'തോറ്റുപോയേക്കാം, പക്ഷേ നിരാശരാകരുത്'; 25 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് വന്ന ഡോ. വാട്‌സണ്‍ വിദ്യാര്‍ഥികളോട് പറഞ്ഞത്

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടുമുന്‍പുള്ള ആ ക്ലാസ്മുറി ഡോ. ടെസി തോമസ് മാളിയേക്കലിന്റെ മനസ്സില്‍ ഇന്നുമുണ്ട് മായാതെ. മാനവജീവിതരഹസ്യത്തിന്റെ ചുരുളഴിച്ച ശാസ്ത്രപ്രതിഭയുടെ മാന്ത്രികസാന്നിധ്യമാണ് മുന്നില്‍.
വെറും പത്തുമിനിറ്റുമാത്രം നീണ്ട കൂടിക്കാഴ്ചയില്‍ ടെസിയടക്കമുള്ള 13 വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ അദ്ദേഹം വിജയരഹസ്യംകൂടി പങ്കുവെച്ചു: 'നാമൊരുപക്ഷേ, തോറ്റുകൊണ്ടിരിക്കും. അതിലൊന്നും മനസ്സ് മടുക്കാനോ നിരാശരാവാനോ പാടില്ല. വീണ്ടും വീണ്ടും പരിശ്രമിച്ചാല്‍ വിജയം നിങ്ങള്‍ക്കായിരിക്കും. അതാണ് എന്റെ ഗവേഷണാനുഭവം.' -ശനിയാഴ്ച മണ്‍മറഞ്ഞ പ്രൊഫ. ജെയിംസ് ഡി. വാട്സന്റെ ഈ വാക്കുകള്‍ ഇന്നും ഹൃദയത്തുടിപ്പ് പോലെ ടെസിയുടെ ഓര്‍മകളിലുണ്ട്.
1999 ജനുവരി 10, 11 തീയതികളിലായിരുന്നു വാട്സന്റെ കേരള സന്ദര്‍ശനം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ (ആര്‍ജിസിബി) വന്നപ്പോഴായിരുന്നു ടെസിയടക്കം 13 ഗവേഷണവിദ്യാര്‍ഥികളുമായി വാട്സന്റെ സംവാദം.
ആര്‍ജിസിബി ഡയറക്ടറായിരുന്ന ഡോ. എം.ആര്‍. ദാസിന്റെ നിരന്തരപരിശ്രമത്തെ തുടര്‍ന്നാണ് ലോകപ്രശസ്തനായ ശാസ്ത്രജ്ഞന്‍ കേരളത്തിലെത്തിയതെന്ന് ടെസി 'മാതൃഭൂമി'യോടു പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ അദ്ദേഹത്തെ പൂച്ചെണ്ടുനല്‍കി വരവേല്‍ക്കാനുള്ള ഭാഗ്യം ടെസിക്കു ലഭിച്ചു. 13 ഗവേഷണ വിദ്യാര്‍ഥികളുമായി പത്തു മിനിറ്റു നേരം അദ്ദേഹം സംവദിച്ചു. ഗവേഷണത്തിനിടെ വരാനിടയുള്ള പ്രശ്‌നങ്ങളും തടസ്സങ്ങളും അതെങ്ങനെ അതിജീവിക്കണമെന്നും വാട്സണ്‍ പറഞ്ഞു. ഒട്ടേറെ തോല്‍വികളിലൂടെ താനൊടുവില്‍ ലോകത്തെ തന്നെ മാറ്റിമറിച്ച ഗവേഷണത്തിലേക്ക് എത്തിച്ചേര്‍ന്ന അനുഭവവും വിദ്യാര്‍ഥികളോടു ചുരുക്കിപ്പറഞ്ഞു.
അന്നത്തെ വിദ്യാര്‍ഥികളിലൊരാളായ ടെസി ഇന്ന് അതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയാണ്. മറ്റൊരാള്‍ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍. വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനുശേഷം വാട്സണ്‍ ലാബുകള്‍ നോക്കിക്കണ്ടെന്ന് ടെസി പറഞ്ഞു. അതിനുശേഷം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം പ്രഭാഷണവും നടത്തി.
വാട്സന്റെ ഓര്‍മ്മകള്‍ക്കും സംഭാവനകള്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച് ആര്‍ജിസിബിയില്‍ ശനിയാഴ്ച അനുശോചനയോഗം ചേര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നടന്ന ബയോടെക്നോളജി വിപ്ലവത്തിന് അടിത്തറ പാകിയത് ഡിഎന്‍എ ഘടന കണ്ടെത്തിയ ശാസ്ത്രനേട്ടമായിരുന്നുവെന്ന് ഡയറക്ടര്‍ ഡോ. ടി.ആര്‍. സന്തോഷ്‌കുമാര്‍ അനുസ്മരിച്ചു.
Content Highlights: 'Never be discouraged by failure': Dr. Tessy Thomas Maliyackal remembers the motivational words of the late DNA scientist Prof. James D. Watson during his 1999 Kerala visit