറ്റ്‌വര്‍ക്കുകളില്‍ എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ട്വിറ്റര്‍ പരീക്ഷിക്കുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷര പരിമിതി ഇരട്ടിയാക്കാനുള്ള പരീക്ഷണവിവരം ട്വിറ്റര്‍ തന്നെ പുറത്തുവിടുന്നത്.


VIEW ON mathrubhumi.com