സ്പെയിനിൽ ഉയരും ഭീമൻ ടിഎംടി ഒബ്സർവേറ്ററി; 100 കോടി യൂറോ നൽകാമെന്ന് ഭരണകൂടം, പദ്ധതിയിൽ ഇന്ത്യയും

#ടെക്നോളജി ഡെസ്ക്
TMT Observatory | Photo: www.tmt.org
TMT Observatory | Photo: www.tmt.org

യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുമായി (EIB) സഹകരിച്ച് സ്പാനിഷ് സർക്കാർ ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ദൂരദർശിനിയായ തേർട്ടി മീറ്റർ ദൂരദർശിനി (TMT) നിർമിക്കാനൊരുങ്ങുന്നു. ഇതിനായി 100 കോടി യൂറോ വരെ സമാഹരിക്കുമെന്ന് സ്പാനിഷ് ഭരണകൂടം പ്രഖ്യാപിച്ചു. സ്പെയിനിലെ ലാ പാൽമയിലുള്ള റോക്ക് ഡി ലോസ് മുച്ചാക്കോസ് (Roque de los Muchachos) ഒബ്സർവേറ്ററിയിലാണ് ടിഎംടി ഇന്റർനാഷണൽ ഒബ്സർവേറ്ററി നിർമിക്കാൻ സാധ്യത.

യുഎസ്, കാനഡ, ജപ്പാൻ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ അംഗമായ അന്താരാഷ്ട്ര കൺസോർഷ്യമാണ് ടിഎംടി ഇന്റർനാഷണൽ ഒബ്സർവേറ്ററി. 2014 സെപ്റ്റംബറിൽ ഇന്ത്യ ഈ കൺസോർഷ്യത്തിൽ ചേരുമ്പോൾ, ചെലവിന്റെ 10 ശതമാനം (ഏകദേശം 1300 കോടി രൂപ) ഇന്ത്യ സംഭാവന ചെയ്യാൻ തയ്യാറായിരുന്നു. ശാസ്ത്രസാങ്കേതിക വകുപ്പായിരിക്കും നോഡൽ ഏജൻസി, ആണവോർജ വകുപ്പ് ഇത് ഏകോപിപ്പിക്കും.

ദൂരദർശിനിയുടെ വലിയ പ്രാഥമിക കണ്ണാടിക്ക് (primary mirror) ആവശ്യമായ പോളിഷ് ചെയ്ത കണ്ണാടി സെഗ്മെന്റുകളിൽ 84 എണ്ണം ഇന്ത്യയാണ് നൽകുക. ഇത്തരത്തിൽ 492 ഷഡ്ഭുജ കണ്ണാടികൾ ഉപയോഗിച്ചാണ് ദൂരദർശിനിയുടെ 30 മീറ്റർ പ്രൈമറി മിറർ നിർമിക്കുന്നത്. കൂടാതെ ഇതിന്റെ പ്രിസിഷൻ ആക്യുവേറ്ററുകൾ, എഡ്ജ് സെൻസറുകൾ, സെഗ്‌മെന്റ് സപ്പോർട്ട് അസംബ്ലി (എസ്‌എസ്‌എ) എന്നിവയും ഇന്ത്യ നിർമിക്കും. പ്രൈമറി മിററിന് ചുറ്റും സ്ഥാപിക്കേണ്ട 100 എസ്‌എസ്‌എ സെഗ്‌മെന്റുകളും 80 മിററുകളും ഇന്ത്യയിലാണ് നിർമിക്കുക.

സ്പാനിഷ് ഭരണകൂടം അനുകൂല നിലപാടെടുത്ത സാഹചര്യത്തിൽ "ഇനി ടിഎംടി ഒബ്സർവേറ്ററി കൺസോർഷ്യത്തിന്റെ ഊഴമാണെന്നും ഈ പ്രൊപ്പോസലിന്റെ പ്രാധാന്യം അവർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വടക്കൻ അർധഗോളത്തിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് ദൂരദർശിനിക്കുള്ള സ്ഥലമായി ലാ പാൽമയെ തിരഞ്ഞെടുക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും" സ്പാനിഷ് ശാസ്ത്ര, നവീകരണ, സർവകലാശാല മന്ത്രി ഡയാന മൊറാന്റ് ബുധനാഴ്ച പറഞ്ഞു.

40 കോടി യൂറോയാണ് ഈ പദ്ധതിക്കായി മന്ത്രാലയം നൽകുക. ഇതിൽ 30 കോടി യൂറോ ഇഐബിയിൽ നിന്നുള്ള വായ്പയായും അത്രതന്നെ തുക ഒഫിഷ്യൽ ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ടും നൽകും. മറ്റ് സംഭാവനകളും കൂടി ഉൾപ്പെടുത്തി ആകെ 100 കോടി യൂറോ സ്പെയിൻ പദ്ധതിക്കായി സംഘടിപ്പിക്കും.

എന്താണ് ടിഎംടി

30 മീറ്റർ വ്യാസമുള്ള പ്രാഥമിക കണ്ണാടിയോടുകൂടിയ ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പുകളിൽ ഒന്നാണ് ടിഎംടി. പ്രപഞ്ചത്തിന്റെ ഉത്പത്തിയും ആദ്യകാല രൂപീകരണവും, ഗാലക്സികളുടെയും ആദ്യകാല നക്ഷത്രങ്ങളുടെയും വികാസം, ബ്ലാക്ക് ഹോളുകൾ, മിൽക്കിവേ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഈ ഭീമൻ ദൂരദർശിനി ശാസ്ത്രജ്ഞരെ സഹായിക്കും.

തുടക്കത്തിൽ 140 കോടി യു.എസ്. ഡോളർ ചെലവ് പ്രതീക്ഷിച്ചുകൊണ്ട് ഹവായിയൻ ദ്വീപുകളിലെ മൗനാ കിയയിലാണ് ടിഎംടി നിർമിക്കാൻ തീരുമാനിച്ചിരുന്നത്. 2014 ഒക്ടോബറിൽ നിർമാണോദ്ഘാടനം നടക്കുകയും 2015 വരെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ പിന്നാലെ മൗന കിയയിൽ മറ്റൊരു ടെലിസ്കോപ്പ് കൂടി സ്ഥാപിക്കുന്നതിനെതിരെ ഹവായിയിലെ പ്രാദേശിക നിവാസികൾ ശക്തമായി പ്രതിഷേധവുമായി വന്നു. തുടർന്ന് വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങളും ചർച്ചകളും നടന്നെങ്കിലും അവിടെ നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല.

ഹവായിയിലെ തടസ്സങ്ങൾ കാരണം 2022–2023 കാലയളവിലാണ് ടിഎംടി അന്താരാഷ്ട്ര കൺസോർഷ്യം ഈ പദ്ധതി സ്പെയിനിലെ റോക്ക് ഡി ലോസ് മുച്ചാക്കോസ് ഒബ്സർവേറ്ററിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിച്ചത്. അതിന് ശേഷം നിരവധി ചർച്ചകൾക്കൊടുവിലാണ് സ്പെയിൻ അനുകൂല നിലപാടിലെത്തിയിരിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെ നിർമാണം വൈകിയതിനാൽ പദ്ധതിയുടെ ആകെ ചെലവിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.

Content Highlights: Spain has proposed up to €1 billion in funding to host the Thirty Meter Telescope (TMT) in La Palma—a massive international astronomical project shifted from Hawaii due to protests—where India plays a critical role by supplying major hardware components including primary mirror segments.