2031-ല്‍ '2024 YR4' ചന്ദ്രനില്‍ പതിക്കാനുള്ള സാധ്യത ഏറിവരുന്നു, പതിക്കുക ഭൂമിക്ക് അഭിമുഖമായ ഭാഗത്ത്

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഭൂമിക്ക് ഭീഷണിയാകുമെന്ന് ഒരുഘട്ടത്തില്‍ കരുതിയിരുന്ന 2024 YR4 ഛിന്നഗ്രഹം ചന്ദ്രനില്‍ പതിക്കാനുള്ള സാധ്യത ഏറിവരുന്നുവെന്ന് ശാസ്ത്രജ്ഞര്‍. ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം 2031-ല്‍ ഛിന്നഗ്രഹം ചന്ദ്രനില്‍ പതിക്കാന്‍ 4.3% സാധ്യതയാണുള്ളത്. ഈ സാധ്യത കഴിഞ്ഞ ഫെബ്രുവരിയില്‍ 1.7 ശതമാനമായിരുന്നത് ഏപ്രിലില്‍ 3.8 ശതമാനമായും ഇപ്പോള്‍ 4.3 ശതമാനമായും ക്രമാനുഗതമായി വര്‍ദ്ധിച്ചുവെന്നാണ് നാസ വ്യക്തമാക്കുന്നത്.

ചന്ദ്രനില്‍ പതിക്കുകയാണെങ്കില്‍, അത് ഭൂമിക്ക് അഭിമുഖമായുള്ള ഭാഗത്തായിരിക്കും (near side) പതിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് തത്സമയം നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അപൂര്‍വ അവസരം ലഭിച്ചേക്കും. ഛിന്നഗ്രഹങ്ങളുടെ ഭൂമിയിലെ ആഘാതം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമായ Asteroid Terrestrial-impact Last Alert System ആണ്  2024 ഡിസംബര്‍ 27-ന് YR4 നെ ആദ്യം കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുന്‍പ് ഇത് ഭൂമിക്കരികിലൂടെ കടന്നുപോയിരുന്നു. ഇത് നാല് വര്‍ഷം കൂടുമ്പോള്‍ സൂര്യനെ ഒരു തവണ വലംവെക്കുന്നുണ്ട്.

ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി 2025 മെയ് മാസത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍ അനുസരിച്ച്, ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം ഏകദേശം 174 മുതല്‍ 220 അടി വരെയാണ്. ഇത് ഏകദേശം ഒരു 10 നില കെട്ടിടത്തിന്റെ ഉയരത്തിനോ ഒരു ബോയിംഗ് 747 വിമാനത്തിന്റെ ചിറകിന്റെ വിസ്താരത്തിനോ തുല്യമാണ്. നിലവില്‍, ദൂരദര്‍ശിനികള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയാത്തത്ര ദൂരെയാണ് YR4. 2028 ഡിസംബറില്‍ ഇത് വീണ്ടും ഭൂമിക്കരികിലൂടെ കടന്നുപോകും.

2024 YR4 എന്ന ഛിന്നഗ്രഹം 2032 ഡിസംബര്‍ 22-ന് ഭൂമിയില്‍ പതിക്കാനുള്ള നേരിയ സാധ്യത നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ആ ഭീഷണി ഇല്ലാതായെങ്കിലും, നിലസവില്‍ അത് ചന്ദ്രനില്‍ പതിക്കാനുള്ള സാധ്യത പൂജ്യമല്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടും. ഒരു ഘട്ടത്തില്‍ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ഒരു ശതമാനത്തില്‍ കൂടുതലായിരുന്നു. ഇത് ഒരു ഭീഷണി തന്നെയായിരുന്നു. നാസ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇത്തരത്തിലുള്ള ഒരു സംഭവം ഏകദേശം 1000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സംഭവിക്കുന്നത്. അപ്പോഫിസ് (Apophis) എന്ന ഛിന്നഗ്രഹവുമായി ഇതിനെ ഗവേഷകര്‍ താരതമ്യപ്പെടുത്തുന്നുണ്ട്. 2029-ല്‍ അപ്പോഫിസ് ഭൂമിക്കരികിലൂടെ കടന്നുപോകും. ഇത് അപൂര്‍വമായ ഒരു ദൃശ്യാനുഭവത്തിന് അവസരം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Content Highlights: city killer asteroid will hit moon chances rising