ഒരു റോബോട്ടിന്റെ ഗതികേട് ! കാണികളുടെ സംശയം, പൊതുവേദിയില്‍ വസ്ത്രം കീറി മുറിച്ച് ജീവനക്കാര്‍

Xpeng Iron Robot | Photo: Screengrab, Video shared by youtube/DPCcars
Xpeng Iron Robot | Photo: Screengrab, Video shared by youtube/DPCcars

ചൈനീസ് ഇലക്ട്രോണിക് വാഹന നിര്‍മാതാക്കളായ എക്‌സ് പെങ് പുതിയൊരു ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ചു. സാധാരണ റോബോട്ടുകളില്‍ കാണുന്ന യാന്ത്രികമായ ചലനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യര്‍ നടത്തത്തിനോട് വളരെയധികം സാമ്യതയുള്ള രീതിയില്‍ നടക്കാനാകുന്ന റോബോട്ടാണിത്. വെള്ള നിറത്തിലുള്ള മേല്‍വസ്ത്രം ധരിച്ചെത്തിയ റോബോട്ടിനെ കണ്ടപ്പോള്‍ പക്ഷേ, കാണികള്‍ ഒന്ന് സംശയിച്ചു. അത് ഇനി, റോബോട്ടിന്റെ വേഷം കെട്ടിവന്ന മനുഷ്യനാണോ എന്ന്. തുടര്‍ന്ന് ആ സംശയം ദൂരീകരിക്കാന്‍ കമ്പനി പ്രതിനിധികള്‍ വേദിയില്‍ വെച്ച് തന്നെ റോബോട്ടിന്റെ ഒരു കാലിലെ വസ്ത്രം കീറി മുറിച്ചു. നവംബര്‍ അഞ്ചിന് ചൈനയില്‍ നടന്ന ചടങ്ങിലാണ് എക്‌സ് പെങ് മോട്ടോര്‍സ് ചെയര്‍മാനും സിഇഒയുമായ ഷ്യാവോപെങ് അയേണ്‍ റോബോട്ട് അവതരിപ്പിച്ചത്.

'അയേണ്‍' മാന്‍

അയേണ്‍ (IRON) എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിന്റെ നിര്‍മാണത്തിലെ സവിശേഷതകളാണ് അതിനെ മനുഷ്യനോട് വളരയെധികം സാമ്യത പുലര്‍ത്തുന്ന രീതിയില്‍ നടക്കാന്‍ പ്രാപ്തമാക്കുന്നത്. മനുഷ്യസമാനമായ നട്ടെല്ല്, സന്ധികള്‍, ഒരു മോഡലിനെ പോലെ ചലിക്കാന്‍ അനുവദിക്കുന്ന കൃത്രിമ പേശികള്‍ എന്നിവയെല്ലാം ഈ റോബോട്ടിനുണ്ട്. എക്‌സ്‌പെങ്ങിന്റെ കസ്‌ററ്റം എഐ റോബോട്ടിക്‌സ് ആര്‍ക്കിടെക്ചറിന്റെ സഹായത്തോടെ കാണുന്ന കാര്യങ്ങള്‍ വ്യാഖ്യാനിക്കാനും അതിനനുസരിച്ച് ശരീരം ചലിപ്പിക്കാനും റോബോട്ടിന് സാധിക്കുന്നു.

വഴക്കമുള്ള ശരീരം

മനുഷ്യശരീരത്തെ അടിമുടി അനുകരിക്കുകയെന്ന ലക്ഷ്യത്തോടായാണ് എക്‌സ്‌പെങ്ങ് അയേണ്‍ രൂപകല്‍പന ചെയ്തത്. 82 ഡിഗ്രി ഫ്രീഡമുള്ള ബോഡിയാണ് അയേണിനുള്ളത്. ഇത് റോബോട്ടിന്റെ ശരീരത്തെ കൂടുതല്‍ വഴക്കമുള്ളതാക്കുന്നു. ഇതില്‍ കൈകള്‍ക്ക് മാത്രം 22 ഡിഗ്രി ഫ്രീഡമുണ്ട്. 27 ഓളം അസ്തികളും സങ്കീര്‍ണമായ സന്ധികളുമുള്ള മനുഷ്യന്റെ കൈകളുടെ ഒട്ടുമിക്ക ചലനങ്ങളും അനുകരിക്കാന്‍ ഇതുവഴി റോബോട്ടിന് സാധിക്കും.

മെലിഞ്ഞതോ തടിച്ചതോ ആയ വ്യത്യസ്ത ശരീര ഘടനകളെ പിന്തുണയ്ക്കുന്ന ഇന്റേണല്‍ എന്‍ഡോസ്‌കെലിറ്റണും ബയോണിക് പേശി ഘടനയും ഈ റോബോട്ടിന്റെ സവിശേഷതയാണ്. സിന്തറ്റിക് ചര്‍മം ഉപയോഗിച്ചാണ് ഇതിന്റെ ബാഹ്യപാളി ഒരുക്കിയിരിക്കുന്നത്.

ഇതിന്റെ അടുത്ത തലമുറയ്ക്ക് വളരെ വഴക്കമുള്ള അസ്ഥികളും ഉറച്ച ബയോണിക് പേശികളും മൃദുവായ ചര്‍മ്മവുമുണ്ടാവുമെന്നും മനുഷ്യര്‍ക്ക് സമാനമായ ഉയരവും അനുപാതവും ഉണ്ടാകുമെന്നും ഷ്യാവോപെങ് അദ്ദേഹം പറഞ്ഞു. 'ഭാവിയില്‍, റോബോട്ടുകള്‍ ജീവിത പങ്കാളികളും സഹപ്രവര്‍ത്തകരും ആയിരിക്കും. നിങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ നിറങ്ങള്‍, ബാഹ്യഭാഗം, ഇന്റീരിയര്‍ എന്നിവയെല്ലാം പരിഗണിക്കുന്നത് പോലെ ഭാവിയില്‍ ഇഷ്ടമുള്ള ലിംഗഭേദം, മുടിയുടെ നീളം, വസ്ത്രം പോലുള്ളവ നോക്കി നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് റോബോട്ടിനെ തിരഞ്ഞെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തിയേറിയ ചിപ്പുകള്‍

പ്രത്യേക എഐ ചിപ്പുകളാണ് അയേണില്‍ ഉപയോഗിച്ചിട്ടുള്ളത്. സെക്കന്റില്‍ 2250 ട്രില്യണ്‍ ഓപ്പറേഷന്‍ പെര്‍ സെക്കന്റ് (TOPS) കംപ്യൂട്ടിങ് ശേഷിയുള്ളവയാണിത്. അതായത് ഇതുവരെ നിര്‍മിച്ചതില്‍ ശക്തമായ റോബോട്ടുകളിലൊന്നാണ് എക്‌സ്‌പെങ് അവതരിപ്പിച്ചിരിക്കുന്നത്. ചില ശക്തിയേറിയ ലാപ്‌ടോപ്പുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഇന്റല്‍ കോര്‍ അള്‍ട്ര 200വി സീരീസ് പ്രൊസസറിന്റെ കംപ്യൂട്ടിങ് ശേഷി 120 ടോപ്‌സ് മാത്രമാണുള്ളത്.

സുരക്ഷിതത്വം

എക്‌സ്‌പെങ്ങിന്റെ അഭിപ്രായത്തില്‍, പൂര്‍ണമായും സോളിഡ്-സ്റ്റേറ്റ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് കൂടിയാണ് അയേണ്‍. പരമ്പരാഗത ലിഥിയം-അയണ്‍ ബാറ്ററികളിലെ തീപിടിക്കുന്ന ദ്രാവകങ്ങള്‍ക്ക് പകരം സെറാമിക്‌സ് അല്ലെങ്കില്‍ പോളിമറുകളാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളില്‍ ഉപയോഗിക്കുന്നത്. ഇത് കെട്ടിടങ്ങളുടെ അകത്തളങ്ങളില്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് ഒരുക്കിയ ഈ റോബോട്ടിനെ സുരക്ഷിതമാക്കുന്നു.

ഉപയോഗമെന്ത്?

വലിയ തോതില്‍ ഇത്തരം റോബോട്ടുകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. തല്‍ക്കാലത്തേക്ക് വീട്ടുജോലികള്‍ക്കായി ഈ റോബോട്ടിനെ ഒരുക്കില്ല. കാരണം വൃത്തിഹീനവും പ്രവചിക്കാനാകാത്തതുമായ വീടുകളിലെ സാഹചര്യങ്ങളില്‍ ഈ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് പലവിധ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുമെന്ന് കമ്പനി കരുതുന്നു. അതിനാല്‍ സ്റ്റോറുകള്‍, ഓഫീസുകള്‍, കമ്പനി ഷോറൂമുകള്‍ പോലുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയാകും ഇത് അവതരിപ്പിക്കുക. ആദ് മോഡലുകള്‍ 2026 ല്‍ തന്നെ വില്‍പനയ്‌ക്കെത്തിയേക്കും.

Content Highlights: Discover XPeng`s new IRON humanoid robot, featuring human-like walking, advanced AI, and a flexible body. See its impressive capabilities and future potential.