ഓര്‍മയില്ലേ ആ വിന്‍ഡോസ് വാള്‍പേപ്പര്‍?; ഗൃഹാതുരതയുണര്‍ത്തുന്ന ആ പുല്‍മേട് ഇപ്പോൾ ഇങ്ങനെയാണ്..

രണ്ടായിരത്തിന്റെ തുടക്കത്തില്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചിരുന്നവരുടെ മനസില്‍ പതിഞ്ഞ ഒരു ചിത്രമുണ്ട്. തിളങ്ങുന്ന നീലാകാശത്തിന് താഴെ, മൃദുവായ വെളുത്ത മേഘങ്ങള്‍ നിറഞ്ഞ ശാന്തമായ, മനോഹരമായ പുല്‍മേട്. കമ്പ്യൂട്ടിങ്ങിന്റെ ഒരു യുഗത്തെതന്നെ നിര്‍വചിച്ച മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് എക്‌സ്പിയുടെ ഡിഫോള്‍ട്ട് വാള്‍പേപ്പറായിരുന്നു 'ബ്ലിസ്' എന്ന പേരിലുള്ള ഈ ഐക്കോണിക്ക് ഫോട്ടോ.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി പിന്‍വലിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പലര്‍ക്കും ഇപ്പോഴും ഈ ചിത്രം ഒരു നൊസ്റ്റാള്‍ജിയാണ്. ഈ ചിത്രം ഉണ്ടാക്കിയെടുത്തതാണോ, അതോ ഇങ്ങനെയൊരു പുല്‍മേട് ശരിക്കും ഉണ്ടോ?
ദിവസങ്ങള്‍ക്കു മുമ്പ് 'ഇന്‍സൈഡ് ഹിസ്റ്ററി' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഈ പ്രശസ്ത വാള്‍പേപ്പറിന്റെ ചിത്രമാണ് ഇപ്പോള്‍ ഇത് ചര്‍ച്ചയാകാന്‍ കാരണം. ഈ ചിത്രത്തിലുള്ള പ്രദേശം ശരിക്കും ഉള്ളതാണെന്നും ഈ ഫോട്ടോ പകര്‍ത്തിയത് ആരെന്നും ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും ഇവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു.
'ബ്ലിസി'ന്റെ ജനനം ഇങ്ങനെ
1996-ല്‍ നാഷണല്‍ ജിയോഗ്രാഫിക്കില്‍ ജോലിചെയ്തിരുന്ന ഫോട്ടോഗ്രാഫറായ ചാള്‍സ് ഒ'റിയര്‍ ആണ് ഈ പ്രശസ്തമായ ഫോട്ടോ പകര്‍ത്തിയത്. കാലിഫോര്‍ണിയയിലെ സോനോമ കൗണ്ടിയിലൂടെ വാഹനമോടിച്ച് പോകുമ്പോഴാണ് ഓ'റിയര്‍ ഹൈവേ 12-ലെ ഈ പുല്‍മേട് ശ്രദ്ധിക്കുന്നത്. അടുത്തിടെ പെയ്ത മഴ ആ കുന്നുകളെ പച്ചപ്പിന്‍റെ പറുദീസയാക്കി മാറ്റിയിരുന്നു. ആ രംഗം തന്റെ ക്യാമറയില്‍ പകര്‍ത്താതിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ആ സമയത്ത്, മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള 'കോര്‍ബിസ്' എന്ന ഡിജിറ്റല്‍ ലൈസന്‍സിങ് സേവനം ഉപയോഗിച്ചിരുന്ന ചുരുക്കം ചില ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്നു ഓ'റിയര്‍. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ട മൈക്രോസോഫ്റ്റ്, അതിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ട് ഓ'റിയറില്‍ നിന്ന് ഈ ചിത്രം വാങ്ങുകയായിരുന്നു. പില്‍ക്കാലത്ത് ലോക ചരിത്രത്തില്‍തന്നെ ഏറ്റവുംകൂടുതല്‍ ആളുകള്‍ കണ്ട ഫോട്ടോഗ്രാഫുകളില്‍ ഒന്നായി ബ്ലിസ് മാറുകയും ചെയ്തു. യാതൊരു എഡിറ്റിങ്ങും നടത്താതെയാണ് മൈക്രോസോഫ്റ്റ് ഇത് എക്‌സ്പിയുടെ വാള്‍പേപ്പറാക്കിമാറ്റിയത്.
ഈ പ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ഇവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്. 2025-ലേക്കെത്തുമ്പോള്‍ വലിയ മാറ്റത്തിനു തന്നെ ഈ പുല്‍മേട് വിധേയമായിട്ടുണ്ട്. കുന്ന് അതേപോലെ നിലനില്‍ക്കുന്നുണ്ടെങ്കിലും പച്ചപ്പു നിറഞ്ഞ പുല്ലുകള്‍ ഉണങ്ങിയിരിക്കുന്നു. തിളങ്ങി നിന്നിരുന്ന നീലാകാശത്തിന് ആ തിളക്കം നഷ്ടമായിരിക്കുന്നു. ഈ പ്രദേശത്ത് ഇപ്പോള്‍ കൂടുതല്‍ മരങ്ങളും മറ്റ് സസ്യജാലങ്ങളും ഉണ്ട്. ആ പുല്‍മേട് ആകെ മാറിപ്പോയിരിക്കുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ ചിത്രങ്ങള്‍ നിരവധി പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. പലരും തങ്ങളുടെ ആദ്യകാല കമ്പ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ പങ്കുവെച്ചിട്ടുമുണ്ട്.
Content Highlights: Discover the untold story behind Bliss, the iconic Windows XP wallpaper. Learn its origins, photogr