റഷ്യന്‍ ബന്ധം; 200 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് കാണിച്ച് റഷ്യന്‍ ബന്ധമുള്ള 200 അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള റഷ്യയുടെ ഇടപെടല്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിയുടെ പൊതുവിചാരണ നടക്കുകയാണ്. ഇതിനിടയിലാണ് ട്വിറ്ററിന്റെ നടപടി.
എന്നാല്‍ ട്വിറ്ററിന്റെ ഈ നടപടി അപര്യാപ്തമാണെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കാനും റഷ്യ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കള്‍ ആരോപിക്കുന്നത്.
വ്യാഴാഴ്ചയാണ് ട്വിറ്റര്‍ അധികൃതര്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിയ്ക്ക് മുന്നില്‍ ഹാജരായത്. ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയുള്ള റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ട്വിറ്റര്‍ അധികൃതര്‍ക്ക് മറുപടിപറയാനായില്ലെന്നും ഇതിന്റെ ഗുരുതരാവസ്ഥ ട്വിറ്റര്‍ അധികൃതര്‍ക്ക് ഇനിയും മനസിലായിട്ടില്ലെന്നും വാര്‍ണര്‍ ആരോപിക്കുന്നു. അതേസമയം വാര്‍ണറുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ല.
ട്വിറ്ററിന് പുറമെ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലുള്ള സ്ഥാപനങ്ങളും സെനറ്റ് ഇന്റലിജന്‍സ് കമ്മറ്റിയുടെ പൊതുവിചാരണയ്ക്ക് വിധേയമാവുന്നുണ്ട്.


VIEW ON mathrubhumi.com