320 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നിങ്ങൾ നിൽക്കുന്നയിടം എവിടെയായിരുന്നു? കണ്ടെത്താൻ പുതിയ ഓൺലൈൻ ടൂൾ

#Science Desk
Photo: Faculty of Geosciences Utrecht University
Photo: Faculty of Geosciences Utrecht University

ഭൂമിയിലെ ഇന്ന് കാണുന്ന ഭൂഖണ്ഡങ്ങൾ ഇപ്പോൾ കാണുന്ന വിധമായത് കോടിക്കണക്കിന് വർഷങ്ങൾ എടുത്തുള്ള ഒട്ടേറെ മാറ്റങ്ങളിലൂടെയാണെന്ന് ശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിങ്ങളുടെ വീട് എവിടെയായിരുന്നിരിക്കാം? എപ്പോഴെങ്കിലും അങ്ങനെ ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിലെ ഏത് സ്ഥലത്തിന്റെയും കാലാന്തരത്തിലുള്ള യാത്ര വെളിപ്പെടുത്തുന്ന പുതിയ ഓൺലൈൻ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഉട്രെക്റ്റ് സർവകലാശാലയിലെ പ്രൊഫസർ ഡൗവെ വാൻ ഹിൻസ്ബെർഗന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഭൗമശാസ്ത്രജ്ഞരുടെ സംഘം.

ഈ ടൂൾ ഉപയോഗിച്ച് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം 320 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് എവിടെയായിരുന്നു എന്ന് കാണാൻ സാധിക്കും. പാൻജിയ എന്നറിയപ്പെടുന്ന സൂപ്പർ ഭൂഖണ്ഡം നിലനിന്നിരുന്ന കാലമായിരുന്നു അത്. കാലക്രമേണ ടെക്ടോണിക് പ്ലേറ്റുകൾ നീങ്ങുന്നതിനാൽ, പല സ്ഥലങ്ങളും അക്കാലത്ത് തികച്ചും വ്യത്യസ്തമായ കാലാവസ്ഥാ മേഖലകളിലായിരുന്നു. ഉദാഹരണത്തിന്, 245 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, നെതർലൻഡ്സിന് ആധുനിക പേർഷ്യൻ ഗൾഫിന് സമാനമായ ഒരു ഉഷ്ണമേഖലാ കാലാവസ്ഥയുണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഉട്രെക്റ്റ് പാലിയോജിയോഗ്രഫി മോഡൽ അടിസ്ഥാനമാക്കിയാണ് ഉട്രെക്റ്റ് സർവകലാശാല ഈ പ്രൊജക്ട് തയ്യാറാക്കിയത്. വൻകരകളുടെയും പർവതനിരകളുടെയും അതിസൂക്ഷ്മമായ പുനർനിർമാണമാണ് ഈ പഠനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുരാതന ശിലകളിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള കാന്തിക സിഗ്നലുകൾ നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞർ ഈ മോഡൽ തയ്യാറാക്കിയത്. ഭൂമിയുടെ കാന്തികധ്രുവങ്ങളുമായി ബന്ധപ്പെട്ട് ഒരു ശില എവിടെയാണ് രൂപപ്പെട്ടതെന്ന് ഈ സിഗ്നലുകൾ കാണിച്ചുതരും.

ഇത് വെറുമൊരു കൗതുകത്തിന് വേണ്ടി മാത്രം നിർമിച്ചതല്ല. കഴിഞ്ഞകാലങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തോടും കൂട്ടവംശനാശങ്ങളോടും ജൈവവൈവിധ്യം എങ്ങനെയാണ് പ്രതികരിച്ചതെന്ന് മനസ്സിലാക്കാൻ ഈ ഉപകരണം വിദഗ്ധരെ സഹായിക്കുമെന്ന് ഉട്രെക്റ്റ് സർവകലാശാലയിലെ പാലിയെന്റോളജിസ്റ്റായ ഡോ. എമിലിയ യാരോഹോവ്സ്ക പറഞ്ഞു. ഭൂമിയുടെ ചരിത്രവുമായി പൊതുജനങ്ങളെ ബന്ധിപ്പിക്കാൻ ഈ ഉപകരണം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Content Highlights: An international team of geoscientists led by Utrecht University has launched an online tool that allows users to trace the geographical and climatic journey of any location on Earth up to 320 million years back to the supercontinent Pangea.