കംപ്യൂട്ടറിൽ വാട്സാപ്പ് വെബ് ലോഗിൻ ചെയ്തുവെക്കാറുണ്ടോ? അക്കൗണ്ട് തട്ടിയെടുക്കാൻ സാധ്യതയെന്ന് കേന്ദ്ര ഏജൻസി

#ടെക്നോളജി ഡെസ്ക്
Whatsapp Icon | Photo: AI Generated Image
Whatsapp Icon | Photo: AI Generated Image

കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സാപ്പ് വെബ് (WhatsApp Web) ലോഗിൻ ചെയ്തശേഷം ലോഗ് ഔട്ട് ചെയ്യാതെ പോകുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ വിഭാഗം. വാട്സാപ്പ് വെബ് സെഷനുകൾ ആക്ടീവ് ആണെങ്കിൽ അവ ദുരുപയോഗം ചെയ്ത് സൈബർ കുറ്റവാളികൾക്ക് സ്വകാര്യ സംഭാഷണങ്ങൾ വായിക്കാനും അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ദേശീയ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് മുന്നറിയിപ്പ് നൽകി.

വാട്സാപ്പ് വെബിൽ ലോഗിൻ ചെയ്ത അക്കൗണ്ടിന്റെ സെഷൻ സജീവമായി തുടരുകയാണെങ്കിൽ സന്ദേശങ്ങൾ, കോൺടാക്ടുകൾ, ഗ്രൂപ്പ് സംഭാഷണങ്ങൾ എന്നിവ അനധികൃതമായി മറ്റുള്ളവർക്ക് ലഭിക്കാം. അക്കൗണ്ട് ഉടമയെന്ന വ്യാജേന സന്ദേശങ്ങൾ അയച്ച് തട്ടിപ്പുകൾ നടത്താനും ഫിഷിങ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്കായി വ്യക്തിയുടെ വിശ്വസ്തത ദുരുപയോഗം ചെയ്യാനും കുറ്റവാളികൾക്ക് സാധിക്കുമെന്ന് ഏജൻസി വ്യക്തമാക്കി.

ബ്രൗസർ വിൻഡോയോ ടാബോ അടച്ചതുകൊണ്ട് മാത്രം വാട്സാപ്പ് വെബിലെ ലോഗിൻ സെഷൻ അവസാനിക്കില്ലെന്നതാണ് പ്രധാന മുന്നറിയിപ്പ്. ഓരോ തവണയും ഉപയോഗം കഴിഞ്ഞാൽ അക്കൗണ്ടിൽനിന്ന് നേരിട്ട് ലോഗ് ഔട്ട് ചെയ്യണം. ഓഫീസ് കംപ്യൂട്ടറുകൾ, പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ, മറ്റുള്ളവർക്ക് പ്രവേശനം ലഭിക്കാവുന്ന ഉപകരണങ്ങൾ എന്നിവയിൽ വാട്സാപ്പ് വെബ് ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്.

കംപ്യൂട്ടറുകൾ വഴിയുള്ള വാട്സാപ്പ് വെബ് സെഷനുകളിൽ സർക്കാർ, സ്ഥാപനങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടതോ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങൾ കൈമാറുന്നത് പരമാവധി ഒഴിവാക്കണം. സൈബർ കഫേകൾ പോലുള്ള പൊതുവിടങ്ങളിലും മറ്റുള്ളവരുടെ കംപ്യൂട്ടറുകളിലും മറ്റും വാട്സാപ്പ് വെബ് ലോഗിൻ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കംപ്യൂട്ടറിൽ വാട്സാപ്പ് വെബ് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കാനാണ് നിർദേശം. എന്നാൽ, ഉപയോഗശേഷം അക്കൗണ്ടിൽനിന്ന് നേരിട്ട് ലോഗ് ഔട്ട് ചെയ്യുന്നതും പ്രധാനമാണ്.

അക്കൗണ്ടിൽനിന്ന് അപ്രതീക്ഷിതമായി സന്ദേശങ്ങൾ അയയ്ക്കപ്പെടുക, കോൺടാക്ടുകളിലുള്ളവർക്ക് അസാധാരണമായ മറുപടികൾ ലഭിക്കുക, വിശദീകരിക്കാനാകാത്ത മറ്റ് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെടുക തുടങ്ങിയവ അനധികൃതമായി അക്കൗണ്ടിൽ അജ്ഞാതർ പ്രവേശിച്ചതിന്റെ സൂചനകളാകാമെന്ന് ഏജൻസി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ടിന്റെ സുരക്ഷ പരിശോധിക്കണം.

കൂടാതെ ഉപകരണങ്ങൾ, ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ, ബ്രൗസറുകൾ, സുരക്ഷാ സോഫ്റ്റ്‌വെയറുകൾ എന്നിവ സമയബദ്ധമായി അപ്‌ഡേറ്റ് ചെയ്യണം. സംശയാസ്പദമായ ഡൗൺലോഡുകൾ, അപരിചിതമായ ഫയലുകൾ, ക്രാക്ക് ചെയ്ത സോഫ്റ്റ്‌വെയറുകൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Content Highlights: The Indian Cyber Crime Coordination Centre (I4C) under the Union Home Ministry has warned users against leaving WhatsApp Web sessions logged in on computers and laptops, noting that active sessions can be exploited to read private chats and hijack accounts.